TopTop
Begin typing your search above and press return to search.

ലോക പരിസ്ഥിതി ദിനത്തില്‍ ഇന്ത്യയിലെ ആദ്യ ഗ്രീന്‍ പാര്‍ട്ടിക്ക് പറയാനുള്ളത്

ലോക പരിസ്ഥിതി ദിനത്തില്‍ ഇന്ത്യയിലെ ആദ്യ ഗ്രീന്‍ പാര്‍ട്ടിക്ക് പറയാനുള്ളത്

ഇന്ന് ജൂണ്‍ 5, മറ്റൊരു ലോക പരിസ്ഥിതി ദിനം കൂടി ആചരിക്കപ്പെടുകയാണ്. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ചുരുക്കം ചില ആക്ടിവിസ്റ്റുകളുടെയും സയന്‍സ് ബുദ്ധിജീവികളുടെയും മാത്രം വിഷയമല്ല എന്ന ബോധ്യത്തില്‍ നിന്നും നാമേറെ മുന്നേറിയിട്ടുണ്ട്. എന്നാല്‍ അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യ പോലെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു രാജ്യത്തെ രാഷ്ട്രീയ വിഷയങ്ങള്‍ ഒട്ടും തന്നെ ആശാവഹമല്ല.

ജാതി ധ്രുവീകരണം, പരസ്പര വിദ്വേഷം തുടങ്ങി വൈകാരിക വിഷയങ്ങളെ ആളിക്കത്തിച്ചുള്ള തിരഞ്ഞെടുപ്പു പ്രക്രിയകളിലൂടെ കടന്നു വന്ന നമ്മുടെ രാഷ്ട്രീയം ഇന്ന് സൈബര്‍ അതിപ്രസരത്തിലൂടെ മുന്‍പന്തിയില്‍ എത്തുന്ന വികസന നാടകങ്ങളിലും ഭൂരിപക്ഷ-പശു രാഷ്ട്രീയത്തിലും നിന്ന് കറങ്ങുകയാണ്.

പരിസ്ഥിതി സംരക്ഷണം പല യൂറോപ്യന്‍ രാജ്യങ്ങളിലും ഒരു രാഷ്ട്രീയ വിഷയമാണ്. 1970-ന്റെ തുടക്കത്തിലാണ് ഗ്രീന്‍ പൊളിറ്റിക്‌സ് എന്ന ആശയം ഉടലെടുക്കുന്നത്. പരിസ്ഥിതി വിഷയങ്ങള്‍ക്കൊപ്പം സാമൂഹ്യ നീതി, പങ്കാളിത്ത ജനാധിപത്യം, ഫെമിനിസം എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ഈ ഹരിത രാഷ്ട്രീയത്തിലുണ്ട്. 1972 മാര്‍ച്ചില്‍ യുണൈറ്റഡ് ടാസ്മാനിയ ഗ്രൂപ്പ് എന്ന ഓസ്ട്രേലിയന്‍ സംഘടനയാണ് ഹരിത രാഷ്ട്രീയത്തില്‍ ഒരു കൂട്ടായ ശ്രമം നടത്തുന്നത്.

തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ വാല്യൂ പാര്‍ട്ടി , ഇംഗ്ലണ്ടില്‍ ഇക്കോളജി പാര്‍ട്ടി, ജര്‍മന്‍ ഗ്രീന്‍ പാര്‍ട്ടി തുടങ്ങി ഒരുപാടു മുന്നേറ്റങ്ങള്‍ ഉണ്ടായി. ഡീ ഗ്രനേന്‍ എന്ന ഗ്രീൻ പാര്‍ട്ടി ജര്‍മനിയുടെ ഫെഡറല്‍ പാര്‍ലമെന്റില്‍ സ്ഥാനം നേടിയപ്പോള്‍ പതിവ് യൂറോപ്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നും വേറിട്ട് താടിയും മുടിയും വളര്‍ത്തി സ്യൂട്ടും ടൈയും ധരിക്കാത്ത ഹരിത എംപിമാരുടെ ചിത്രങ്ങൾ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ചുരുക്കം ചില സീറ്റുകളില്‍ നിന്നും പ്രതിപക്ഷത്തേക്കും പിന്നീട് ഭരണത്തിലേക്കും വന്ന ചരിത്രമാണ് ജര്‍മ്മനിയിലെ ഹാംബര്‍ഗിലേയും ഹെസ്സെനിലെയും ഗ്രീന്‍ പാര്‍ട്ടിക്ക് പറയാനുള്ളത്. ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ചേര്‍ന്ന് കൂട്ടുകക്ഷി ഭരണം വഴി 1998-2005 വർഷങ്ങളിൽ ജര്‍മ്മനി ഭരിക്കാന്‍ ഗ്രീന്‍സിനു കഴിഞ്ഞിട്ടുണ്ട്.

