Top

2019-ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ കാത്തിരിക്കുന്ന സംഘര്‍ഷങ്ങള്‍

2019-ലെ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ കാത്തിരിക്കുന്ന സംഘര്‍ഷങ്ങള്‍
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ 2019 മെയ് മാസത്തില്‍ ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പിന് കളമൊരുങ്ങും. മതം കൂടുതല്‍ കേന്ദ്രസ്ഥാനത്തേക്ക് വരുന്നതിലും ബിജെപിക്ക് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്നതിനുള്ള അക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നതിലും മത ന്യൂനപക്ഷങ്ങള്‍ക്കിടയിലും ദരിദ്രരായ ദളിതര്‍ക്കിടയിലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ക്കിടയിലും ആശങ്ക പെരുകുകയാണ്. ഇന്ത്യയിലെ 125 കോടി ജനങ്ങളില്‍ 80 ശതമാനം വരുന്ന ഹിന്ദുക്കള്‍ക്കിടയില്‍ വിഭാഗീയ വികാരങ്ങളുണര്‍ത്താന്‍ പാകിസ്ഥാനുമായി ഒരു പരിമിത യുദ്ധം വരെ നടത്തിയേക്കും എന്നു ചില നിരീക്ഷകര്‍ ഭയക്കുന്നുണ്ട്.

എന്നാല്‍ പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ ഇതിനെയെല്ലാം തള്ളിക്കളയുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തന ചരിത്രവും ദരിദ്രര്‍ക്ക് അനുകൂലമായ പദ്ധതികളും അടുത്ത തെരഞ്ഞെടുപ്പ് ജയിക്കാന്‍ പ്രാപ്തമാണെന്ന് അവര്‍ അവകാശപ്പെടുന്നു.

എന്നാല്‍ ബിജെപി ഒരു ആശയകുഴപ്പത്തിലാണ്- തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ഹിന്ദുത്വ ദേശീയതയെ ഉയര്‍ത്തിക്കാട്ടണോ അതോ സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്റെയും അജണ്ട മുന്നോട്ട് വെക്കണോ എന്നാണത്.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി, മധ്യവര്‍ഗ ശക്തികളേയും പ്രത്യയശാസ്ത്ര പ്രതിബദ്ധതയില്ലാത്ത നിഷ്പക്ഷ വോട്ടര്‍മാരെയും സ്വാധീനിക്കാന്‍ മോദിയെ വികസന നായകനും, അഴിമതി വിരുദ്ധനുമാക്കിയാണ് ബിജെപി അവതരിപ്പിച്ചത്. നാല് കൊല്ലത്തിനിപ്പുറം ഈ രണ്ടു മേഖലകളിലും മോദിയുടെ പ്രകടനം മോശമാണ്. അപ്പോള്‍ 2019-ലെ തെരഞ്ഞെടുപ്പിനുള്ള തുറുപ്പുചീട്ട് എന്തായിരിക്കും?

മെയ് 5-നു നടന്ന ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍, കോണ്‍ഗ്രസിന്റെ ജാതി അധിഷ്ഠിത രാഷ്ട്രീയത്തെ നേരിടാന്‍ ബിജെപി മത വര്‍ഗീയതയെ ഉപയോഗിക്കുമെന്നും വികസനം ഒരു ചെറിയ വിഷയം മാത്രമാകുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സൂചന നല്കിയിരുന്നു.

