UPDATES

ട്രെന്‍ഡിങ്ങ്

ഗുര്‍മീത്: കോണ്‍ഗ്രസും ബിജെപിയുമൊക്കെ അന്വേഷണം മുടക്കാന്‍ ശ്രമിച്ചു; മലയാളി സിബിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

ഈ കേസ് അന്വേഷിക്കുമ്പോഴുണ്ടായ വിവാദത്തെ തുടര്‍ന്ന്‌ അന്നത്തെ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് സിബിഐ ഡയറക്ടറെ വിളിപ്പിക്കുകയുണ്ടായി

രാജ്യമെമ്പാടുമായി കോടാനുകോടി രൂപയുടെ സമ്പത്തിന്റെ ഉടമയും കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട അക്രമ പരമ്പരകള്‍ക്ക് കാരണക്കാരനുമായ ദേര സച്ചാ സൗദ നേതാവ് ഗുര്‍മിത് റാം റഹിം സിങ്ങിനെ ജയിലിലേക്കെത്തിച്ചതിന് പിന്നില്‍ ഒരു മലയാളിയുമുണ്ട്. സി ബി ഐ ഉദ്യോഗസ്ഥനായ കാസര്‍ഗോഡ്, ഉപ്പള- മുളിഞ്ച സ്വദേശി നാരായണന്‍. റാം റഹിമിനെതിരെ തങ്ങള്‍ നടത്തിയ അന്വേഷണത്തെ കുറിച്ചും അന്ന് നേരിട്ട സമ്മര്‍ദ്ദങ്ങളെ കുറിച്ചും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ നാരായണന്‍ അഴിമുഖത്തോട് സംസാരിച്ചപ്പോള്‍-

‘ഈ കേസ് ഞങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ ആകെ ആ അജ്ഞാത കത്ത് മാത്രമാണ് തെളിവായി ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ അന്വേഷണം ഗുര്‍പ്രീതിന്റെ ആശ്രമത്തില്‍ ഉള്ളവരിലും അവിടെ നിന്ന് വിട്ടുപോയവരിലെക്കും വ്യപിപ്പിക്കേണ്ടി വന്നു. ലൈംഗികാതിക്രമം അവരെ സംബന്ധിച്ച് കുടുംബത്തിന്റെ പേര് കളയുന്ന ഒന്നായത് കാരണം ആരും ഒന്നും പറയാന്‍ പോലും തയ്യാറായില്ല. പല സ്ത്രീകളെയും അവരുടെ കുടുംബത്തെയും മൊഴി നല്‍കുന്നതിനായി ഒരുപാട് നിര്‍ബന്ധിക്കേണ്ടി വന്നു. ഒരു പെണ്‍കുട്ടി ആദ്യം തന്നെ മൊഴി നല്‍കുകയും അതില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്തു. അവിടെ ലൈംഗിക ചൂഷണം നടക്കുന്നു എന്ന അറിവ് ഉള്ളവരാണ് പലരും, എന്നാല്‍ അവര്‍ പുറത്തു പറയാന്‍ ഭയപ്പെടുന്നു. ഒരുപാട് നിര്‍ബന്ധിച്ചത് കാരണം ദേശീയ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയവര്‍ വരെ ഉണ്ട്. മൊഴി നല്‍കിയവര്‍ക്ക് ഞങ്ങള്‍ കാവല്‍ നിന്നു. പലരുടെയും ചലനങ്ങള്‍ വരെ ഞങ്ങള്‍ നിരീക്ഷിച്ചു.

കേസിന്റെ പല ഘട്ടങ്ങളിലും സമ്മര്‍ദങ്ങള്‍ നേരിട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഭരണകാലത്ത് അവരുടെ ഭാഗത്ത് നിന്നും എന്‍ഡിഎ ഭരണകാലത്ത് അവരുടെ ഭാഗത്ത് നിന്നും. കേസ് സീനിയര്‍ ഉദ്യോഗസ്ഥര്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി പ്രത്യേകം പറയുകയുണ്ടായി. എന്റെ അടുക്കലേക്ക് കേസ് വന്ന നാള്‍ മുതല്‍ അത് അന്വേഷിക്കരുത് എന്ന് താക്കീത് നല്‍കിയ ഉയര്‍ന്ന ഉദ്യോഗസ്ഥരുണ്ട്. എനിക്ക് ലഭിച്ച നൂറ്റിയമ്പതോളം വരുന്ന പെണ്‍കുട്ടികളുടെ മൊഴികള്‍ ചേര്‍ത്ത് ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഇത് വലിയ വിവാദമായി. ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥരെ സമീപിക്കണമായിരുന്നു എന്നായി. എന്നാല്‍ ഞാന്‍ ആരുടേയും നിര്‍ദേശം കേള്‍ക്കേണ്ടതില്ലെന്നും നിയമം അനുശാസിക്കുന്നതാണ് ചെയ്യേണ്ടതെന്നും എന്നിക്കറിയാമായിരുന്നു. ഇതേത്തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സിബിഐ ഡയറക്ടറെ വിളിപ്പിക്കുകയുണ്ടായി. എനിക്ക് ലഭിച്ച മൊഴികള്‍ അദ്ദേഹം കണ്ട് – ‘ഇത് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചവയാണെന്നും ഇനി ഒരു മാറ്റവും സാധ്യമല്ലെന്ന്’ പറയുകയാണ് ചെയ്തത്. എന്റെ വോയിസ് ഓഫ് സിബിഐ എന്ന പുസ്തകത്തില്‍ ഞാനീ അനുഭവങ്ങള്‍ എഴുതിയിട്ടുണ്ട്.

നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് ഇത്തരം ആള്‍ദൈവങ്ങളുടെ സാന്നിധ്യവും അവരുടെ പിടിപാടുകളും വളരെ ശക്തമാണ്. ആളുകളെ കൂടെ നിര്‍ത്തുന്നതിനുമായി ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ ചിലവാക്കുന്നത്. അതിനാല്‍ തന്നെ ഇവരുടെ സത്യത്തിലേക്ക് എത്തിച്ചെല്ലുക ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമങ്ങള്‍ കണ്ടതല്ലേ… ഏകദേശം അതേ സ്വഭാവമുള്ള ഭീഷണികളാണ് ഞങ്ങളും നേരിട്ടത്. എന്തായാലും ഞങ്ങള്‍ ഇത് പുറത്ത് എത്തിച്ചു. ഇനിയും ഇയാള്‍ക്ക് നേരെ കേസുകളുണ്ട്. കൊലപാതക കേസിന്റെ വിചാരണ നടക്കുകയാണ്. ഈ വിധി ഒരുപക്ഷെ കൂടുതല്‍ ആളുകള്‍ക്ക് സത്യം പറയാനുള്ള ആത്മവിശാസം നല്‍കുകയും അവര്‍ പുറത്തേക്ക് വരികയും ചെയ്യുമായിരിക്കും. എന്തായാലും നിയമത്തില്‍ വിശ്വസിച്ചു കാത്തിരിക്കുകയെ മാര്‍ഗമുള്ളൂ.’ അദ്ദേഹം പറഞ്ഞുനിര്‍ത്തി.


2002 സെപ്റ്റംബറിലാണ് റാം റഹിമിനെതിരെയുള്ള ബലാത്സംഗ കേസ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. റാം റഹിമിന്റെ ഉന്നതല സ്വാധീനത്താല്‍ ആദ്യത്തെ അഞ്ചു വര്‍ഷക്കാലം അന്വേഷണത്തില്‍ ഒന്നും പുരോഗതിയും സംഭവിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥരുടെ പേടിയും ഇതിന് ഒരു കാരണമായി. ഇതോടെ കേസ് വീണ്ടും കോടതിയിലെത്തി. സ്വാധീനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാത്ത ഉദ്യോഗസ്ഥനെ കേസന്വേഷണത്തിന് നിയോഗിക്കാന്‍ കോടതി ഉത്തരവിട്ടു. 2002 ഡിസംബര്‍ 12-ന് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അന്വേഷണം നാരായണന്റെ കൈകളിലെത്തി.

അന്വേഷണ സംഘത്തെ മേലുദ്യോഗസ്ഥരും ജനപ്രതിനിധികളും വന്‍കിടക്കാരും സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചിരുന്നു. നീണ്ട അന്വേഷണത്തിനിടയില്‍ പരാതിക്കാരിയായ മുന്‍ ആശ്രമവാസിയെ നാരായണന്റെ അന്വേഷണ സംഘം കണ്ടെത്തി. അപ്പോഴേക്കും ആശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട പരാതിക്കാരിയായ യുവതി കുടുംബ ജീവിതത്തിലേക്ക് കടന്നിരുന്നു. പൂര്‍ണ ഉത്തരവാദിത്തതോടെ സുരക്ഷിതമായി അദ്ദേഹം യുവതിയെ മജിസ്ട്രേറ്റിന് മുന്നിലെത്തിക്കുകയും ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മൊഴിയെടുപ്പിക്കുകയും ചെയ്തു. കേസ് ഭാവിയില്‍ ദുര്‍ബലപ്പെടാതിരിക്കാനായിരുന്നു ഇത്. ആള്‍ദൈവത്തെ ചോദ്യം ചെയ്യുക എന്ന വെല്ലുവിളിയും ഏറ്റെടുത്തു. റാം റഹിമിനെ ആദ്യം ചോദ്യം ചെയ്യാന്‍ ലഭിച്ചത് അരമണിക്കൂറായിരുന്നു. ഈ അരമണിക്കൂര്‍ ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചു. അത് ഉപയോഗിച്ച് നാരായണനും സംഘത്തിനും റാം റഹിമിനെ നിയമത്തിന്റെ മുമ്പില്‍ എത്തിക്കാനായി.

എസ് ഐ റാങ്കില്‍ സി ബി ഐയില്‍ ജോലിയില്‍ പ്രവേശിച്ച നാരായണന്‍ ജോയിന്റ് ഡയറക്ടര്‍ പദവിയോടെയാണ് വിരമിച്ചത്. 1970-ല്‍ കാസര്‍ഗോഡ് ഗവ. കോളേജില്‍ നിന്നും സയന്‍സില്‍ ബിരുദമെടുത്ത ശേഷമാണ് നാരായണന്‍ സിബിഐയില്‍ ചേര്‍ന്നത്. പിന്നീടുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതകാലം മുഴുവന്‍ വെല്ലുവിളിയുടെ കാലഘട്ടങ്ങളായിരുന്നു. ഇപ്പോള്‍ 65 വയസുള്ള നാരായണന്‍ 38 വര്‍ഷക്കാലം സിബിഐയില്‍ സേവനമനുഷ്ഠിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധം, ബാബറി മസ്ജിദ്, ഖാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ കേസ് എന്നിവയൊക്കെ അന്വേഷിച്ച സിബിഐ സംഘത്തിലെ അംഗമായിരുന്നു നാരായണന്‍. 2009ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച അദ്ദേഹത്തെ അതേ വര്‍ഷം തന്നെ സി ബി ഐയുടെ ഉപദേഷ്ടാവായി നിയമിച്ചു. 1992-ല്‍ മികച്ച സേവനത്തിനുള്ള പോലീസ് മെഡലും 1999-ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.

ശില്‍പ മുരളി

ശില്‍പ മുരളി

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