ഇന്ന് കിഴക്കന്‍ യൂറോപ്പിലും പശ്ചിമ യൂറോപ്പിലും നിരവധി പോക്കറ്റുകളില്‍ ഗ്രീന്‍സ് മുന്നേറ്റങ്ങളുണ്ടാക്കുന്നുണ്ട്. ഫ്രാന്‍സ്, നോര്‍വേ, ഇറ്റലി, സ്വീഡന്‍ തുടങ്ങി പോര്‍ട്ടുഗലിലെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുടെ ക്യാബിനറ്റില്‍ വരെ ഹരിത പാര്‍ട്ടി ഒരു പ്രധാന കൂട്ടുകക്ഷിയായുണ്ട് .

ഇന്ത്യയില്‍ ചില പാര്‍ട്ടികള്‍ ഹരിത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ഒരു പ്യൂര്‍ ഗ്രീന്‍ പാര്‍ട്ടി ആദ്യമായി തുടങ്ങുന്നത് ഉത്തരാഖണ്ഡിലാണ്. ഉത്തരാഖണ്ഡ് പരിവര്‍ത്തന്‍ പാര്‍ട്ടി (യു.കെ. പി.പി) എന്ന ഈ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും മുന്‍ വൈസ് പ്രസിഡന്റുമായ സുരേഷ് നൗട്ടിയാലുമായുള്ള ഒരു അഭിമുഖമാണ് ചുവടെ.

ജെയ്‌സണ്‍: എന്താണ് ഹരിത രാഷ്ട്രീയം (ഗ്രീന്‍ പൊളിറ്റിക്‌സ്) കൊണ്ട് അര്‍ത്ഥമാക്കുന്നത് ?

സുരേഷ്: ഹരിത രാഷ്ട്രീയം വളരെ ലളിതമാണ്. ധൈഷണികമായോ പാണ്ഡിത്യം നിറഞ്ഞതോ ആയ സംവാദങ്ങള്‍ കുത്തി നിറക്കപ്പെടാതെ, കാലങ്ങള്‍ കൊണ്ട് തികച്ചും പ്രകൃത്യാധിഷ്ടിതമായ വഴിയില്‍ വളര്‍ന്നു വരുന്ന ഒരു പച്ചപ്പാണിത്. വൈരുദ്ധ്യാത്മക ഭൗതികവാദം പോലെ ഉള്ള സങ്കീര്‍ണമായ സിദ്ധാന്തങ്ങളൊന്നും തന്നെ ഇതിലില്ല. ഹരിത രാഷ്ട്രീയം വിവക്ഷിക്കുന്നത് ലളിതമായ വിഷയങ്ങളാണ്.

പ്രകൃതിയുടെ നന്മയ്ക്കായുള്ള ഈ രാഷ്ട്രീയം സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. പാരിസ്ഥിതിക വിജ്ഞാനം, പങ്കാളിത്ത ജനാധിപത്യം, സാമൂഹികം, സാംസ്‌കാരികം, രാഷ്ട്രീയം, സാമ്പത്തികം എന്നീ വിഷയങ്ങളിലെ തുല്യത, ലിംഗ സമത്വം, എല്ലാവര്‍ക്കും തുല്യാവകാശം, അക്രമരാഹിത്യം എന്നീ വിഷയങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകും വിധമാണ് അവതരിപ്പിക്കപ്പെടുന്നത്. ഇവ വളരെ ജൈവികമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്.

ജെ: താങ്കള്‍ എങ്ങനെയാണു ഗ്രീന്‍ പൊളിറ്റിക്‌സിലേക്ക് കടന്നു വരുന്നത്? മുഖ്യധാര രാഷ്ട്രീയത്തില്‍ ഇതിന്റെ നിലപാടെന്താണ് ?