“ഹിന്ദുക്കളെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്, ഇത് വളരെ അപകടകരമായ ഒന്നാണ്. ജാതി പ്രധാനമല്ല എന്നു പറഞ്ഞുകൊണ്ട് ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പ്രധാനപ്പെട്ട സംഗതി ഹിന്ദുമതം അപകടത്തിലാണ് എന്നതാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ അത് ഞങ്ങളെ സംബന്ധിച്ച് ദുരന്തസമാനമായിരിക്കും. അതുകൊണ്ട് 2019-ല്‍ ഈ ഹിന്ദുത്വമായിരിക്കും ഉപയോഗിക്കാന്‍ പോകുന്നത്,” സ്വാമി പറഞ്ഞു. എന്തുകൊണ്ടാണ് ബിജെപി ഭൂതകാലത്തിലേക്ക് നോക്കുന്നതെന്നും എന്തുകൊണ്ടാണ് അതിന്റെ മുഴുവന്‍ ശ്രദ്ധയും ചരിത്രത്തില്‍ കേന്ദ്രീകരിച്ചതെന്നുമുള്ള ഒരു ചോദ്യത്തിന് സ്വാമി ഇങ്ങനെ മറുപടി നല്കി, “ഞാന്‍ 1952 മുതല്‍ക്കുള്ള തെരഞ്ഞെടുപ്പുകള്‍ പഠിച്ചു, സാമ്പത്തിക വിഷയങ്ങള്‍ വളരെ ചെറിയ തോതില്‍ മാത്രമാണ് വന്നിട്ടുള്ളത്.”

അധികാരത്തില്‍ അഞ്ചാമത്തെയും അവസാനത്തെയുമായ വര്‍ഷത്തില്‍ മോദി സര്‍ക്കാര്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുകയാണ്. സാമ്പത്തിക രംഗത്ത് ഉയര്‍ന്ന പണപ്പെരുപ്പം, ഉയരുന്ന തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, സാമൂഹ്യ മേഖലയില്‍ ദളിതര്‍, ആദിവാസികള്‍, മത ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കിടയിലെ ഒറ്റപ്പെടല്‍ എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍.

മിക്കാവാറും സംസ്ഥാനാടിസ്ഥാനത്തിലുള്ള ചെറുകകക്ഷികളായ ബിജെപിയുടെ സഖ്യ കക്ഷികളും ബിജെപിയുടെ വല്യേട്ടന്‍ മനോഭാവത്തില്‍ അസംതൃപ്തരാണ്. ഒരു പ്രധാന സഖ്യകക്ഷിയായിരുന്ന ആന്ധ്രപ്രദേശിലെ തെലുഗു ദേശം പാര്‍ട്ടി ഈയടുത്താണ് എന്‍ഡിഎ വിട്ട് പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നത്.

എന്തു ചെയ്തും അധികാരം കൈക്കലാക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ പ്രതിപക്ഷകക്ഷികള്‍ക്കിടയില്‍ അസ്തിത്വപ്രതിസന്ധിയാണ് ഉണ്ടാക്കിയത്. പ്രതിപക്ഷ മുക്തമായ ഇന്ത്യയെക്കുറിച്ച് മോദിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും നിരന്തരം ആക്രോശിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഒന്നിച്ചു തുഴയുകയോ അല്ലെങ്കില്‍ ഒന്നിച്ചു മുങ്ങുകയോ മാത്രമാണു പ്രതിപക്ഷത്തിന് മുന്നിലുള്ള വഴി.

https://www.azhimukham.com/opinion-moditva-vs-rahultva-race-for-hindu-mind-space-writes-kay-benedict/

അടുത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ കാണിക്കുന്നത് പ്രതിപക്ഷം ഒന്നിച്ചിടത്തെല്ലാം ബിജെപി പരാജയപ്പെടുന്നു എന്നാണ്. കഴിഞ്ഞ മൂന്നുവര്‍ഷക്കാലത്തിനിടയില്‍ ബിജെപിയുടെയും സഖ്യകക്ഷികളുടെയും പത്തു സീറ്റെങ്കിലും എതിരാളികള്‍ പിടിച്ചെടുത്തു. കഴിഞ്ഞ മാസം കൈരാനായില്‍ (ഉത്തര്‍ പ്രദേശ്) രണ്ടു എതിര്‍ സമുദായങ്ങള്‍ക്കിടയില്‍ -ജാട്ടുകളും മുസ്ലീങ്ങളും- ഒത്തുതീര്‍പ്പുണ്ടാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. അവരുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായ മുസ്ലീം വനിത, ബിജെപി സ്ഥാനാര്‍ത്ഥിയെ എളുപ്പത്തില്‍ പരാജയപ്പെടുത്തി എന്നതായിരുന്നു അതിന്റെ ഫലം.

