TopTop
Begin typing your search above and press return to search.

മോദിയെ തളയ്ക്കാന്‍ വരാണസിയില്‍ പ്രിയങ്ക ഗാന്ധി സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി?

മോദിയെ തളയ്ക്കാന്‍ വരാണസിയില്‍ പ്രിയങ്ക ഗാന്ധി സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി?
വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമങ്കം കുറിക്കുകയാണ്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണ അദ്ദേഹം ഗുജറാത്തിലും യുപിയിലും മത്സരിക്കുന്നില്ല. അത്രയേറെ ആത്മവിശ്വാസത്തിലാണ് മോദിയും ബിജെപിയും ഈ തെരഞ്ഞെടുപ്പിനെ കാണുന്നത് എന്നു വ്യക്തം. എന്നാല്‍ ഈ പറയുന്നത് പോലെ അത്ര എളുപ്പമായിരിക്കുമോ വരാണസിയില്‍ ഇത്തവണ മോദിയുടെ പോരാട്ടം?

രണ്ടു സാധ്യതകളാണ് ഇവിടെ പരിശോധിക്കേണ്ടത്. 1. പ്രതിപക്ഷം ഒരു സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന അവസ്ഥ. 2. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ഥി വന്നാല്‍, അത് പ്രിയങ്ക ഗാന്ധിയായാല്‍?

യുപിയില്‍ പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍ഡി എന്നിവരുടെ മഹാഗഡ്ബന്ധന്‍ എന്ന വിശാല സഖ്യവും കോണ്‍ഗ്രസും തമ്മില്‍ ഇപ്പോഴും ചില അടിയൊഴുക്കുകള്‍ യുപിയില്‍ നടക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ തങ്ങള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് സഖ്യം പ്രഖ്യാപിച്ചതും. ഇപ്പോഴും കോണ്‍ഗ്രസും വിശാല സഖ്യവും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്ത മണ്ഡലമാണ് വരാണസി. ഏഴു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും ഒടുവിലാണ് വരാണസി വരുന്നത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം മോദിക്കെതിരെ ഒരു സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം ആലോചിക്കുമോ എന്നതാണ് ശ്രദ്ധേയമായ കാര്യം. നേരത്തെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ബിജെപി എജന്റ്റ് ആയി ദളിത്‌ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നു എന്ന ബിഎസ്പി നേതാവ് മായാവതിയുടെ വിമര്‍ശനം വന്നതോടെ ആസാദ് മത്സരത്തില്‍ നിന്ന് പിന്‍വാങ്ങി. ഇനി എന്ത് എന്നതാണ് അടുത്ത ചോദ്യം.

വരാണസിയില്‍ മോദിക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍? രാജ്യം മുഴുവന്‍ കാതോര്‍ക്കുന്ന ഒരു കാര്യമാണിത്. പ്രിയങ്ക സ്ഥാനാര്‍ഥിയായി വന്നാല്‍ എസ്പി, ബിഎസ്പി, ആര്‍എല്‍ഡി സഖ്യം സ്ഥാനാര്‍ഥികളെ നിര്‍ത്താതെ കോണ്‍ഗ്രസിന് പിന്തുണ കൊടുക്കാനാണ് സാധ്യത. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.