സു: നോക്കൂ , ഇന്ത്യയില്‍ ഹരിത രാഷ്ട്രീയം അതിന്റെ ശൈശവ ദിശയിലാണ്. നിരവധിയാളുകളും ആക്ടിവിസ്റ്റുകളും പരിസ്ഥിതിവിഷയങ്ങളുമായി വര്‍ഷങ്ങളായി ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും അത് ഒരു രാഷ്ട്രീയ സ്വത്വത്തിലേക്കു എത്തിയിട്ടില്ല. ഞാന്‍ കുറച്ചു സുഹൃത്തുക്കളുമായി ചേര്‍ന്ന് ഹരിത രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയം തുടങ്ങുന്നത് 1990-ലാണ്. പിന്നീട് അതിന്റെ പ്രത്യയ ശാസ്ത്രങ്ങളും നയങ്ങളും ദേശീയതലത്തില്‍ രൂപീകരിക്കുക എന്ന ചുമതല എന്നില്‍ നിക്ഷിപ്തമായി.

ഉത്തരാഖണ്ഡ് പരിവര്‍ത്തന്‍ പാര്‍ട്ടി (യു കെ പി പി) എന്ന ഭാരതത്തിലെ ആദ്യ ഹരിത രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നത് 2009 ജനുവരിയിലാണ്. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ജനങ്ങളില്‍ ഒരു പരിധി വരെ പാരിസ്ഥിതിക അവബോധമുളവാക്കുവാന്‍ കാരണമായിട്ടുണ്ട്. പതിവ് രാഷ്ട്രീയത്തില്‍ നിന്നുള്ള ഒരു മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇന്ന് ഒരു സംസ്ഥാനത്ത് മാത്രമായി ഒതുങ്ങുന്ന ഒരു ചെറിയ പാര്‍ട്ടിയില്‍ നിന്നും ദേശീയ തലത്തിലേക്കു ഒരു ധാര സംജാതമാക്കുക എന്ന ഒരു ദൗത്യത്തിലൂടെ ഈ ഹരിത പാര്‍ട്ടിക്ക് കുറച്ചു കൂടി ശ്രദ്ധേയമാകാം കഴിയും എന്നാണ് ഞങ്ങള്‍ കരുതുന്നത്.

ഈ രാഷ്ട്രീയം വിവക്ഷിക്കുന്നത് നമ്മുടെ ഈ ചെറു ഗോളത്തിലെ ജീവന്റെ തന്നെ നിലനില്‍പ്പാണ്. ജാതി അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയത്തില്‍ നിന്നും ഒരു മാറ്റം ആവശ്യമാണ്. സമാധാനം, അക്രമരാഹിത്യം, സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ഒരുമ, പരസ്പര സഹവര്‍ത്തിത്വം ഇതാണ് നമുക്കാവശ്യം; മനുഷ്യരാശിയുടെ നിലനില്‍പ്പിനായുള്ള പരിസ്ഥിതി വിജ്ഞാനമാണത്. ഭാവി തീര്‍ച്ചയായും ചെന്നത്തുക ഹരിത രാഷ്ട്രീയത്തിലാകുമെന്നത് അവിതര്‍ക്കമാണ്.

ജെ: കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനുള്ള ആഗോള കൂട്ടായ്മയായ പാരീസ് ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്മാറിയിരിക്കുകയാണല്ലോ. ഒരു ഹരിത രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ എങ്ങനെ നോക്കിക്കാണുന്നു?

സു: പാരിസ് ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്മാറിയതായി പ്രഖ്യാപിച്ച പ്രസിഡന്റ് ട്രംപിന്റെ തീരുമാനം നിലവിലെ പാരിസ്ഥിതിക അവസ്ഥകളെ കുറിച്ച് അവബോധമില്ലാത്ത നിലയിലാണ്. ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടിലേക്ക് (ജി.സി.എഫ്) ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളിലൊന്നായ അമേരിക്ക നല്‍കിയിരുന്ന ഒരു ബില്യണ്‍ ഡോളറിന്റെ സംഭാവന ഇനിയുണ്ടാകില്ലെന്നത് ഒരു വലിയ തിരിച്ചടിയാണ്. വികസ്വര രാജ്യങ്ങളിലെ ഹരിത ഗൃഹവാതകങ്ങളുടെ വ്യാപനം കുറക്കാനും അത് വഴി ആഗോള താപനം ചെറുക്കാനുമായി നല്‍കിയിരുന്ന ഫണ്ടായിരുന്നു ജി.സി.എഫ്. ഇത് ഖേദകരമാണെങ്കിലും ആഗോള ഹരിത കൂട്ടായ്മകള്‍ മുന്നോട്ടു പോവുക തന്നെ ചെയ്യും.

