TopTop

ഗുജറാത്ത് കലാപം: എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത് നുണയെന്ന് മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍

ഗുജറാത്ത് കലാപം: എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത് നുണയെന്ന് മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍
2002ലെ ഗുജറാത്ത് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് പച്ചക്കള്ളങ്ങളെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍. റിട്ട.ലെഫ്.ജനറല്‍ സമീറുദ്ദീന്‍ ഷായാണ് ആര്‍കെ രാഘവന്റെ നേതൃത്വത്തിന്റെ പ്രത്യേക അന്വേഷണസംഘത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തന്റെ അനുഭവക്കുറിപ്പുകളായ The Sarkari Mussalman എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗുജറാത്ത് വര്‍ഗീയ കലാപം തുടങ്ങിയപ്പോള്‍ സൈന്യം രംഗത്തിറങ്ങുന്നത് വൈകിയതിന് ഉത്തരവാദി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സംസ്ഥാന സര്‍ക്കാരായിരുന്നു എന്ന് പരോക്ഷമായി പുസ്തകത്തില്‍ പറയുന്നുണ്ട്. ഈ ആരോപണം സമീറുദ്ദീന്‍ ഷാ ആവര്‍ത്തിച്ചു. ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയാണ് പുസ്തകം പ്രകാശനം ചെയ്തത്. കൊണാര്‍ക് പബ്ലിഷേഴ്‌സ് ആണ് പ്രസാധകര്‍. പ്രത്യേക അന്വേഷണ സംഘം കലാപവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

കലാപം അമര്‍ച്ച ചെയ്യാനുള്ള ആര്‍മി സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത് സമീറുദ്ദീന്‍ ഷാ ആയിരുന്നു. ഏറ്റവും ഭീകരമായ അക്രമങ്ങളും കൂട്ടക്കൊലകളും അരങ്ങേറിയ 2002 മാര്‍ച്ച് ഒന്നിന് സൈന്യത്തിന് കലാപബാധിത പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ സാധിച്ചില്ലെന്നും സര്‍ക്കാര്‍ വാഹനങ്ങള്‍ എത്തിക്കാത്തതായിരുന്നു കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു ദിവസം മുഴുവന്‍ മൂവായിരത്തോളം വരുന്ന ട്രൂപ്പുകള്‍ക്ക് അഹമ്മദാബാദ് വിമാനത്താവളത്തില്‍ തന്നെ കഴിയേണ്ടി വന്നു. അന്നത്തെ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയോട് പുലര്‍ച്ചെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയുണ്ടായില്ലെന്ന് സമീറുദ്ദീന്‍ കുറ്റപ്പെടുത്തുന്നു. സൈന്യത്തെ വിന്യസിക്കുന്നതില്‍ യാതൊരു കാലതാമസവുമുണ്ടായിട്ടില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ യാതൊരു അലംഭാവവുമുണ്ടായിട്ടില്ലെന്നുമാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അശോക് നാരായണിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ അവകാശവാദം. ഞാന്‍ എസ്‌ഐടി റിപ്പോര്‍ട്ടിലെ ഈ പരാമര്‍ശത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇത് പച്ചക്കള്ളമാണ്. സത്യം എന്താണ് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്നേക്കാള്‍ ആധികാരികമായി സംസാരിക്കാന്‍ മറ്റാര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല - സമീറുദ്ദീന്‍ ഐഎഎന്‍എസിനോട് പറഞ്ഞു. അന്നത്തെ കരസേന മേധാവി ജനറല്‍ എസ് പദ്മനാഭനും സമീറുദ്ദീന്‍ ഷാ പറഞ്ഞതിനെ ശരിവച്ചു. ഓപ്പറേഷന്‍ അമനുമായി ബന്ധപ്പെട്ട ആക്ഷന്‍ റിപ്പോര്‍ട്ടില്‍ എല്ലാ കാര്യങ്ങളും ലെഫ്.ജനറല്‍ ഷാ വിശദീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ എസ്‌ഐടി ഇത് പരിശോധിച്ചിട്ടില്ല. ജനറല്‍ ഷായുടെ മൊഴിയെടുത്തിട്ടില്ല.

മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ എസ് ഐ ടിയുടെ തലവനും മുന്‍ സിബിഐ ഡയറക്ടറുമായിരുന്ന ആര്‍കെ രാഘവന്‍, നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം സൈപ്രസിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായി. സമീറുദ്ദീന്‍ ഷായുടെ വിമര്‍ശനത്തോട് പ്രതികരിക്കാന്‍ ആര്‍കെ രാഘവന്‍ തയ്യാറായില്ലെന്ന് ഐഎഎന്‍എസ് പറയുന്നു. അദ്ദേഹത്തിന് അയച്ചുനല്‍കിയ ചോദ്യോവലിക്കും ഉത്തരം ലഭിച്ചിട്ടില്ല. എസ് ഐ ടി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പായി ആര്‍മിയുടെ ആക്ഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ ആര്‍കെ രാഘവനോട് ചോദിച്ചിട്ടുണ്ട്. രംഗത്തിറങ്ങി 48 മണിക്കൂറിനകം കലാപം അമര്‍ച്ച ചെയ്യാന്‍ സൈന്യത്തിന് കഴിഞ്ഞതായി സമീറുദ്ദീന്‍ ഷാ ചൂണ്ടിക്കാട്ടുന്നു. 2002 മാര്‍ച്ച് നാലിന് കലാപം കെട്ടടങ്ങി. പൊലീസിന്റെ പക്ഷപാതിത്വവും അക്രമികളെ സഹായിക്കുന്ന നിലപാടും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിര നേരിട്ട് വിമര്‍ശനം ഉന്നയിക്കുന്നില്ല എന്ന് മാത്രം. അതേസമയം സര്‍ക്കാരിന്റെ അലംഭാവത്തിന് ഉത്തരവാദി ആരാണ് എന്ന് ഹാമിദ് അന്‍സാരി പ്രകാശന ചടങ്ങില്‍ ചോദിച്ചു.

https://www.azhimukham.com/india-where-is-sanjiv-bhatt/

Next Story

Related Stories