പല നിലയ്ക്കും രാജ്യത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന മണ്ഡലമാണ് വരാണസി. അതുകൊണ്ടു തന്നെ 2019-ല്‍ വരാണസിയില്‍ എന്തായിരിക്കും നടക്കുക എന്നത് ശ്രദ്ധേയമായിരിക്കും. കാരണം, ഏറെ നിരാശകളും അതിലേറെ ദേശീയ, യുദ്ധവികാരങ്ങളും ഉണ്ടാക്കിയ, സാമ്പത്തികാവസ്ഥ അങ്ങേയറ്റം മോശമാക്കിയ, രാജ്യം വിവിധ രീതിയില്‍ ഭിന്നിപ്പിക്കപ്പെട്ട മോദിയുടെ അഞ്ചു വര്‍ഷത്തെ ഭരണത്തിനു ശേഷമാണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതുകൊണ്ട് പ്രത്യേകിച്ചും. ഇത്തവണ 2014-ല്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ ഒന്നും തന്നെ ബിജെപി പുറത്തെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വികസന കാര്യങ്ങളും, അഴിമതി വിരുദ്ധ പ്രചാരണവുമായിരുന്നു കഴിഞ്ഞ തവണ എങ്കില്‍ ഇത്തവണ, പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം അത് മാത്രമായി തെരഞ്ഞെടുപ്പ് പ്രചരണം ബിജെപി ചുരുക്കി എന്നും കാണാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുകള്‍ ഉണ്ടായിട്ടു പോലും പുല്‍വാമയും ബലാക്കോട്ടും ഒക്കെ നിരന്തരം ആവര്‍ത്തിച്ചാണ് മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ പ്രസംഗിക്കുന്നത്. മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നേരിട്ടു. അതിനു പിന്നാലെയാണ് ഭീകരാക്രമണ കേസിലെ പ്രതി സാധ്വി പ്രഗ്യാ സിംഗിനെ ഭോപ്പാലില്‍ നിന്ന് മത്സരിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനവും വാന്നത്. മുംബൈ ഭീകരാക്രമണത്തില്‍ ഭീകരരെ നേരിടുന്നതിനിടയില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ദ് കര്‍ക്കറെയെക്കുറിച്ച് പ്രഗ്യാ സിംഗ് വിവാദ പരാമര്‍ശം നടത്തിയെങ്കിലും അതിനെ അപലപിക്കാന്‍ പോലും ബിജെപി തയാറായില്ല, പകരം അത് അവരുടെ വ്യക്തിപരമായ അഭിപ്രായം എന്നാണ് പാര്‍ട്ടി പ്രതികരിച്ചത്. പിന്നാലെ, മോദി തന്നെ അവരെ സ്ഥാനാര്‍ഥിയാക്കിയതിനെ ന്യായീകരിച്ച് രംഗത്തു വരികയും ചെയ്തിരുന്നു. 5000 വര്‍ഷം പഴക്കമുള്ള സംസ്കാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് പ്രഗ്യയുടെ സ്ഥാനാര്‍ഥിത്വം എന്നും കോണ്‍ഗ്രസിന് ഇതു വലിയ തിരിച്ചടിയാവും എന്നുമായിരുന്നു മലേഗാവ് സ്ഫോടനത്തില്‍ യുഎപിഎ അടക്കം ചുമത്തപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ പ്രഗ്യയെ നിര്‍ത്തിയതിനെക്കുറിച്ചുള്ള മോദിയുടെ പ്രതികരണം. അതുകൊണ്ടു തന്നെ, ഇത്തവണ വരാണസിയിലും സമാനമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തന്നെയായിരിക്കും ബിജെപി തുടരുക എന്നതാണ് നിലവിലുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇനി മോദിക്കെതിരെ പ്രിയങ്ക പ്രതിപക്ഷ സ്ഥാനാര്‍ഥിയായി വന്നാല്‍ എന്തായിരിക്കും കാര്യങ്ങള്‍. അതിന് വരാണസിയുടെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കണം. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 3,71,784 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലാണ് മോദി ഇവിടെ വിജയിച്ചത്. ആകെ 5,81,022 വോട്ടുകള്‍ മോദി നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ അരവിന്ദ് കെജ്‌രിവാള്‍ നേടിയത് 2,09,238 വോട്ടുകളാണ്. കോണ്‍ഗ്രസിന്റെ അജയ് റായി 75,614 വോട്ടുകളും നേടി. ബി.എസ്.പി സ്ഥാനാര്‍ത്ഥി 60,000 വോട്ടുകള്‍ നേടിയപ്പോള്‍ എസ്.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 45,000 വോട്ടുകളാണ്. രാജ്യം മുഴുവന്‍ മോദി തരംഗം നിറഞ്ഞു നിന്ന ആ തെരഞ്ഞെടുപ്പില്‍ 10 ലക്ഷത്തിലധികം വോട്ടര്‍മാരാണ് അന്ന് വരാണസി മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലെത്തിയത്. ഒരിക്കലും ഒരു പാര്‍ട്ടിയോടും സ്ഥിരമായി കൂറു കാണിക്കാത്ത മണ്ഡലമായ വരാണസിയില്‍ ഇത് അസാധാരണമായിരുന്നു.

