TopTop
Begin typing your search above and press return to search.

മുംബൈ നഗരത്തിൽ നിയമവിരുദ്ധ പാർക്കിങ്ങിന് 23,000 വരെ പിഴ

മുംബൈ നഗരത്തിൽ നിയമവിരുദ്ധ പാർക്കിങ്ങിന് 23,000 വരെ പിഴ
മുംബൈ നഗരത്തിൽ നിയമവിരുദ്ധമായ പാർക്കിങ്ങിന് 5000 രൂപ മുതൽ 23,000 രൂപ വരെ പിഴയീടാക്കുന്ന ചട്ടം നിലവിൽ വന്നു. ബൃഹദ് മുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് കടുത്ത ചട്ടം കൊണ്ടുവന്നിരിക്കുന്നത്.

നിയമവിരുദ്ധ പാർക്കിങ്ങിനുള്ള പിഴയ്ക്കൊപ്പം വാഹനം പൊക്കിക്കൊണ്ടു പോകാനുള്ള ചാർജുകളും ചേർത്താണ് ഇത്രയും വലിയ പിഴയായി മാറുന്നത്. ടൂ വീലറുകൾക്ക് ഇതുവഴി 5000 മുതൽ 8500 രൂപ വരെ പിഴ വരും. ഫോർ വീലറുകൾക്ക് 10,000 മുതൽ 23,500 വരെ പിഴ വരും. ഇടത്തരം വലിപ്പമുള്ള വാഹനങ്ങളുടെ ഉടമകൾക്ക് 11,000 മുതൽ 17,600 രൂപ വരെ പിഴ നൽകേണ്ടി വരും. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 10,000 മുതൽ 15,100 രൂപ വരെയാണ് പിഴ. എല്ലാത്തരം മുച്ചക്ര വാഹനങ്ങൾക്കും 8,000 രൂപ മുതൽ 12,200 രൂപ വരെ പിഴ നൽകേണ്ടതായി വരും.

മുംബൈ നഗരത്തിലെ വൻ ഗതാഗതക്കുരുക്കുകൾക്ക് കാരണങ്ങളിലൊന്ന് തോന്നിയിടത്ത് പാർക്ക് ചെയ്യുന്ന വാഹന ഉടമകളുടെ ശീലമാണെന്നാണ് അധികാരികളുടെ കണ്ടെത്തൽ. സൗകര്യമുള്ളയിടത്ത് പാർക്ക് ചെയ്ത് വാഹന ഉടമകൾ‌ തങ്ങളുടെ പാട്ടിന് പോകുകയും ദീർഘനേരത്തേക്ക് തിരികെ വരാതിരിക്കുകയും ചെയ്യുന്നത് സാധാരണമായി നടക്കുന്നതാണ്.

കഴിഞ്ഞ ദിവസങ്ങളിൽ മുംബൈയിലുണ്ടായ വെള്ളപ്പൊക്കത്തിനു ശേഷം താറുമാറായിക്കിടക്കുന്ന സംവിധാനങ്ങള്‍ക്കിടയിൽ വാഹന ഉടമകളുടെ ഈ വ്യവസ്ഥയില്ലായ്മ പ്രശ്നമായി മാറിയിരുന്നു.

പിഴത്തുക അടയ്ക്കാൻ വൈകിയാൽ ദിനംതോറും കൂടുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. നഗരത്തിൽ മൂന്ന് ദശലക്ഷം വാഹനങ്ങളുണ്ടെന്നാണ് കണക്ക്.

ഈ പുതിയ ചട്ടങ്ങൾ നടപ്പിലാക്കാൻ ബിഎംസി മുന്‍ സൈനികരെ ജോലിക്കെടുത്തിട്ടുണ്ട്. സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെയും ഇതിനായി നിയോഗിക്കും.

തുടക്കത്തിൽ നഗരത്തിലെ വാഹനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ മാത്രമാണ് ഈ നിയമം നടപ്പാക്കുക. പിന്നീടിത് നഗരത്തിലെമ്പാടും വ്യാപിപ്പിക്കും.

Next Story

Related Stories