UPDATES

വൈരം മറന്ന് പിണറായിയും മമതയും; ഒപ്പം നായിഡുവും കുമാരസ്വാമിയും; കെജ്രിവാളിനെ പിന്തുണച്ച് ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ ചടുല രാഷ്ട്രീയ നീക്കം

നാല് മുഖ്യമന്ത്രിമാരും കെജ്രിവാളിന്‍റെ വീട്ടില്‍ എത്തി ഭാര്യയ്ക്ക് തങ്ങളുടെ പിന്തുണ അറിയിച്ചു

ലെഫ്റ്റ്നന്‍റ് ഗവര്‍ണ്ണര്‍ അനില്‍ ബൈജാലിന്റെ ഒദ്യോഗിക ഭവനത്തില്‍ കുത്തിയിരുപ്പ് സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കാണാന്‍ എത്തിയ മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, മമത ബാനര്‍ജി, എച്ച് ഡി കുമാര സ്വാമി, ചന്ദ്രബാബു നായിഡു എന്നിവര്‍ക്ക് അനുമതി നിഷേധിച്ചു. കഴിഞ്ഞ ആറ് ദിവസമായി ലഫ്. ഗവര്‍ണറുടെ വസതിയില്‍ സമരം തുടരുകയാണ് കെജ്രിവാളും മന്ത്രിമാരായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ് എന്നിവരും. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണം എന്നു മുഖ്യമന്ത്രിമാര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നാല് മാസമായി തുടരുന്ന ഐഎഎസുകാരുടെ സമരം അവസാനിപ്പിക്കുക, റേഷന്‍ വീടുകളില്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെജ്രിവാളും മന്ത്രിമാരും കുത്തിയിരുപ്പ് സമരം നടത്തുന്നത്.

ഞായറാഴ്ച നടക്കാനിരിക്കുന്ന നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിമാര്‍ കേജ്രിവാളിനെ കാണാനുള്ള അനുവാദം ലെഫ്.ഗവര്‍ണ്ണറോട് ചോദിച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റ് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണെന്നും അത് രാജ്യത്തിന്റെ നിലനില്‍പ്പിന്നുതന്നെ അപകടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ ജനാധിപത്യ വിശ്വാസികളും കെജ്രിവാളിനെ പിന്തുണയ്ക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഒരു മുഖ്യമന്ത്രിയെ കാണാന്‍ അനുമതി നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇതാണോ ജനാധിപത്യം? രാജ്യത്തിന്റെ തലസ്ഥാനത്ത് ഇതാണ് നടക്കുന്നതെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ എന്തായിരിക്കും നടക്കുന്നുണ്ടാകുക? മമതാ ബാനര്‍ജി ചോദിച്ചു.

നാല് മുഖ്യമന്ത്രിമാരും കെജ്രിവാളിന്‍റെ വീട്ടില്‍ എത്തി ഭാര്യയ്ക്ക് തങ്ങളുടെ പിന്തുണ അറിയിച്ചു.

കര്‍ണ്ണാടകയില്‍ കുമാര സ്വാമി ഗവണ്‍മെന്റിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മറ്റൊരു പ്രതിപക്ഷ മുന്നേറ്റത്തിനാണ് ഡല്‍ഹിയില്‍ കളമൊരുങ്ങുന്നത്. അഖിലേഷ് യാദവ്, തേജസ്വി യാദവ്, കമല്‍ ഹാസന്‍ എന്നിവര്‍ കെജ്രിവാളിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

എന്നാല്‍ പ്രതിപക്ഷ ഐക്യത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണ് എന്നു പ്രഖ്യാപിച്ച കോണ്‍ഗ്രസ്സിന്റെ നിശബ്ദതയെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഡല്‍ഹിയില്‍ ബിജെപിയെ സഹായിക്കുന്ന കോണ്‍ഗ്രസ് 2019ല്‍ എങ്ങനെ അവരെ ഡല്‍ഹിയില്‍ നിന്ന് പുറത്താക്കും?

കര്‍ണ്ണാടകയില്‍ ചെയ്ത മണ്ടത്തരം ബിജെപി ഡല്‍ഹിയിലും ആവര്‍ത്തിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