2009-ല്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചു വന്നപ്പോള്‍ വരാണസിയില്‍ വിജയിച്ചത് മുതിര്‍ന്ന ബിജെപി നേതാവായ മുരളി മനോഹര്‍ ജോഷിയാണ്. പക്ഷേ അദ്ദേഹത്തിന്റെ ഭൂരിപക്ഷം വെറും 17,000 മാത്രമായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ടിക്കറ്റില്‍ മത്സരിച്ച ‘ഗുണ്ട’ മുക്താര്‍ അന്‍സാരി 1,85,000 വോട്ടുകള്‍ നേടിയപ്പോള്‍ എസ്.പി സ്ഥാനാര്‍ത്ഥി 1,20,000 വോട്ടുകളും നേടി. എന്നാല്‍ ഇവിടെ എസ്.പി – ബി.എസ്.പി പൊതുവായ സ്ഥാനാര്‍ത്ഥിയായിരുന്നു മത്സരിച്ചിരുന്നത് എങ്കില്‍ ജോഷി നാണംകെട്ട പരാജയം ഏറ്റുവാങ്ങുമായിരുന്നു.

2004-ല്‍ എ.ബി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന മുദ്രാവാക്യവുമായി ഇറങ്ങിയിട്ടും അന്ന് വരാണസിയിലെ സിറ്റിംഗ് എം.പിയായിരുന്ന ബിജെപിയുടെ ശങ്കര്‍ പ്രസാദ് ജയ്‌സ്വാള്‍ അവിടെ പരാജയപ്പെട്ടു. മൂന്നു തവണ അദ്ദേഹം പ്രതിനിധീകരിച്ച മണ്ഡലമായിരുന്നു വരാണസി. 57,000 വോട്ടുകള്‍ക്കാണ് അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന രാജേഷ് കുമാര്‍ മിശ്ര അവിടെ വിജയിച്ചത്.

1989-ല്‍ വി.പി സിംഗ് തരംഗം ഉത്തരേന്ത്യയാകെ ആഞ്ഞടിക്കുന്ന സമയം, വരാണസി അന്ന് നിന്നത് ജനതാദള്‍ സ്ഥാനാര്‍ത്ഥി അനില്‍ ശാസ്ത്രിക്കൊപ്പമായിരുന്നു. 1,71,000 ആയിരുന്നു ഭൂരിപക്ഷം.

അതായത്, വരാണസിക്ക് അങ്ങനെ ആരോടും സ്ഥിരമായ പ്രതിപത്തി ഇല്ല എന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ രണ്ടാം തവണ ഇവിടെ അങ്കത്തിനിങ്ങുന്ന പ്രധാനമന്ത്രി മോദിക്ക് അത്രയെളുപ്പം വിജയിച്ചു കയറാന്‍ സാധിച്ചേക്കില്ല എന്നാണ് സാരം. വരാണസി കൂടി ഉള്‍പ്പെടുന്ന ഈസ്‌റ്റേണ്‍ യു.പിയുടെ ചുമതലയുള്ള പ്രിയങ്ക ഇതിനകം തന്നെ ഗംഗാ തീരങ്ങളിലൂടെയുള്ള തന്റെ പ്രചരണം ശക്തമായി തന്നെ തുടങ്ങിയിരുന്നു. ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത, എന്നാല്‍ അസാധാരണ വ്യക്തിപ്രഭാവമുള്ള ഒരു നേതാവാണ് പ്രിയങ്ക ഗാന്ധി, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകളില്‍. എന്തായിരിക്കും പ്രിയങ്ക ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ പോകുന്ന സ്വാധീനമെന്ന് നമുക്ക് ഇപ്പോള്‍ പ്രവചിക്കുക സാധ്യമല്ല. പക്ഷേ, ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ പറ്റുന്നത് മോദി വിരുദ്ധ പ്രചരണത്തിന് അത് ആക്കം കൂട്ടുമെന്നതില്‍ സംശയമില്ല എന്നതാണ്.

പ്രധാനമന്ത്രി പ്രതിനിധീകരിക്കുന്ന മണ്ഡലമാണെങ്കിലും വരാണസിയിലെ കാര്യങ്ങള്‍ അത്ര ശുഭകരമല്ല എന്നാണ് പുറത്തു വരുന്ന മിക്ക റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അതില്‍ പ്രധാനം മേഖലയിലെ സാമ്പത്തിക തകര്‍ച്ച തന്നെയാണ്. ജി.എസ്.ടിയും നോട്ട് നിരോധനവും ഉണ്ടാക്കിയ തകര്‍ച്ചയില്‍ നിന്ന് അവിടുത്തെ വ്യാപാരി സമൂഹം ഇതുവരെ കരകയറിയിട്ടില്ല. അസാധാരണമായ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് സാധാരണക്കാര്‍ നേരിടുന്നത്. തൊഴിലില്ലായ്മ അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്നു. പക്ഷേ, ഇതിനൊപ്പം, വളരെ ശ്രദ്ധാപൂര്‍വം ബിജെപി വളര്‍ത്തിക്കൊണ്ടു വരുന്ന ദേശതാത്പര്യ വികാരവും മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്.