ട്രംപിന്റെ തീരുമാനത്താല്‍ ബാധിക്കപ്പെടുന്ന രാജ്യങ്ങള്‍ ഉടന്‍ തന്നെ ഒരു പ്രശ്‌ന പരിഹാരത്തിനായി ഒത്തു കൂടേണ്ടതുണ്ട്. തങ്ങളുടെ സുഖസൗകര്യങ്ങള്‍ക്കായി ലോകത്തില്‍ ഏറ്റവുമധികം പാരിസ്ഥിതിക നാശം വരുത്തിവച്ച ഒരു രാജ്യം എന്ന നിലയില്‍ അമേരിക്കക്ക് തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഓടിയൊളിക്കാനാകില്ല. ഉടമ്പടിയിലേക്ക് മടങ്ങി വരുവാന്‍ ലോക രാജ്യങ്ങള്‍ അമേരിക്കക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തണം. ഭൗമ താപനില ഉയരാതെ നോക്കാനുള്ള മറ്റൊരു ഉടമ്പടിയായിരുന്ന ക്യോട്ടോ ഉടമ്പടിയും അമേരിക്ക അംഗീകരിച്ചിട്ടില്ല. വ്യക്തിപരമായി പറഞ്ഞാല്‍ ട്രംപ് എന്ന വ്യക്തിയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല.

ആഗോള താപനം ചെറുക്കാനായി നിലപാടുകള്‍ എടുക്കുന്ന ഒരു ലോക നേതൃത്വം വരേണ്ടത് നിലവിലെ സാഹചര്യങ്ങളില്‍ വളരെ ആവശ്യമാണ്. ഇങ്ങനെ ഒരു ഉദ്യമത്തില്‍ മുമ്പിലേക്കു വരുവാന്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു കഴിയും. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും നമുക്ക് മുന്‍പിലെ കടുത്ത യാഥാര്‍ഥ്യങ്ങളാണ്. ഇത് മനസ്സിലാക്കി പരിഹാരങ്ങള്‍ക്കായി ലോക രാജ്യങ്ങള്‍ കൈ കോര്‍ക്കേണ്ടതുണ്ട്.

ജെ: താങ്കളുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം എങ്ങനെ നോക്കിക്കാണുന്നു?

സു: ഹരിത പാര്‍ട്ടിയുടെ ഇന്ത്യയിലെ വിപുലീകരണത്തിനായ് നിരവധി പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. ആനന്ദി ശരണ്‍, ഡാനിയേല്‍ തഗിഓഫ് എന്നിവര്‍ ഇക്കൂട്ടത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. ഞങ്ങള്‍ കുറച്ചു പേര്‍ ചേര്‍ന്ന് ഒരു ദേശീയ ഹരിത പാര്‍ട്ടി ഉണ്ടാക്കാനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി ഹരിത ആക്ടിവിസ്റ്റുകള്‍ പരിസ്ഥിതിയെപ്പറ്റി ഒരുപാടു സംസാരിക്കാറുണ്ട് . എന്നാല്‍ ഇവരാരും തന്നെ ഒരു ഹരിത ദേശീയ പാര്‍ട്ടി എന്നതില്‍ ഉത്സാഹം കാണിക്കാറില്ല. ഇതില്‍ പലരും തങ്ങളുടെ തന്നെ എന്‍ജിഒകള്‍ രൂപീകരിക്കുന്നതിനാണ് താത്പര്യപ്പെടുന്നത്. എന്നാല്‍ ഒരു സംഘടിത ദേശീയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ വളരാം എന്ന് ആരും തന്നെ ചിന്തിക്കുന്നില്ല.

