UPDATES

വാര്‍ത്തകള്‍

കോണ്‍ഗ്രസ് പ്രകടന പത്രിക വെറും ഷോ എന്ന് മായാവതി, അഖിലേഷും മുലായവും ബിജെപി ഏജന്റുമാരെന്ന് ചന്ദ്രശേഖര്‍ ആസാദ്

വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുന്ന കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും മായാവതി ട്വീറ്റ് ചെയ്തു.

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടനപത്രിക വെറും ഷോയും വ്യാമോഹവുമാണ് എന്ന് ബി എസ് പി അധ്യക്ഷ മായാവതി. കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ക്ക് വിശ്വാസ്യതയില്ല. കോണ്‍ഗ്രസിന്റെ ഭൂതകാലമാണ് ഇതിന് കാരണം എന്നാണ് മായവതി പറയുന്നത്. വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുന്ന കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും മായാവതി ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക മുന്‍ വാഗ്ദാനങ്ങള്‍ പോലെ തന്നെ വെറും ഷോ ഓഫും തട്ടിപ്പുമാണ്. വാഗ്ദാനങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിനാല്‍ കോണ്‍ഗ്രസിന് ജനങ്ങള്‍ക്കിടയില്‍ യാതൊരു വിശ്വാസ്യതയുമില്ല – മായാവതി അഭിപ്രായപ്പെട്ടു.

യുപിയില്‍ ബി എസ് പി – എസ് പി – ആര്‍എല്‍ഡി സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. അതേസമയം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മത്സരിക്കുന്ന റായ്ബറേലിയിലും അമേഠിയിലും സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. തിരിച്ച എസ് പിയുടേയും ബി എസ് പിയുടേയും ആര്‍എല്‍ഡിയുടേയും പ്രധാന നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല.

അതേസമയം സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ മുലായം സിംഗ് യാദവും അഖിലേഷ് യാദവും ബിജെപിയുടെ ഏജന്റുമാരാണ് എന്ന് ആരോപിച്ച് രൂക്ഷ വിമര്‍ശനവുമായി ഭീം ആര്‍മി തലവനും ദലിത് നേതാവുമായ ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. ദലിത് പ്രസ്ഥാനത്തിന് ദോഷം ചെയ്യുമെങ്കില്‍ താന്‍ വരാണസിയില്‍ മത്സരിക്കില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ജയ്പൂരിലെ റാലിക്കിടെ ചന്ദ്രശേഖര്‍ ആസാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി എസ് പി അധ്യക്ഷ മായാവതി രംഗത്തെത്തിയിരുന്നു. ആസാദ് ബിജെപി ഏജന്റ് ആണെന്നും ദലിത് വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനായാണ് വരാണസിയില്‍ മത്സരിക്കുന്നത് എന്നും ഇതിനായുള്ള ഗൂഢാലോചന നടന്നതായും മായാവതി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ദലിത് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കിയത്.

അതേസമയം അഖിലേഷിനേയും മുലായത്തേയും ചന്ദ്രശേഖര്‍ ആസാദ് കടന്നാക്രമിച്ചു. അഖിലേഷ് യാദവ് ദലിതരെ പീഡിപ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന്‍ നല്‍കി. അയാളുടെ പിതാവ് പറയുന്നത് മോദി വീണ്ടും പ്രധാനമന്ത്രിയാകണം എന്നാണ്. അവര്‍ രണ്ട് പേരുമാണ് ബിജെപിയുടെ ഏജന്റുമാര്‍, ഞാനല്ല – ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. അവരെ ചോദ്യം ചെയ്തതിനാണ് എന്നെ ഏജന്റ് എന്ന് വിളിക്കുന്നത്. ഞാന്‍ ബിആര്‍ അംബേദ്കറുടെ ഏജന്റ് ആണ്. നിങ്ങളെ അധികാരത്തിലെത്തിക്കാന്‍ അറിയാമെങ്കില്‍ വലിച്ച് താഴെയിടാനും അറിയാം എന്നാണ് അഖിലേഷിനോട് ആസാദ് പറഞ്ഞത്.

മായാവതിയെ വഴി തെറ്റിക്കുന്നത് ബി എസ് പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയാണ്. ബി എസ് പിയുടെ ബ്രാഹ്മിണ്‍ മുഖമാണ് സതീഷ് ചന്ദ്ര മിശ്രയെന്നും ചന്ദ്രശേഖര്‍ ആസാദ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദുണം ചെയ്യുമെങ്കില്‍ താന്‍ വരാണസിയില്‍ മത്സരിക്കില്ല എന്നാണ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞത്. നേരത്തെ മോദി എവിടെ മത്സരിച്ചാലും താന്‍ മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരുന്നു. പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍ ആസാദിനെ സന്ദര്‍ശിച്ച സമയത്തായിരുന്നു ഇത്.

വരാണസിയില്‍ മോദിക്കെതിരെ എസ് പി – ബി എസ് പി സഖ്യമോ കോണ്‍ഗ്രസോ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എന്തുകൊണ്ട് താന്‍ വരാണസിയില്‍ മത്സരിച്ചുകൂടാ എന്നുമാണ് കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി നേരത്തെ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