15 ലക്ഷത്തിലധികം വോട്ടര്‍മാരാണ് വരാണസി മണ്ഡലത്തിലുള്ളത്. അഞ്ച് അസംബ്ലി മണ്ഡലങ്ങളുള്ള ഇവിടെ മൂന്ന് എണ്ണം അര്‍ബന്‍ സീറ്റുകളും രണ്ടെണ്ണം റൂറല്‍ സീറ്റുകളുമാണ്. മുസ്ലീം സമുദായമാണ് ഇവിടുത്തെ ഏറ്റവും വലിയ ബ്ലോക്ക്- മൂന്ന് ലക്ഷത്തിലധികം വോട്ടര്‍മാര്‍. ബ്രാഹ്മണര്‍- 2.5 ലക്ഷം, പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്ന കുര്‍മി എന്ന ഒബിസി വിഭാഗം- 1.5 ലക്ഷം, യാദവര്‍- 1.5 ലക്ഷം, കായസ്തര്‍-65,000, വൈശ്യര്‍- 2 ലക്ഷം, ചൌരസ്യ- 80,000, ഭൂമിഹാര്‍- 1.5 ലക്ഷം, ദളിതര്‍- 80,000 ഇങ്ങനെയാണ് വരാണസിയിലെ വോട്ടര്‍മാരുടെ സമുദായ കണക്ക്. ഇതില്‍ മുന്നോക്ക ജാതിക്കാരായ ബ്രാഹ്മണര്‍, കായസ്തര്‍, വൈശ്യര്‍ എന്നിവരുടെയും ഭൂമിഹാറുകളുടെയും പിന്തുണ മോദിക്ക് ഉറപ്പിച്ചാല്‍ അത് എട്ടു ലക്ഷത്തിലധികം വരും. അതേ സമയം ഇവിടെ പ്രിയങ്കയാണ് മത്സരിക്കുന്നത് എങ്കില്‍ ഈ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴുമെന്നുള്ളത് ഉറപ്പാണ്.

രാജ്യത്ത് ഏറ്റവുമധികം ജനങ്ങളെ ആകര്‍ഷിക്കുന്ന നേതാവാണ്‌ ഇന്ന് മോദി. ആളുകളെ ഇറക്കി മറിക്കുന്ന രീതിയില്‍ പ്രസംഗിക്കാനും അറിയാം. വരാണസി മോദി യാതൊരു അല്ലലും കൂടാതെ വിജയിക്കുമെന്നാണ് പ്രചരണം എങ്കിലും കഴിഞ്ഞ തവണ അവസാന നിമിഷം മാത്രം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച അരവിന്ദ് കെജ്രിവാള്‍ ഇവിടെ രണ്ടു ലക്ഷത്തിലധികം വോട്ടാണ് പിടിച്ചത് എന്നത് കാണാതിരുന്നു കൂടാ. കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി സ്ഥാനാര്‍ഥികള്‍ ഒരുമിച്ച് ഒന്നേമുക്കാല്‍ ലക്ഷം വോട്ടുകളും പിടിച്ചു. ഈ വോട്ടുകള്‍ ഒരുമിച്ചു വന്നാല്‍ മോദിയുടെ അഞ്ചേമുക്കാല്‍ ലക്ഷം വോട്ട് എന്നതും പ്രതിപക്ഷത്തിന്റെ വോട്ടും തമ്മിലുള്ള അന്തരം രണ്ടു ലക്ഷമായി കുറയും. നിലവിലെ ഭൂരിപക്ഷത്തില്‍ നിന്ന് ഒരു വോട്ട് കുറഞ്ഞാല്‍ പോലും മോദിക്ക് അത് നാണക്കേടാണ് എന്നിരിക്കെയാണ് ഈ സാഹചര്യം.

