TopTop
Begin typing your search above and press return to search.

തിരഞ്ഞെടുപ്പ് തീയതി പറയാതെ കമ്മീഷന്‍ ഉരുണ്ടുകളിക്കുമ്പോള്‍ ഗുജറാത്തില്‍ പണമൊഴുക്കി ബിജെപി 'വെള്ളപ്പൊക്ക'മുണ്ടാക്കുന്നു

തിരഞ്ഞെടുപ്പ് തീയതി പറയാതെ കമ്മീഷന്‍ ഉരുണ്ടുകളിക്കുമ്പോള്‍ ഗുജറാത്തില്‍ പണമൊഴുക്കി ബിജെപി
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ സംസ്ഥാനത്ത് ബിജെപി വന്‍തോതില്‍ പണമൊഴുക്കുന്നു. പെരുമാറ്റച്ചട്ടം നിലവില്‍ വരാത്തത് മുതലെടുത്ത് വലിയ തോതില്‍ വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളുമായി രംഗത്തെത്തുകയാണ് ബിജെപി സര്‍ക്കാര്‍ എന്ന് ദ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാറ്റി വച്ചിരിക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഏന്നാല്‍ വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ച രണ്ട് ജില്ലകളായ ബനസ്‌കന്ദയിലും പത്താനിലും ദുരിതാശ്വാസ പരിപാടികള്‍ പൂര്‍ത്തിയായിട്ടുണ്ട് എന്നതാണ് വസ്തുത. ഇപ്പോള്‍ ബിജെപി നേതാക്കള്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഓടിനടക്കുകയാണ്. ക്ഷേമ പദ്ധതികളും പണവും നിറച്ച് ഒഴിച്ച് ബിജെപി സൃഷ്ടിക്കുന്ന പുതിയ 'വെള്ളപ്പോക്ക'ത്തെക്കുറിച്ചാണ് ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നത്.

പത്താന്‍ ജില്ലയില്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ 100 ശതമാനവും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ആനന്ദ് പട്ടേല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഭൂരിഭാഗം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായും കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള 300 കോടി രൂപയുടെ നഷ്ടപരിഹാരത്തിന്റെ വിതരണം മാത്രമാണ് ബാക്കിയുള്ളതെന്നും ബനസ്‌കന്ദ ജില്ലാ കളക്ടര്‍ ദീലിപ് റാണ പറഞ്ഞു. എന്നാല്‍ പണം കര്‍ഷകര്‍ക്ക് നേരിട്ട് കൊടുക്കേണ്ട കാര്യമില്ല്. ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത് ദിവാലിക്ക് മുമ്പ് തന്നെ രണ്ട്് ദിവസം കൊണ്ട് കൊടുക്കും. ഒമ്പത് നിയമസഭാ മണ്ഡലങ്ങളുള്ള ബനസ്‌കന്ദകോണ്‍ഗ്രസിന്റെ ശക്തമായ സ്വാധീന മേഖലയാണ്. ആറെണ്ണത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്നെണ്ണത്തില്‍ ബിജെപി എംഎല്‍എമാരുമാണുള്ളത്. ബിജെപിയുടെ മൂന്ന് എംഎല്‍എമാരില്‍ രണ്ട് പേര്‍ മന്ത്രിമാരാണ് - ആരോഗ്യമന്ത്രി ശങ്കര്‍ ചൗധരിയും പിന്നോക്കക്ഷേമ വകുപ്പ് സഹമന്ത്രി കേഷാജി ചൗഹാനും. ഒബിസി വിഭാഗങ്ങള്‍ ഇവിടെ നിര്‍ണായക ശക്തിയാണ്.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരാത്തത്തിന്റെ സൗകര്യം ഉപയോഗിച്ച് ബിജെപിയുടെ പ്രാദേശിക, സംസ്ഥാന നേതാക്കള്‍ ജില്ലയിലുടനീളം വാഗ്ദാന പെരുമഴകളുമായി പരിപാടികള്‍ നടത്തുന്ന തിരക്കിലാണ്. മോറിയ ഗ്രാമത്തില്‍ ഒരു മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടിരിക്കുന്നു. ദീസയില്‍ ഒരു ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു. ശങ്കര്‍ ചൗധരിയും കേഷാജി ചൗഹാനും ചേര്‍ന്ന് സംഘടിപ്പിച്ച ഗരീബ് കല്യാണ്‍ മേളയില്‍ 65 പേര്‍ക്ക് പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരം വീട് അനുവദിച്ചിരിക്കുന്നു. 2,121 വീടുകള്‍ മറ്റൊരിടത്ത് ഇതേ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. ഗ്യാസ് സ്റ്റൗവുകളും സിലിണ്ടറുകളും, തുന്നല്‍ മെഷിനുകള്‍ സൈക്കിളുകള്‍, പാല്‍പാത്രങ്ങള്‍, അടുക്കള സാധനങ്ങള്‍ അടക്കമുള്ള ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ബിജെപി വലിയ തോതില്‍ വിതരണം ചെയ്യുന്നു. വീട് നിര്‍മ്മിക്കാന്‍ ധനസഹായമായി 1.2 ലക്ഷം രൂപ വീതം കുടുംബങ്ങള്‍ക്ക് നല്‍കുന്നു. 30,000 രൂപ ഇതിനകം തന്നെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിച്ചതായി ശങ്കര്‍ ചൗധരി പറയുന്നു. കഴിഞ്ഞ 60-70 കൊല്ലമായി നിങ്ങള്‍ക്ക് കിട്ടാത്തതെല്ലാം ഇതാ ഞങ്ങള്‍ തന്നിരിക്കുന്നു എന്നാണ് ചൗധരി അടക്കമുള്ള ബിജെപി നേതാക്കള്‍ ജനങ്ങളോട് പറയുന്നത്.

