TopTop
Begin typing your search above and press return to search.

ബാങ്ക് പണിമുടക്ക്: എടിഎം കാലിയാകും; ശമ്പള വിതരണത്തെ ബാധിക്കും; ഓണ്‍ലൈന്‍ ഇടപാടുകളെ ബാധിക്കില്ല

ബാങ്ക് പണിമുടക്ക്: എടിഎം കാലിയാകും; ശമ്പള വിതരണത്തെ ബാധിക്കും; ഓണ്‍ലൈന്‍ ഇടപാടുകളെ ബാധിക്കില്ല

രാജ്യമെങ്ങുമുള്ള ബാങ്ക് ജീവനക്കാരിൽ ഭൂരിഭാഗം പേരും ദ്വിദിന ദേശീയ പണിമുടക്കിലേക്കിലേക്ക് നീങ്ങിയിരിക്കുകയാണ്. 2012 മുതല്‍ പ്രാബല്യത്തിൽ വന്ന പത്താം ശമ്പളക്കരാറിന്റെ കാലാവധി ഒക്ടോബറിൽ അവസാനിച്ചെങ്കിലും പുതിയ കരാർ ശരിയായ വിധത്തിൽ കൊണ്ടുവരാൻ ബാങ്ക് മാനേജ്മെന്റുകളും സർക്കാരും തയ്യാറാകുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. തൊഴിലാളി സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്ന് ബാങ്കുകൾ ശമ്പള വർധന പ്രഖ്യാപിക്കാൻ നിർബന്ധിതരായെങ്കിലും നാമമാത്രമായ ഈ വർധന തൊഴിലാളികൾ അംഗീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങളിലേക്ക്:

ആരൊക്കെയാണ് സമരത്തിൽ?

21 പൊതുമേഖലാ ബാങ്കുകളിലെയും 12 സ്വകാര്യമേഖലാ ബാങ്കുകളിലെയും 7 വിദേശബാങ്കുകളിലെയും തൊഴിലാളികളാണ് ഇന്നുമുതൽ ദേശവ്യാപകമായി സമരം തുടങ്ങിയിരിക്കുന്നത്. മെയ് 30, 31 എന്നീ തിയ്യതികളിൽ സമരം നടക്കും. ശമ്പളവർധന സംബന്ധിച്ച തർക്കങ്ങളാണ് സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്.

എന്താണ് സമരത്തിന്റെ കാരണം?

ഈ വർഷം തൊഴിലാളികൾക്ക് 2% ശമ്പള വർധന നൽകുമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) മെയ് 28ന് പ്രഖ്യാപിച്ചിരുന്നു. ഈ വർധന അപര്യാപ്തമാണെന്ന് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞതവണ ശമ്പളവർധന 15% ആയിരുന്നു. അതിനു മുമ്പത്തെ വർ‌ഷം ഇത് 17.5% ആയിരുന്നു. 2% ശമ്പളവർധന എന്ന വാഗ്ദാനത്തെ അടിസ്ഥാനമാക്കി ഒരു ചർച്ച നടത്തുന്നതു പോലും പരിഹാസ്യമാണെന്ന് എഐബിഇഎ സിഎച്ച് വെങ്കിടാചലം ചൂണ്ടിക്കാട്ടുന്നു.

സമരത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ?

ഉണ്ട്. ശമ്പളപരിഷ്കരണത്തിന്മേൽ പുനരാലോചന ജൂനിയർ തൊഴിലാളികൾക്ക് മാത്രമായി നടത്താൻ തയ്യാറാണെന്ന് ഐബിഎ പറയുന്നു. അതായത് 4 മുതൽ 7 വരെ ഗ്രേഡിലുള്ള ഉദ്യോഗസ്ഥർക്കുള്ള ശമ്പളവർധനയിൽ മാറ്റമുണ്ടാകില്ല. ഒന്നു മുതൽ മൂന്നു വരെ ഗ്രേഡിലുള്ള ജൂനിയർ തൊഴിലാളികൾക്കു മാത്രം ശമ്പളവർധന പരിപ്പരിശോധന വരുമെന്നാണ് വാഗ്ദാനം. സാധാരണമായി ശമ്പളവർധന എല്ലാ തൊഴിലാളികൾക്കും ഒരുമിച്ചാണ് വരാറുള്ളതെന്ന് സിഎച്ച് വെങ്കിടാചലം ചൂണ്ടിക്കാട്ടുന്നു.

