TopTop
Begin typing your search above and press return to search.

രാജി വികസനമില്ലാത്തതിനാലെന്ന് 5 ബെംഗളൂരു എംഎൽഎമാർ; പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് കോൺഗ്രസ് എംഎൽഎ

രാജി വികസനമില്ലാത്തതിനാലെന്ന് 5 ബെംഗളൂരു എംഎൽഎമാർ; പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് കോൺഗ്രസ് എംഎൽഎ
ബംഗളൂരുവിൽ വികസനമില്ലാത്തതിനാലാണ് ഒരു വർഷം പൂർത്തിയായ കർണാടക സർക്കാരിൽ നിന്നും തങ്ങൾ രാജി വെക്കുന്നതെന്ന് വിമത എംഎൽഎമാരിൽ അഞ്ചുപേർ പറഞ്ഞതായി റിപ്പോർട്ട്. ബെംഗളൂരുവിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎമാരാണ് നഗരത്തിൽ വികസനമുണ്ടാകുന്നില്ലെന്ന പരാതി ഉന്നയിച്ചത്. ബിടിഎം ലേഔട്ട് മണ്ഡലം എംഎൽഎ രാമലിംഗ റെഡ്ഢി, യശ്വന്ത്പൂർ എംഎൽഎ എസ്ടി സോമശേഖർ, കെആർ പുര എംഎൽഎ ബൈരതി ബസവരാജ്, മഹാലക്ഷ്മി ലേഔട്ടിലെ കെ ഗോപാലയ്യ, രാജരാജേശ്വരി നഗറിൽ നിന്നുള്ള മുനിരത്ന എന്നിവരാണ് ഈ പരാതി ഉന്നയിച്ചിരിക്കുന്നത്.

താൻ മുമ്പോട്ടു വെച്ച വികസന പ്രവർത്തനങ്ങൾക്കുള്ള പണം നൽകാൻ സർക്കാർ തയ്യാറാകുകയുണ്ടായില്ലെന്ന് എംഎൽഎ മുനിരത്ന പറയുന്നു. ഏഴു തവണ കോൺഗ്രസ് എംഎൽഎ ആയിരുന്നിട്ടുള്ള രാമലിംഗ റെഡ്ഢിക്കും ഇതേ പരാതിയാണുള്ളത്. സഖ്യ സർക്കാരിൽ താൻ അരികുവൽക്കരിക്കപ്പെട്ടതായും ഇദ്ദേഹത്തിന് പരാതിയുണ്ട്. നാലു തവണ ഇദ്ദേഹം മന്ത്രിയായിരുന്നിട്ടുമുണ്ട്. ഒരു തവണ ആഭ്യന്തരമന്ത്രി സ്ഥാനവും വഹിച്ചിരുന്നു. ഇപ്പോൾ വെറും എംഎൽഎയായി തുടരുന്നതിൽ കടുത്ത അതൃപ്തി റെഡ്ഢിക്കുണ്ട്.

സൗമ്യയും പിന്നാലെ

റെഡ്ഢിയുടെ മകൾ സൗമ്യയും കോൺഗ്രസ് എംഎൽഎയാണ്. റെഡ്ഢി പുറത്തുപോകുകയും സർക്കാർ വീഴുകയും ചെയ്താൽ സൗമ്യ പിതാവിനെ പിന്തുടരുമെന്നാണ് അറിയുന്നത്.

രാജി പിൻവലിക്കുന്ന പ്രശ്നമില്ല

എംഎൽഎ സ്ഥാനം രാജി വെക്കുന്നതായി കാണിച്ച് നിയമസഭാ സ്പീക്കർക്ക് നൽകിയ രാജി പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് കോൺഗ്രസ് എംഎൽഎ എസ്ടി സോമശേഖർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹവും മറ്റു എംഎൽഎമാർക്കൊപ്പം മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണുള്ളത്. ആകെ 13 എംഎൽഎമാർ രാജി വെച്ചിട്ടുണ്ടെന്നും അവരിൽ 10 പേർ ഹോട്ടലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരും പിന്നാക്കം പോകുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതെസമയം യുഎസ്സിൽ നിന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി തിരിച്ചെത്തിയിട്ടുണ്ട്. ഇന്ന് രാത്രി എല്ലാ ജെഡിഎസ് എംഎൽഎമാരുടെയും ഒരു യോഗം കുമാരസ്വാമി വിളിച്ചിട്ടുണ്ട്. ഇത്രയും എംഎൽഎമാരുടെ രാജി സ്വീകരിക്കപ്പെടുകയാണെങ്കിൽ മന്ത്രിസഭ നിലംപൊത്തുമെന്നത് സംശയമില്ലാത്ത കാര്യമാണ്. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിസ്ഥാനത്തു നിന്നും മാറിനിൽക്കാൻ വരെ താൻ തയ്യാറാണെന്ന് കുമാരസ്വാമി അറിയിച്ചതായി ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്.