അധികാരത്തിലേക്കുള്ള ബിജെപിയുടെ വഴി എല്ലായ്പ്പോഴും ഹിന്ദു-മുസ്ലീം വര്‍ഗീയ സംഘര്‍ഷങ്ങളില്‍ക്കൂടിയായിരുന്നു. ക്രിസ്ത്യാനികളെയും സാമുദായിക വെറുപ്പിന്റെ ഇരകളാക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രമം നടക്കുന്നുണ്ട്. ഹിന്ദു രാഷ്ട്രവാദികളില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ കൂടിവരികയാണെന്ന് ക്രിസ്ത്യാനികള്‍ പരാതി പറയുന്നുണ്ട്.

1989 മുതല്‍ തങ്ങളുടെ ഔദ്യോഗിക പ്രത്യയശാസ്ത്രമായ ഹിന്ദുത്വയ്ക്ക് വേണ്ടി ഇന്ത്യന്‍ ഭരണഘടനയുടെ മതേതര മൂല്യങ്ങളെ മാറ്റിയെഴുതാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തുമെന്ന ആശങ്കകള്‍ക്കിടയിലാണ് മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളും സര്‍ക്കാരിന്റെ നിശബ്ദതയും അപകടകരമാകുന്നത്.

രണ്ടു കാതോലിക്ക ബിഷപ്പുമാര്‍ മെയ് മാസത്തില്‍ പുറപ്പെടുവിച്ച രണ്ട് ഇടയലേഖനങ്ങളില്‍ ഭരണഘടന ഭീഷണിയിലാണെന്ന ഭയം പ്രകടിപ്പിക്കുകയും 2019-ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളോട് അനുഭാവമുള്ള ഒരു സര്‍ക്കാരുണ്ടാകാന്‍ പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്തു.

മതന്യൂനപക്ഷങ്ങളുടെ വോട്ടിനെക്കുറിച്ച് മോദിയും ബിജെപിയും ആശങ്കപ്പെടുന്നില്ല. ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ 2014-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 80-ല്‍ 71 സീറ്റും നേടിയപ്പോള്‍ ബിജെപി ഒരൊറ്റ മുസ്ലീമിനെയും സ്ഥാനാര്‍ത്ഥിയാക്കിയിരുന്നില്ല. സംസ്ഥാനത്തെ 200 ദശലക്ഷം ജനങ്ങളില്‍ 20 ശതമാനത്തോളമുള്ള മുസ്ലീങ്ങളില്‍ നിന്നും ഒരൊറ്റ പാര്‍ലമെന്‍റ് അംഗം പോലും തെരഞ്ഞെടുക്കപ്പെട്ടുമില്ല.

വര്‍ഗീയ ധ്രുവീകരണമാണ് 2014-ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍വിജയം നേടിക്കൊടുത്തതെന്ന് പലരും കരുതുന്നു. ഹിന്ദു താത്പര്യങ്ങളെ സംരക്ഷിക്കുന്നു തങ്ങള്‍ എന്നു കാണിച്ച് ഹിന്ദു വോട്ടുകള്‍ ഉറപ്പിക്കുക എന്നത് ലളിതമായ തെരഞ്ഞെടുപ്പ് തന്ത്രമാണ്. അത്തരം തന്ത്രങ്ങള്‍ക്ക് വിഭാഗീയ സംഘര്‍ഷങ്ങള്‍ ഒരു അവശ്യ ആയുധമായി മാറുന്നു.

അസം, മഹാരാഷ്ട്ര, മേഘാലയ എന്നെ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം ഈയടുത്തായി വര്‍ഗീയ സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയമായി ഗുണം ചെയ്യില്ല എന്നതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പിന് മുമ്പായി വലിയൊരു വര്‍ഗീയ കലാപം ഉണ്ടാക്കില്ലെന്നും നിരീക്ഷകര്‍ പറയുന്നു. പകരം, പലരും ഭയപ്പെടുന്ന പോലെ ചെറിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ തിളച്ചുമറിഞ്ഞുകൊണ്ടേയിരിക്കും.