എത്ര തൊഴിലാളികൾ സമരത്തിലുണ്ട്?

10 ലക്ഷത്തിലധികം തൊഴിലാളികളാണ് ഇന്നും നാളെയുമായി സമരത്തിൽ ഏർപ്പെടുക. ബാങ്കിങ് പ്രവർത്തനങ്ങളുടെ 75 ശതമാനവും ഇത് തടസ്സപ്പെടുത്തും.

എന്താണ് ബാങ്കുകൾ പറയുന്ന ന്യായം

ശമ്പളം രണ്ട് ശതമാനത്തില്‍ നിന്ന് കൂട്ടിക്കൊടുക്കില്ലെന്ന് ബാങ്കുകൾ പറയുന്നു. ഇതിന് അവർക്ക് അവരുടേതായ ന്യായങ്ങളുണ്ട്.

കേരളത്തിൽ സമരം എങ്ങനെയായിരിക്കും?

കേരളം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ സ്ഥിതി ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. യൂണിയനുകൾ വളരെ ശക്തമാണ്. യൂണിയനിൽ പെടാത്ത ന്യൂ ജനറേഷൻ ബാങ്കുകളുടെ പ്രവർത്തനങ്ങൾ പോലും ഈ സംസ്ഥാനങ്ങളിൽ ശരിയായ വിധത്തിൽ സമരദിവസങ്ങളിൽ നടക്കണമെന്നില്ല.

സാധാരണക്കാരെ അടിയന്തിരമായി ബാധിക്കുന്നതെങ്ങനെ?

ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്സിസ് എന്നീ ബാങ്കുകളിൽ അക്കൗണ്ടുള്ളവരെ ഈ സമരം അത്രകണ്ട് ബാധിക്കില്ല. ഇവർ സമരം നടത്തുന്ന യൂണിയനിൽ പങ്കാളികളല്ല എന്നതാണ് കാരണം. എന്നാൽ സമരം നടത്തുന്ന തൊഴിലാളികൾ എടിഎമ്മുകളിൽ പണം നിറയ്ക്കാതാകുന്നതോടെ ഈ സമരം എല്ലാവരെയും ബാധിക്കും. ശമ്പളദിനങ്ങൾ വരുന്നതിനാൽ പണപ്രശ്നം രൂക്ഷമാകും. സമരം തീർന്നാലും എടിഎമ്മുകൾക്കു മുമ്പിൽ വൻ ക്യൂ പ്രത്യക്ഷപ്പെടാനിടയുണ്ട്. ചെറിയ പട്ടണങ്ങളിലാണ് ഈ പ്രശ്നം കൂടുതലായുണ്ടാകുക. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്സിസ് എന്നീ ബാങ്കുകൾക്ക് ഇവിടങ്ങളിൽ ശാഖകളും എടിഎമ്മുകളും കുറവായിരിക്കും എന്നതാണ് കാരണം.

ഓൺലൈൻ ഇടപാടുകളെ ബാധിക്കുമോ?

നെറ്റ് ബാങ്കിങ്, യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയിലൂടെയുള്ള ഇടപാടുകളെ സമരം ബാധിക്കില്ല. എൻഇഎഫ്ടി, ആർടിജിഎസ്, ഐഎംപിഎസ് എന്നീ മാര്‍ഗങ്ങളിലൂടെ പണം കൈമാറാൻ പ്രയാസമുണ്ടാകില്ല.

ശമ്പളം സമയത്തിന് കിട്ടില്ലേ?

ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നടത്തുന്ന ശമ്പള ഇടപാടുകളെയും സമരം ബാധിക്കില്ല. വലിയ കമ്പനികളുടെ ശമ്പളക്കൈമാറ്റം നടത്തിക്കിട്ടിയേക്കും. എന്നാൽ, കുറച്ച് തൊഴിലാളികൾ മാത്രമുള്ള കമ്പനികളുടെ തൊഴിലാളികളുടെ കാര്യം പരുങ്ങലിലാകും. ഇവർ കാത്തിരിക്കേണ്ടതായി വരും.

http://www.azhimukham.com/business-the-other-side-of-strike-in-banking-sector/


Next Story

Related Stories