TopTop
Begin typing your search above and press return to search.

മസൂദിനെ യുഎൻ കരിമ്പട്ടികയിൽ പെടുത്താൻ ഫ്രാൻസ് വീണ്ടും നീക്കം തുടങ്ങി; ചൈനയുടെ വീറ്റോ അധികാരം നിർണായകം

ജയ്ഷെ മൊഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കം വീണ്ടും ശക്തമാക്കാൻ ഫ്രാൻസ്. നിർണായകമെന്ന് വിശേഷിപ്പിക്കാവുന്ന ഈ നീക്കത്തിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേശകൻ ഫിലിപ്പ് എറ്റീന് ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവലിനെ ഫോണിൽ ബന്ധപ്പെട്ടു. ജയ്ഷെ മൊഹമ്മദിനെ 'ആഗോളഭീകരനാ‌'യി പ്രഖ്യാപിക്കണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭാ രക്ഷാ കൗൺസിലിൽ അവതരിപ്പിക്കാനാണ് നീക്കം.

നേരത്തെയും സമാനമായ നീക്കങ്ങൾ രക്ഷാ കൗൺസിലിൽ നടന്നിരുന്നെങ്കിലും പാകിസ്താനുമായി ഉറ്റസൗഹൃദം പുലർത്തുന്ന ചൈനയുടെ എതിർപ്പ് മൂലം അത് നടക്കാതെ പോകുകയായിരുന്നു.

രണ്ടുദിവസങ്ങൾക്കകം ഫ്രാൻസ് ഈ നീക്കത്തിന് മുതിരുമെന്നാണ് വിവരം. ഐക്യരാഷ്ട്രസഭാ രക്ഷാ കൗൺസിലിൽ അംഗമായ രാഷ്ട്രങ്ങൾക്കിടയിൽ ഇതു സംബന്ധിച്ച് ആശയവിനിമയം നടത്താൻ ഫ്രാൻസ് മുൻകൈയെടുക്കുന്നുണ്ട്. സുരക്ഷാ കൗൺസിലിലെ ചൈന ഒഴികെയുള്ള സ്ഥിരാംഗങ്ങളായ റഷ്യ, യുകെ, യുഎസ്, ജർമനി എന്നിവർക്കിടയിൽ സമവായമുണ്ടാക്കാനാണ് ശ്രമം. ഇതോടൊപ്പം ഭീകരയ്ക്കെതിരായി യുഎൻ രക്ഷാ കൗൺസിൽ 1999ൽ പാസ്സാക്കിയ പ്രമേയത്തിന്റെ ചെയറായിരുന്ന ഇന്തോനീഷ്യയുടെ പിന്തുണയ്ക്കു വേണ്ടിയും ശ്രമം നടക്കുന്നുണ്ട്. ചൈന പൂർണമായും പാകിസ്താന്റെ ഭാഗത്താണ് നിലകൊള്ളുന്നത് ഇപ്പോൾ. റഷ്യയും മൃദുസമീപനത്തിലാണ്. മേഖലയിൽ വ്യാപാര പദ്ധതികളിൽ പാകിസ്താൻ പലതുകൊണ്ടും ഒരു നിർണായക ഘടകമാണ് ഇരുകൂട്ടർക്കും.

മസൂദിനെ ഭീകരനായി പ്രഖ്യാപിക്കുന്നതിനായി 2017ൽ ഐക്യരാഷ്ട്രസഭയിൽ നടത്തിയ ശ്രമം ചൈനയുടെ എതിർപ്പു മൂലം പരാജയപ്പെട്ടിരുന്നു.

പാകിസ്താനു മേൽ സമ്മർദ്ദം ചെലുത്താൻ ഫ്രാൻസ് മറ്റുചില വഴികളും ആരായുന്നുണ്ട്. ഈയാഴ്ച പാരിസിൽ നടക്കാനിരിക്കുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൽ (FATF) പാകിസ്താനെ 'ഗ്രേ ലിസ്റ്റി'ൽ ഉൾപ്പെടുത്താന്‍ സമ്മർദ്ദം ചെലുത്തും. 1989ൽ രൂപീകരിച്ച അന്തർദ്ദേശീയ സമിതിയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്. കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ഫണ്ടിങ്ങിനും എതിരെ നീക്കങ്ങൾ നടത്തുന്ന സമിതിയാണിത്. ഇവർ ഗ്രേ ലിസ്റ്റിൽ‌ പെടുത്തുന്നത് പാകിസ്താന് അന്തർ‌ദ്ദേശീയ ലോണുകൾ ലഭിക്കുന്നതിൽ പ്രയാസമുണ്ടാക്കും. സാമ്പത്തി ഉപരോധങ്ങളെ നേരിടേണ്ടതായി വരും. വ്യാപാരബന്ധങ്ങളിൽ പാകിസ്താനുമേൽ സമ്മർദ്ദം ചെലുത്താൻ ഈ പട്ടികപ്പെടുത്തലിനെ ഇതര രാജ്യങ്ങൾക്ക് ഉപയോഗിക്കാം. ബ്ലാക്ക് ലിസ്റ്റിൽ‌ പെടുത്തുന്നതിനു മുമ്പായി താക്കീത് നൽകുന്നതാണ് ഗ്രേ ലിസ്റ്റിൽ പെടുത്തൽ. ഫ്രാൻസിന്റെ ശ്രമം വിജയിച്ചാൽ പാകിസ്താന്റെ സാമ്പത്തിക താൽപര്യങ്ങൾക്ക് അതൊരു വലിയ തിരിച്ചടിയായി മാറും.

യുഎന്‍ രക്ഷാ സമിതിയിൽ ചൈനയ്ക്ക് വീറ്റോ അധികാരമുള്ളതിനാൽ കാര്യമായൊന്നും നടക്കാനിടയില്ല. 2008-09ൽ മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജയ്ഷെ മൊഹമ്മദിനെ കരിമ്പട്ടികയിൽ പെടുത്താൻ ഇന്ത്യ ശ്രമം നടത്തിയിരുന്നു. ഇതിനെ ചൈനയാണ് പരാജയപ്പെടുത്തിയത്. പത്താൻകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 2016ൽ നടത്തിയ ശ്രമവും ചൈന വീറ്റോ ചെയ്തു.

പാകിസ്താന് ഇക്കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ നിന്നുള്ള പിന്തുണയും ലഭിച്ചിരുന്നു. പാകിസ്താൻ സന്ദർശിച്ച മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പാക് പ്രധാനമന്ത്രിയുമായി ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഐക്യരാഷ്ട്രസഭയുടെ 'പട്ടികപ്പെടുത്തൽ വാഴ്ച'യ്ക്കെതിരെ നിലപാടെടുത്തിരുന്നു. ജയ്ഷെ മൊഹമ്മദിനെയും മസൂദിനെയും കരിമ്പട്ടികയിൽ പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം വന്നതിനു തൊട്ടു പിന്നാലെയാണ് സൗദി ഈ പിന്തുണ നൽകിയതെന്നത് ശ്രദ്ധേയമാണ്.


Next Story

Related Stories