ഈയടുത്ത് ലോക് നീതി പ്രസിദ്ധപ്പെടുത്തിയ 'Mood of Nation' അഭിപ്രായ കണക്കെടുപ്പനുസരിച്ച് മോദിയുടെ ജനപ്രിയത കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനം ഇടിഞ്ഞു. എന്നാലും പ്രധാനമന്ത്രിയുടെ കയ്യില്‍ ഇനിയും പല കളികളുമുണ്ട്. തന്റെ പാര്‍ട്ടിയുടെ ഏറ്റവും ജനപ്രിയനായ നേതാവാണ് ഇപ്പോഴും മോദി. പ്രതിപക്ഷത്തിനാകട്ടെ ഇന്ത്യയൊട്ടാകെ അവതരിപ്പിക്കാവുന്ന ഒരു നേതാവുമില്ല. പ്രതിപക്ഷം കാശിന്റെ ക്ഷാമം നേരിടുമ്പോള്‍ ബിജെപിയുടെ ഭണ്ഡാരം നിറഞ്ഞുകവിയുകയാണ്. ഇന്ത്യയിലെ മാധ്യമങ്ങള്‍ മിക്കവയും ബിജെപിക്ക് പിന്തുണ നല്കുന്നുമുണ്ട്.

പ്രതിപക്ഷത്തെ ഭിന്നിപ്പിക്കുന്നതില്‍ പലതരത്തിലും മോദിയും അമിത് ഷായും വിജയിച്ചു. അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ കയ്യാളുകളായി പ്രവര്‍ത്തിക്കുമ്പോള്‍ അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന പല പ്രതിപക്ഷ നേതാക്കള്‍ക്കും പല ഭയങ്ങളുമുണ്ട്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ദരിദ്രര്‍ക്കും ദളിതര്‍ക്കും വേണ്ടിയുള്ള നിരവധി ക്ഷേമപദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്നാണ് കരുതേണ്ടത്. മെച്ചപ്പെട്ട അടിസ്ഥാന വികസനത്തിന്റെ ഭാഗമായുള്ള വന്‍ നിര്‍മ്മാണങ്ങള്‍ കൊണ്ടുവരാനും വികസനം വേഗത്തിലാക്കാന്‍ നികുതി പരിഷ്ക്കരണത്തിനും ഘടനാപരമായ പരിഷ്കാരങ്ങള്‍ക്കും ഊന്നല്‍ കൊടുക്കാനും മോദി തയ്യാറാവും.

ഉപതിരഞ്ഞെടുപ്പുകള്‍ സൂചിപ്പിക്കുന്നത് ഹിന്ദു കാര്‍ഡ് കൊണ്ടുമാത്രം ബിജെപിക്ക് ഭൂരിപക്ഷം ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ്. എന്നിരുന്നാലും ഐക്യവും ജനതയുടെ അടിസ്ഥാന പ്രശ്നങ്ങളെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ എങ്ങനെ നേരിടും എന്നുള്ളതിനെയും ആശ്രയിച്ചിരിക്കും പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/india-why-christian-priest-prayer-irks-rss-writes-kaybenedict/

https://www.azhimukham.com/opinion-subramanian-swamy-discloses-polarisation-agenda-writes-kay-benedict/

https://www.azhimukham.com/india-why-bjp-allies-unhappy-kaybenedict/

https://www.azhimukham.com/edit-opposition-unity-wins-kairana-in-up/

https://www.azhimukham.com/column-real-challenge-rahulgandhi-facing-kaybenedict/

https://www.azhimukham.com/india-cow-slaughter-ban-law-is-hindutva-terrorism-sanghparivar/

https://www.azhimukham.com/edit-will-assam-burn-we-hope-not-but-the-possibilities-are-quite-high/

Next Story

Related Stories