കോൺഗ്രസ്സും ജനതാദളും തുടർച്ചയായ യോഗങ്ങൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ചൊവ്വാഴ്ച കോൺഗ്രസ്സ് നിയമസഭാകക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ട് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവെഗൗഡ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്തുകയുണ്ടായി. ഡികെ ശിവകുമാറുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു.

കെസി വേണുഗോപാൽ നേതാക്കളുമായി ചർച്ചയിൽ

കർണാടക സംസ്ഥാനത്തിന്റെ ചാർജുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ഇദ്ദേഹം ഒരു സ്വകാര്യ ഹോട്ടലിൽ തങ്ങി നേതാക്കളുമായി ചർച്ച നടത്തുകയാണ്.

അതെസമയം സർക്കാരിന് യാതൊരു ഭീഷണിയുമില്ലെന്നാണ് സിദ്ധരാമയ്യ പറയുന്നത്. എല്ലാ സുരക്ഷിതമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിമത എംഎൽഎമാരുമായി പാർട്ടി നിരന്തരമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും ജൂലൈ 12ന് വ്യക്തമായ ചിത്രം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ സമ്മേളനം കൂടുന്ന ദിവസമാണ് 12.

ഇപ്പോൾ ലഭിച്ചിട്ടുള്ള രാജിക്കത്തുകൾ താൻ ചൊവ്വാഴ്ച ഓഫീസിലെത്തിയാൽ മാത്രമേ നോക്കൂ എന്ന നിലപാടിലാണ് സ്പീക്കർ രമേഷ് കുമാർ.

കോൺഗ്രസ്സും ജെഡിഎസ്സും ചേർന്നാൽ ആകെ 118 എംഎൽഎമാരാണ് സഖ്യ സർക്കാരിനുള്ളത്. സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ബിജെപിയുടെ കളികളാണ് എംഎൽഎമാരുടെ രാജിക്കു പിന്നിലെന്ന് സഖ്യ സർക്കാർ ആരോപിക്കുന്നുണ്ട്. അതെസമയം, കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് ബിജെപി പ്രസിഡണ്ട് ബിഎസ് യെദ്യൂരപ്പ. സ്പീക്കർ രാജിക്കത്തുകളിൽ തീരുമാനമെടുക്കട്ടെ എന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിൽ എംഎൽഎമാർ മുംബൈയിലാണുള്ളത്. ഇവർ താമസിക്കുന്ന സോഫിടെൽ പഞ്ചനക്ഷത്ര ഹോട്ടലിനു മുമ്പിൽ‌ കോൺഗ്രസ് എംഎൽ‌എമാർ പ്രതിഷേധം സംഘടിപ്പിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് പ്രസിഡണ്ടും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പെടുന്നു.

ചൊവ്വാഴ്ചത്തെ നിയമസഭാ കക്ഷി യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും കാട്ടി കോൺഗ്രസ് സർക്കുലർ ഇറക്കിയിട്ടുണ്ട്.

രാജി വെച്ച എംഎൽഎമാർ

ജെഡിഎസ് മുൻ സംസ്ഥാന പ്രസിഡണ്ട് എച്ച് വിശ്വനാഥ്, കെ ഗോപാലയ്യ, നാരായണ ഗൗഡ (എല്ലാവരും ജെഡിഎസ് എംഎൽഎമാർ).

കോൺഗ്രസ്സിൽ നിന്നുള്ള ശിവരാം ഹെബ്ബാർ, മഹേഷ് കാമതഹള്ളി, ബിസി പാട്ടീൽ, പ്രതാപ് ഗൗഡ പാട്ടീല്‍, രാമലിംഗ റെഡ്ഢി, എസ്ടി സോമശേഖർ, മുനിരത്ന, ബൈരതി ബസവരാജ്, രമേഷ് ജാർകിഹോളി എന്നീ എംഎൽഎമാരും രാജി വെച്ചവരിൽ പെടുന്നു.

Next Story

Related Stories