ഇനി, പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത് ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെയും ബാധിക്കും. പ്രിയങ്കയ്ക്ക് ഇപ്പോള്‍ തന്നെ ചുമതലയുള്ള ഈസ്റ്റേണ്‍ യുപിയുടെ ഭാഗമായുള്ള വരാണസിയില്‍ അവര്‍ നിരവധി തവണ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. പ്രയങ്ക വരാണസി കേന്ദ്രീകരിച്ച് ഈ മേഖലയില്‍ തമ്പടിക്കുകയും രാജ്യം മുഴുവനുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണത്തിനായി വരാണസിയിലേക്ക് ഒഴുകുകയും ചെയ്‌താല്‍ കൂടുതല്‍ പ്രചരണത്തിന് അവിടെ തങ്ങാന്‍ മോദിയും നിര്‍ബന്ധിതനാവും. ഈ ലോക്സഭ തെരഞ്ഞെടുപ്പ് മോദിയുടെ മാത്രം ബലത്തിലാണ് ബിജെപി നേരിടുന്നത് എന്നാതിനാല്‍ അത് മറ്റു സ്ഥലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളെയും ബാധിക്കും. മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഇന്ന് മോദിയേക്കാള്‍ താത്പര്യം പ്രിയങ്കയോടാണ്. പ്രിയങ്കയ്ക്ക് എത്രത്തോളം സജീവത ലഭിക്കുന്നോ അതനുസരിച്ച് തന്ത്രങ്ങള്‍ മാറ്റാന്‍ ബിജെപിയും നിര്‍ബന്ധിതമാവും. ചുരുക്കത്തില്‍ തങ്ങള്‍ വരാണസിയിലേക്ക് പൂര്‍ണ ശ്രദ്ധ കൊടുത്തു കഴിഞ്ഞാല്‍ മോദി ഉള്‍പ്പെടെ ഉള്ളവരെ അവിടെ തളച്ചിടാന്‍ കഴിയും എന്നാണ് കോണ്‍ഗ്രസ് ക്യാമ്പുകളിലെ ആലോചനകള്‍.

പ്രിയങ്കയുടെ വ്യക്തിപ്രഭാവവും സ്ത്രീകളെയും യുവാക്കളെയും ആകര്‍ഷിക്കാനുമുള്ള അവരുടെ കഴിവും കൂടിയാകുമ്പോള്‍ വരാണസിയില്‍ പോരാട്ടം പൊടിപാറും. വിജയസാധ്യത അപ്പോഴും മോദിക്ക് തന്നെയാണെങ്കിലും വരാണസിയുടെ ചരിത്രം അത്തരം ഉറപ്പുകളൊന്നും ആര്‍ക്കും നല്‍കുന്നില്ല എന്നും കാണാന്‍ കഴിയും.

മെയ് 19-നാണ് വരാണസി ഉള്‍പ്പെടെയുള്ള ഏഴാം ഘട്ട തെരഞ്ഞെടുപ്പ്. ഏപ്രില്‍ 29 ആണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. 26-നാണ് മോദി പത്രിക സമര്‍പ്പിക്കുന്നത്. അതിനു മുമ്പായി 25-ന് വമ്പന്‍ റോഡ്‌ ഷോ ആണ് വരാണാസിയില്‍ പദ്ധതിയിട്ടിരിക്കുന്നതും. ഇതിനായി ബിജെപി പ്രവര്‍ത്തകര്‍ കഴിഞ്ഞ ഒരാഴ്ചയായി വീടുകള്‍ കയറിയുള്ള പ്രചരണത്തിലാണ്. പ്രിയങ്ക ഗാന്ധിയും ഇതേ ദിവസങ്ങളില്‍ യുപിയില്‍ തന്നെയുണ്ട്. 24, 25, 26 തീയതികളില്‍ നിരവധി സ്ഥലങ്ങളില്‍ പ്രിയങ്ക റോഡ്‌ ഷോ നടത്തുന്നുണ്ട്. 26-ന് മോദി പത്രിക സമര്‍പ്പിക്കുകയും 27-ന് പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും 28-ന് റോഡ്‌ ഷോയും 29-ന് പത്രിക സമര്‍പ്പണവും നടത്താന്‍ തീരുമാനിച്ചാല്‍ രണ്ടാമതൊരു മണ്ഡലത്തില്‍ മോദി മത്സരിക്കുന്ന കാര്യത്തില്‍ ഒരുക്കങ്ങള്‍ നടത്താന്‍ പോലും ബിജെപിക്ക് കഴിയില്ല.

Next Story

Related Stories