UPDATES

30 വര്‍ഷത്തിനു ശേഷം ഒഡീഷയെ വിറപ്പിക്കാന്‍ ഫോനി ഇന്നെത്തും; 10 ലക്ഷം പേരെ ഒഴിപ്പിച്ചു, ഭുവനേശ്വര്‍ വിമാനത്താവളം അടച്ചു

ഫോനിയുടെ സഞ്ചാര പഥത്തില്‍ 10,000 ഗ്രാമങ്ങളും 50 നഗരങ്ങളും

പതിനായിരം പേരുടെ ജീവന്‍ അപഹരിച്ച 1999ലെ സൂപ്പര്‍ സൈക്ലോണിന് ശേഷം ഒഡീഷയെ വിറപ്പിക്കാന്‍ ഫോനി എത്തുന്നു. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഇതുവരെയായി 14 ജിലകളില്‍ നിന്നും 10 ലക്ഷം പേരെ ഒഴിപ്പിച്ചു. 880 കേന്ദ്രങ്ങളിലായി ഇവരെ താമസിപ്പിക്കും. പുരിയുടെ തെക്ക് ഭാഗത്ത് ഇന്ന് രാവിലെ 10 മണിയോടെ സൈക്ലോണ്‍ എത്തുമെന്നാണ് കലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 200 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും.

ഫോനിയുടെ സഞ്ചാര പഥത്തില്‍ 10,000 ഗ്രാമങ്ങളും 50 നഗരങ്ങളും ഉണ്ടെന്നാണ് ഒദ്യോഗിക കണക്ക്. ഭുവനേശ്വര്‍ വിമാനത്താവളം ഇന്നലെ അര്‍ദ്ധരാത്രിയോടെ അടച്ചു. തൊട്ടടുത്ത സംസ്ഥാനമായ ബംഗാളിലും ഫോനിയുടെ അലയൊലികള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കോല്‍ക്കത്ത വിമാനത്താവളം ഇന്ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം 6 മണിവരെ അടച്ചുപൂട്ടും. 200 ഓളം ട്രെയിന്‍ സെര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ചയോടെ ബംഗാള്‍ തീരത്തുകൂടി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങുമെന്നാണ് കരുതപ്പെടുന്നത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്ഥിതി നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയും സൈനിക വിഭാഗങ്ങളും സജ്ജമാണ്. സംസ്ഥാനത്തെ ഡോക്ടര്‍മാരടക്കം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കപ്പൽ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ഒരുക്കിയാണ് സൈന്യം കാത്തിരിക്കുന്നത്. അതിനിടെ ഡല്‍ഹിയില്‍ ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന് ഫോനിയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികൾ വിലയിരുത്തി.

ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുരിയിൽ നിന്നും അടിയന്തിരമായി പിൻവാങ്ങാൻ ടൂറിസ്റ്റുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ മുന്‍കരുതല്‍ നടപടികള്‍ സുഗമമാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ പെരുമാറ്റച്ചട്ടത്തില്‍ ഇളവ് നല്‍കി. 11 ജില്ലകള്‍ക്കാണ് ഇളവ് ബാധകമാവുക. ഇതിനോടകം വോട്ടെടുപ്പ് പൂര്‍ത്തിയായ ഒഡീഷയിലെ രണ്ടു ജില്ലകളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അടിയന്തരമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

ഒഢീഷയ്ക്ക് പുറമെ ബംഗാളില്‍ കൊല്‍ക്കത്തയില്‍ ഉൾപ്പെടെ ഏഴുജില്ലകളിൽ കൊടുങ്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആന്ധ്ര പ്രദേശിലെ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം എന്നീ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നിലവിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