TopTop
Begin typing your search above and press return to search.

ലോക്സഭാ തെരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ഉടമസ്ഥതയിലുള്ള വെബ്സൈറ്റിന്റേത് അടക്കം 687 പേജുകൾ ഫേസ്ബുക്ക് പൂട്ടിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പ്: രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ഉടമസ്ഥതയിലുള്ള വെബ്സൈറ്റിന്റേത് അടക്കം 687 പേജുകൾ ഫേസ്ബുക്ക് പൂട്ടിച്ചു
കോൺഗ്രസ്സ് ഐടി സെൽ, ബിജെപി അനുകൂല സംഘങ്ങൾ തുടങ്ങിയവർ നടത്തുന്ന പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തതായി ഫേസ്ബുക്ക്. 687 പേജുകളും അക്കൗണ്ടുകളുമാണ് ലോകസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നീക്കം ചെയ്തിരിക്കുന്നത്. ഇവയിലധികവും കോൺഗ്രസ്സ് ഐടി സെല്ലിന്റെ പേജുകളും അക്കൗണ്ടുകളുമാണ്. 'അനധികൃതമായ നീക്കങ്ങൾ' ഇവർ ഫേസ്ബുക്കിലൂടെ നടത്തുന്നുവെന്നും സ്പാമിങ് നടത്തുന്നുവെന്നും ആരോപിച്ചാണ് ഈ നടപടി.

സിൽവർ ടെക്ക് എന്ന കമ്പനിയുടെ പേജുകളും നീക്കം ചെയ്തവയുടെ കൂട്ടത്തിൽ പെടുന്നുണ്ട്. ഈ പേജുകളിൽ നിന്നും 79,000 ഡോളറിന്റെ പരസ്യങ്ങൾ ഇതിനകം പ്രചരിച്ചിട്ടുണ്ട്. കോൺഗ്രസ്സുമായി ബന്ധപ്പെട്ട നീക്കം ചെയ്യപ്പെട്ട പേജുകൾ ഇതുവരെ 39,000 ഡോളർ പരസ്യത്തിനായി ചെലവിട്ടു കഴിഞ്ഞിട്ടുണ്ട്.

1992ൽ അഹ്മദാബാദിൽ സ്ഥാപിക്കപ്പെട്ട കമ്പനിയാണ് സിൽവർ ടെക്ക് ടെക്നോളജീസ്. ഇ ഗവേണൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ വിൽക്കുന്ന കമ്പനിയാണിത്. നമോ ആപ്പ് അടക്കമുള്ള, ബിജെപിയുടെ ഐടി നീക്കങ്ങൾ പലതിനും സാങ്കേതിക സഹായം നൽകി വരുന്നത് ഈ കമ്പനിയാണ്.

നീക്കം ചെയ്ത പേജുകൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്തു വരികയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രാദേശിക വാർത്തകള്‍ നൽകുകയും സ്ഥാനാർത്ഥികളെ പ്രമോട്ട് ചെയ്യുകയുമെല്ലാം ഇവർ ചെയ്തു വന്നിരുന്നു.

സിൽവർ ടെക്കിന്റെ പതിനഞ്ച് പേജുകളും ഗ്രൂപ്പുകളുമായി ഫേസ്ബുക്ക് പൂട്ടിച്ചത്. കോൺഗ്രസ്സിനെതിരായ നീക്കങ്ങളാണ് ഈ പേജുകൾ വഴി നടന്നിരുന്നത്.

രാജീവ് ചന്ദ്രശേഖറിന്റെ പേജുകൾ

കർണാടകത്തിൽ നിന്നുള്ള രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‍വർക്കിന്റെ കീഴിലുള്ള 'മൈനേഷൻ' എന്ന വെബ്സൈറ്റിന്റെ പേജുകളും നീക്കം ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു.

സമാനമായ 'പെരുമാറ്റങ്ങൾ' നടത്തിയ, പാകിസ്താൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 103 പേജുകളും ഫേസ്ബുക്ക് നീക്കിയിട്ടുണ്ട്. ഇത്തരം സംഘടിതമായ നീക്കങ്ങൾ തിരിച്ചറിയുന്നതിനായി ഫേസ്ബുക്ക് വികസിപ്പിച്ചെടുത്തിട്ടുള്ള ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെയാണ് പലതിനെയും തിരിച്ചറിഞ്ഞിരിക്കുന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വഴിതിരിക്കാനും സംഘടിതമായി നടത്തുന്ന നീക്കങ്ങളെ തടയുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫേസ്ബുക്ക് സൈബർ സെക്യൂരിറ്റി പോളിസി തലവൻ നതാനിയൽ ഗ്ലേയ്ഷർ പറയുന്നു. ഈ പേജുകളിലെ ഉള്ളടക്കം വ്യാജമാണോയെന്നല്ല ഇവ നീക്കം ചെയ്യുന്നതിനായി ഫേസേബുക്ക് പരിഗണിച്ചത്. മറിച്ച്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനെ ചെറുക്കുകയാണ് ലക്ഷ്യം. സംഘടിതമായി നടത്തുന്ന നീക്കങ്ങൾ ഇങ്ങനെ തെറ്റിദ്ധാരണ വളർത്തുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് നടത്തുന്ന തെരഞ്ഞെടുപ്പ് അട്ടിമറികൾ ആഗോളതലത്തിൽ തന്നെ ചർച്ചയായ സാഹചര്യത്തിലാണ് ഫേസ്ബുക്കിന്റെ ഈ നീക്കം. 2014 തെരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയെ വൻതോതിൽ ആശ്രയിച്ചിരുന്നു ചില കക്ഷികൾ. വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുക വഴി നേട്ടമുണ്ടാക്കാൻ ഇവർക്ക് സാധിച്ചെന്ന വിലയിരുത്തലുമുണ്ട്.

Next Story

Related Stories