UPDATES

വാര്‍ത്തകള്‍

കോൺഗ്രസ്-ബിജെപിയിതര മുന്നണി: തെലങ്കാന മുഖ്യമന്ത്രിയുടേത് നല്ല നിലപാടുകളാണെന്ന് തോന്നിയെന്ന് പിണറായി വിജയൻ

കഴിഞ്ഞദിവസം കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുമായി കെസിആർ ഫോണിൽ സംസാരിച്ചിരുന്നു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി മെയ് 13ന് ഇദ്ദേഹം ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

ഫെഡറൽ തത്വങ്ങള്‍ പാലിക്കാത്ത കേന്ദ്ര സർക്കാരുകളുടെ നിലപാടുകളുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ നിലപാടുകൾ നല്ലതാണെന്ന് തോന്നിയെന്ന് പിണറായി വിജയൻ. കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിക്കാൻ കേന്ദ്ര ഗതാഗതമന്ത്രിക്ക് കത്തെഴുതിയ ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ നടപടിയെക്കുറിച്ചും, ദേശീയപാതാ വികസനം മരവിപ്പിച്ച കേന്ദ്ര നടപടിയെക്കുറിച്ചും പറയാനായി വിളിച്ചു ചേർത്ത് വാർത്താ സമ്മേളനത്തിലാണ് തെലങ്കാന മുഖ്യമന്ത്രിയും താനും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. അതെസമയം, കെ ചന്ദ്രശേഖർ റാവു മുമ്പോട്ടു വെക്കുന്ന കോൺഗ്രസ്-ബിജെപിയിതര മുന്നണിയോട് ബന്ധം പുലര്‍ത്തുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി യാതൊന്നും പറഞ്ഞില്ല. അടുത്ത സർക്കാർ ഫെഡറൽ തത്വങ്ങള്‍ പാലിക്കാൻ കഴിവുള്ള ഒരു സർക്കാരായിരിക്കണമെന്ന താൽപര്യം മുഖ്യമന്ത്രി സൂചിപ്പിച്ചു.

കെ ചന്ദ്രശേഖര റാവുവിന്റെ അഭിപ്രായം കോൺഗ്രസ്സിനും ബിജെപിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാനിടയില്ല എന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു. “അങ്ങനെയൊരു സാഹചര്യത്തിൽ പ്രാദേശിക കക്ഷികൾക്ക് പ്രാധാന്യം കൂടും. നമ്മുടെ രാജ്യത്തിന്റെ ഇക്കാലം വരെയുള്ള അനുഭവം കേന്ദ്ര സർക്കാരുകൾ ഫെഡറൽ തത്വങ്ങൾ പാലിക്കാതെ സംസ്ഥാന സർക്കാരുകളെ വളരെയേറെ ദ്രോഹിക്കുന്ന നിലപാടാണ് എടുത്തുവന്നിരുന്നത്. ഇത്തരം അനുഭവങ്ങൾ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. ഫെഡറൽ തത്വങ്ങൾ കേന്ദ്ര സർക്കാരുകൾ പാലിക്കാൻ തയ്യാറാകണം. അതിനുള്ള ഒരു പൊതുനിലപാടിലെത്താൻ കഴിയണം. പൊതുവിൽ നല്ല അഭിപ്രായങ്ങളായിട്ടാണ് എനിക്ക് തോന്നിയത്,” പിണറായി വിജയൻ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ദിവസമാണ് കെസിആർ കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തെ എല്ലാ പ്രാദേശിക കക്ഷികളും ഒരുമിച്ചു നിൽക്കാൻ തയ്യാറാകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. രാജ്യത്തെ ഫെഡറൽ വ്യവസ്ഥയെ താറുമാറാക്കിയ കക്ഷികളാണ് കോൺഗ്രസ്സും ബിജെപിയും. അവര്‍ക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാൻ പ്രാദേശിക കക്ഷികൾ തയ്യാറാകരുതെന്നാണ് കെസിആർ പറയുന്നത്. ഇതേ വിഷയം വിവിധ പ്രാദേശിക കക്ഷി നേതാക്കളുമായി കെസിആർ സംസാരിച്ചിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഒഴികെയുള്ള എല്ലാവരുമായും അദ്ദേഹം സംസാരിക്കുകയുണ്ടായി. ഇതാദ്യമായാണ് ഒരു സിപിഎം നേതാവുമായി കെസിആർ കൂടിക്കാഴ്ച നടത്തുന്നത്.

കഴിഞ്ഞദിവസം കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുമായി കെസിആർ ഫോണിൽ സംസാരിച്ചിരുന്നു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനുമായി മെയ് 13ന് ഇദ്ദേഹം ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം മമതാ ബാനർജിയുമായും കെസിആർ ചർച്ച നടത്തിയിരുന്നു. അനുകൂലമായ പെരുമാറ്റം മമതയിൽ നിന്നുണ്ടായില്ല. പ്രതിപക്ഷമഹാസഖ്യത്തിൽ നിന്നും മാറി നിൽക്കുന്ന ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായും കഴിഞ്ഞവർഷം ഇതേ വിഷയത്തിൽ ചർച്ച നടക്കുകയുണ്ടായി. അദ്ദേഹവും താൽപര്യം കാണിച്ചില്ല. തെരഞ്ഞെടുപ്പ് അവസാനിക്കാറായ ഘട്ടത്തിൽ കെസിആർ വീണ്ടും തന്റെ നീക്കങ്ങൾ ശക്തമാക്കുകയാണ്. മഹാസഖ്യ രൂപീകരണത്തെ അപേക്ഷിച്ച് കെസിആറിന്റെ നീക്കം ചെറുതാണ്. അദ്ദേഹം മാത്രമാണ് ഉത്സാഹിച്ച് ഇറങ്ങിയിട്ടുള്ളത്. കോൺഗ്രസ്-ബിജെപിയിതര മുന്നണിയെക്കുറിച്ച് ആത്മവിശ്വാസം ഇപ്പോഴും ആർക്കുമില്ല. അതെസമയം കെസിആറിന്റെ പാർട്ടിയായ തെലങ്കാന രാഷ്ട്രസമിതിയെ നിരന്തരമായി വിമർശിക്കുന്നുണ്ട് കോൺഗ്രസ്. ബിജെപിയുടെ ബി ടീം ആണ് ടിആർഎസ് എന്നാണ് വിമർശനം. മോദിയെ അധികാരത്തിൽ തിരികെയെത്തിക്കാനാണ് റാവു ഇത് ചെയ്യുന്നതെന്നും കോൺഗ്രസ്സ് ആരോപിക്കുന്നു.

ഇരു മുന്നണികള്‍ക്കും ഭൂരിപക്ഷം കിട്ടില്ല എന്നാണ് ചന്ദ്രശേഖര്‍ റാവു കരുതുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് നിര്‍ണായക പങ്കുണ്ടാകും എന്നാണ് കരുതുന്നത് എന്നും അതേമയം പ്രധാനമന്ത്രി ആരാകണം എന്ന് തീരുമാനിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