താജ്ഹലിന്റെ സംരക്ഷണത്തിന് നടപടി സ്വീകരിക്കാൻ വിമുഖത കാട്ടുന്ന കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനുമെതിരെ സുപ്രീംകോടതി. താജ്മഹൽ സംരക്ഷിക്കാനാകില്ലെങ്കിൽ പൊളിച്ചു കളയൂ എന്ന് കോടതി പറഞ്ഞു.
താജ്മഹലിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിൽ ഇരുസർക്കാരുകളും പരാജയമാണെന്ന് സുപ്രീംകോടതി വിമര്‍ശനമുന്നയിച്ചു.
പരിസ്ഥിതി പ്രവർത്തകൻ എംസി മെഹ്ത സമർപ്പിച്ച ഹരജിയിന്മേൽ വാദം കേൾക്കവെയാണ് ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബഞ്ച് വിമർശനമുന്നയിച്ചത്. സംരക്ഷണച്ചുമതലയുള്ള ആർക്കിയോളജി വിഭാഗത്തെയും കോടതി വിമർശിച്ചു. മൂന്നു കൂട്ടരുടെയും ഉദാസീനത എത്ര വലിയ നഷ്ടമാണ് രാജ്യത്തിനുണ്ടാക്കുന്നതെന്ന് തിരിച്ചറിയുന്നുണ്ടോയെന്ന് ലോകൂർ ചോദിച്ചു. ഈഫൽ ടവറിനെക്കാൾ സുന്ദരമായ നിർമിതിയാണ് താജ് മഹലെന്നും അദ്ദേഹം പറഞ്ഞു.
താജ്മഹലിന്റെ സംരക്ഷണത്തിന് വിശദമായ രൂപരേഖ സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബിജെപി സർക്കാരുകൾ ഇതുവരെ നടപടിയെടുക്കുകയുണ്ടായില്ല. താജ്മഹലിന്റെ കവാടങ്ങളിലൊന്ന് ഹിന്ദുത്വ തീവ്രവാദികൾ തകർക്കുന്ന അവസ്ഥ വരെയുണ്ടായി ഈയിടെ.