ജെ: ഹരിത രാഷ്ട്രീയം പരമ്പരാഗത രാഷ്ട്രീയ സങ്കല്പങ്ങളുമായി ഒത്തു പോകുമോ?

സു: ഹരിത രാഷ്ട്രീയ സങ്കല്‍പം തികച്ചും ഇന്ത്യ പോലെ ഒരു കാര്‍ഷിക രാജ്യത്ത് ഇന്നും അന്യമായി നില്‍ക്കുന്നു. ദേശീയ തലത്തില്‍ ഒരു ഹരിത പാര്‍ട്ടി ഇല്ല. ഇന്ന് ഇന്ത്യയില്‍ ആകെയുള്ള ഹരിത പാര്‍ട്ടി എന്ന് പറയുന്നത് ഞങ്ങളുടെ കൂട്ടായ്മയുടെ ഫലമായ ഉത്തരാഖണ്ഡ് പരിവര്‍ത്തന പാര്‍ട്ടിയാണ്. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ജനമുന്നേറ്റങ്ങളുയര്‍ത്തുന്ന ചുരുക്കം പാര്‍ട്ടികളുമായി യു കെ പി പിക്ക് ബന്ധമുണ്ട്. ദേശീയ തലത്തില്‍ എങ്ങനെ ഒരു ഹരിത പാര്‍ട്ടി നിലവില്‍ വരും എന്നതാണ് പ്രധാന വെല്ലുവിളി.

ജെ: ഇപ്പോള്‍ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന പശു രാഷ്ട്രീയത്തെപ്പറ്റി എന്താണ് താങ്കളുടെ നിലപാട് ?

സു: ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. നമുക്ക് ഒരു ഔദ്യോഗിക മതം ഇല്ല. ഒരു ഹരിതവാദി എന്നതിനാല്‍ ഞാന്‍ മാംസം കഴിക്കാറില്ല. എന്നാല്‍ ഇന്ത്യയില്‍ മാംസാഹാരത്തിന് മതത്തിന്റെ നിറം നല്‍കുന്നത് ദൗര്‍ഭാഗ്യകരമാണ്. മതം ഒരു രീതിയിലും മൃഗത്തെ സ്വാധീനിക്കാത്തതിനാല്‍ മാംസത്തെ അങ്ങനെ തന്നെ കാണേണ്ടതാണ്. എന്റെ സംസ്ഥാനത്ത് ആയിരക്കണക്കിന് കന്നുകാലികള്‍ വെള്ളമോ ആഹാരമോ കിട്ടാതെ റോഡിലൂടെ അലഞ്ഞു നടക്കാറുണ്ട്. ഇപ്പോള്‍ പറയപ്പെടുന്ന ഈ അഭിനവ ഗോ സംരക്ഷകര്‍ക്ക് അവയെ സംരക്ഷിക്കാന്‍ പറ്റില്ലെങ്കില്‍ എന്തുകൊണ്ട് ഇവയെ കശാപ്പു ചെയ്തുകൂടാ. മതം ഒരുപരിധി വരെ സഹിക്കാമെങ്കിലും അതിരു കടക്കാന്‍ പാടില്ല. വനങ്ങള്‍ വെട്ടി നശിപ്പിച്ച് മേച്ചില്‍ പ്രദേശങ്ങള്‍ ഉണ്ടാക്കുന്ന ബ്രസീല്‍ പോലെ ഉള്ള രാജ്യങ്ങളിലെ സമ്പ്രദായത്തോടും ഗ്രീന്‍സിനു എതിര്‍പ്പുണ്ട്.

ജെ: ഹരിത പാര്‍ട്ടിയുടെ ഇന്ത്യയിലെ ഭാവി പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കും? വിപുലീകരണം എങ്ങനെയാണ് ഉദ്ദേശിക്കുന്നത്?

സു: ഇന്ത്യയില്‍ ഹരിത പാര്‍ട്ടിയെ കുറിച്ച് പ്രതീക്ഷകള്‍ ഏറെയാണ്. എന്നാല്‍ കണ്ടു മടുത്ത സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി പാര്‍ട്ടി സഹകരിക്കില്ല. വളരെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഹരിത പാര്‍ട്ടിയുടെ ലക്ഷ്യത്തിലുള്ളത്.


Next Story

Related Stories