TopTop
Begin typing your search above and press return to search.

രാമക്ഷേത്രം നിർമിക്കണമെന്ന് ചെലമേശ്വർ പറഞ്ഞെന്ന് വ്യാജവാർത്ത

രാമക്ഷേത്രം നിർമിക്കണമെന്ന് ചെലമേശ്വർ പറഞ്ഞെന്ന് വ്യാജവാർത്ത

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന് മുൻ സുപ്രീംകോടതി ജഡ്ജി ജസ്തി ചെലമേശ്വർ പറഞ്ഞതായി വ്യാജ വാർത്ത പ്രചരിക്കുന്നു. ഡൽഹിയിൽ ആൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്സിൽ വെച്ച് രാമക്ഷേത്രം നിര്‍മിക്കണമെന്ന് ചെലമേശ്വർ പറഞ്ഞെന്നാണ് പ്രചാരണം. എന്നാൽ ചെലമേശ്വറിന്റെ വാക്കുകൾ തെറ്റായി മനസ്സിലാക്കുകയോ വളച്ചൊടിക്കുകയോ ആണ് ചെയ്തിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അയോധ്യ കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ നിൽക്കുമ്പോൾ ക്ഷേത്രനിർമാണത്തിന് നിയമനിർമാണം നടത്താൻ സർക്കാരിന് സാധിക്കുമോയെന്ന പ്രശ്നത്തെ വിശദീകരിക്കുകയായിരുന്നു യോഗത്തിൽ ചെലമേശ്വർ എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. എൻഡിടിവി നൽകിയ റിപ്പോർട്ടിൽ ചെലമേശ്വറിന്റെ വാക്കുകൾ ഇങ്ങനെയാണ്: "നിയമപരമായി ഇത് സംഭവിക്കാൻ സാധ്യതയുണ്ടോയെന്നതും ഭാവിയിൽ സംഭവിക്കുമോയെന്നതും ചോദ്യങ്ങളായുണ്ട്. മുൻകാലങ്ങളിൽ നിയമനിർമാണപ്രക്രിയയിലൂടെ സുപ്രീംകോടതിയെ മറികടന്ന സന്ദർഭങ്ങൾ എന്റെ അറിവിലുണ്ട്."

കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതി ഉത്തരവിനെ മറികടക്കാൻ കർണാടക അസംബ്ലി നിയമനിർമാണം നടത്തിയ സന്ദർ‌ഭം കോടതി ചൂണ്ടിക്കാട്ടി. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും സംസ്ഥാനങ്ങൾ തമ്മിലുള്ള ജലതർക്കങ്ങളിൽ കോടതിവിധി മറികടക്കാൻ നിയമനിർമാണം നടന്നിട്ടുണ്ട്. രാജ്യം ഇത്തരം കാര്യങ്ങളിൽ വളരെ മുൻപു തന്നെ ശ്രദ്ധ ചെലുത്തേണ്ടതായിരുന്നെന്നും മുൻപ് അത് ചെയ്യാതിരുന്നതിനാലാണ് ഇപ്പോൾ കോടതിവിധി മറികടന്ന് ക്ഷേത്രനിർമാണം സാധ്യമാണോയെന്ന ചോദ്യം തന്നെ വരുന്നതെന്നും ചെലമേശ്വർ വിശദീകരിച്ചു.

ടൈംസ് ഓഫ് ഇന്ത്യയും ഇതേ രീതിയിൽ തന്നെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചരിത്രം പരിശേധിക്കുമ്പോൾ രാമക്ഷേത്രനിർമാണത്തിന് നിയമം കൊണ്ടുവരൽ സാധ്യമാണ് എന്നാണ് തലക്കെട്ട്. കോടതിയുത്തരവുകളുടെയും അവ മറികടക്കാനുണ്ടാക്കിയ നിയമനിർമാണങ്ങളുടെയും ചരിത്രത്തെക്കുറിച്ചാണ് ചെലമേശ്വർ പറയുന്നത്.

'രാമക്ഷേത്ര നിർമാണത്തിൽ നിയമം കൊണ്ടുവരൽ സാധ്യമാണ്, കോടതി നടപടികളെ നിയമനിർമാണം വഴി മറികടന്നിട്ടുണ്ട്' എന്നാണ് ഇന്ത്യാ ടുഡേയുടെ തലക്കെട്ട്.


Next Story

Related Stories