1500 കോടി രൂപയുടെ മൊത്തം ദുരിതാശ്വാസ പാക്കേജില്‍ 300 കോടി രൂപയാണ് ബനസ്‌കന്ദ ജില്ലക്ക് അനുവദിച്ചിരിക്കുന്നത്. ഇത് ഇതുവരെ കൊടുത്തിട്ടില്ല. എന്നാല്‍ വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ച നാഗ്ല ഗ്രാമത്തിലും തരദ് താലൂക്കിലും 200ലധികം ഡി വാട്ടറിംഗ് പമ്പുകള്‍ വിതരണം ചെയ്തു. വെള്ളം വറ്റിക്കാനാണിത്. രാജ്യസഭാ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിത്തത്തില്‍ നിന്ന് രക്ഷിക്കാന്‍ ബംഗളൂരുവിലെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയ സമയത്ത് മുഖ്യമന്ത്രി വിജയ് രുപാണി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ അഞ്ച് ദിവസത്തോളം ക്യാമ്പ് ചെയ്തിരുന്നു.ബിജെപി ഭരിക്കുന്ന വഡോദ്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന മെഗാമേളയില്‍ 780 കോടി രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി വിജയ് രുപാണി പ്രഖ്യാപിക്കുന്നത്. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇതിന് അംഗീകാരം നല്‍കിയിരുന്നു. വഡോദ്രയില്‍ ഈയാഴ്ച ഇതുവരെ 59 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നു. റോഡ് വികസന പദ്ധതികള്‍ക്ക് മാത്രം 47.5 കോടി രൂപ അനുവദിച്ചു. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നതും ബിജെപി തന്നെ. വെറും പത്ത് മിനുട്ടിനുള്ളിലാണ് 530 കോടി രൂപയുടെ പദ്ധതിക്ക് എഎംസി സ്റ്റാന്റിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയത്.

മഹി നദിയില്‍ നിന്ന് വഡോദ്ര നഗരത്തിലേയ്ക്ക് ജലമെത്തിക്കാനുള്ള 165.75 കോടി രൂപയുടെ പദ്ധതി വരുന്നു. സുര്‍സാഗര്‍ തടാകത്തിന്റെ സൗന്ദര്യവത്കരണത്തിന് വേണ്ടി 38 കോടി രൂപ വകയിരുത്തിയിരിക്കുന്നു. കാലഖോഡ പാലത്തിന്റെ വീതി കൂട്ടല്‍, വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്നുള്ള കേസ് കോടതിയില്‍ ഒത്തുതീര്‍ക്കുന്നതിന് 15 ലക്ഷം രൂപ തുടങ്ങിയവയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. മാനവ് ഗരിമ യോജന ഏന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി 3262 പേര്‍ക്ക് ചെക്കുകളും പണവും അടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തിരിക്കുന്നു.

Next Story

Related Stories