TopTop

ഗോവധ നിരോധനം ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്ക് നേരെയുള്ള ബലപ്രയോഗം; ഗാന്ധിജി പണ്ടേ പറഞ്ഞിരുന്നു

ഗോവധ നിരോധനം ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്ക് നേരെയുള്ള ബലപ്രയോഗം; ഗാന്ധിജി പണ്ടേ പറഞ്ഞിരുന്നു
ഗോവധത്തിന് കര്‍ശന ശിക്ഷ ഉറപ്പാക്കിക്കൊണ്ട് ഹിന്ദുത്വ തീവ്രവികാരങ്ങളെ പരിപോഷിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ തീവ്ര വിഭാഗീയ നിലപാടുകള്‍ക്ക് ലഭിച്ച വലിയ ജനപിന്തുണ ഈ മാര്‍ഗ്ഗത്തിലൂടെ നീങ്ങാന്‍ ബിജെപിക്ക് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഗോവധ നിരോധനത്തിന് വേണ്ടി ഇന്ത്യയില്‍ ആദ്യമായി നിലകൊണ്ട നമ്മുടെ രാഷ്ട്രപിതാവിന്റെ നിലപാടുകള്‍ ഇക്കാര്യത്തില്‍ എന്തായിരുന്നു എന്ന് ആലോചിക്കുന്നത് ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാവുന്നു. ഗോവധം പോലുള്ള വൈകാരിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി മേല്‍ജാതി ഹൈന്ദവോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി ധ്രൂവീകരിച്ചുകൊണ്ട് 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ അധികാരം നിലനിറുത്താം എന്ന് ഹിന്ദുവര്‍ഗ്ഗീയവാദികള്‍ സ്വപ്‌നം കാണുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.

1947 ജൂലൈ 25ന് നടന്ന ഒരു പ്രാര്‍ത്ഥന യോഗത്തില്‍ ഗാന്ധിജി ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. മഹാത്മ ഗാന്ധിയുടെ സമ്പൂര്‍ണ കൃതികളില്‍ നിന്നുള്ള ആ ഭാഗങ്ങള്‍.

ഗോവധം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് കത്തുകളാണ് തനിക്ക് ലഭിക്കുന്നതെന്ന് ബാബു രജേന്ദ്ര പ്രസാദ് തന്നോട് പറഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗാന്ധിജി തന്റെ നിലപാട് വ്യക്തമാക്കുന്നത്. തന്റെ ഒരു സുഹൃത്ത് ഇതേ ആവശ്യം ഉന്നയിച്ച് നിരാഹാരസത്യാഗ്രഹം ആരംഭിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിലൊന്നും യാതൊരു അര്‍ത്ഥമില്ല. പശുക്കളെ കൊല്ലുന്നതില്‍ നിന്നും ഹിന്ദുക്കളെ മതപരമായി വിലക്കിയിട്ടുണ്ട്. 'പശുവിനെ ശുശ്രൂഷിക്കുമെന്ന് വളരെക്കാലം മുമ്പ് പ്രതിജ്ഞ എടുത്ത ഒരാളാണ് ഞാന്‍. പക്ഷെ എന്റെ മതം എങ്ങനെയാണ് ബാക്കിയുള്ള ഇന്ത്യക്കാരുടെയെല്ലാം മതമാകുന്നത്? ഹിന്ദുക്കളല്ലാത്ത മറ്റ് ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ബലപ്രയോഗമായി അത് മാറും,' എന്ന് ഗാന്ധിജി അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കുന്നു.

അദ്ദേഹം ഇങ്ങനെ തുടരുന്നു: 'മതത്തിന്റ കാര്യത്തില്‍ ഒരു ബലപ്രയോഗവും ഉണ്ടാവില്ലെന്ന് നമ്മള്‍ പുരപ്പുറത്ത് കയറി നിന്ന് വിളിച്ച് കൂവുന്നു. പ്രാര്‍ത്ഥനകളില്‍ നമ്മള്‍ ഖുറാനില്‍ നിന്നുള്ള വചനങ്ങള്‍ ഉദ്ധരിക്കുന്നു. പക്ഷെ ഈ വചനങ്ങള്‍ നിങ്ങള്‍ പറയണമെന്ന് ആരെങ്കിലും എന്നെ നിര്‍ബന്ധിച്ചാല്‍ എനിക്കത് ഇഷ്ടപ്പെടില്ല. ഒരാള്‍ സ്വമനസാലേ തയ്യാറാവാത്ത പക്ഷം എങ്ങനെയാണ് പശുവിനെ കൊല്ലരുത് എന്ന് എനിക്ക് അയാളെ നിര്‍ബന്ധിക്കാനാവുക? ഇന്ത്യന്‍ യൂണിയനില്‍ ഹിന്ദുക്കള്‍ മാത്രമേ ഉള്ളു എന്നത് പോലെയാവും അത്. ഇവിടെ മുസ്ലീങ്ങളും പാഴ്‌സികളും ക്രിസ്ത്യാനികളും മറ്റ് മതക്കാരുമുണ്ട്.'

ഇന്ത്യ ഹിന്ദുക്കളുടെ ദേശമാണെന്ന ഹിന്ദുക്കളുടെ ധാരണ അബദ്ധജഡിലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവിടെ ജീവിക്കുന്ന എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് ഇന്ത്യ. 'നിയമം മൂലം നമ്മള്‍ ഗോവധം നിരോധിക്കുകയും പാകിസ്ഥാന് നേരെ തിരിച്ച് ചെയ്യുകയും ചെയ്താല്‍ അതിന്റെ ഫലമെന്തായിരിക്കും? ശരിയത്ത് വിഗ്രഹാരാധന അനുവദിക്കാത്തതിനാല്‍ ഇനിമുതല്‍ ഹിന്ദുക്കളെ ക്ഷേത്രങ്ങളില്‍ പോകാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞാല്‍? കല്ലില്‍ പോലും ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. പക്ഷെ ആ വിശ്വാസം കൊണ്ട് ഞാന്‍ എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ഹാനി ഉണ്ടാക്കുക? അതുകൊണ്ട് എന്നെ ക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും ആരെങ്കിലും വിലക്കിയാലും ഞാന്‍ അവിടം സന്ദര്‍ശിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ കത്തയക്കുന്നത് നിറുത്തണം എന്നാണ് എനിക്ക് നിര്‍ദ്ദേശിക്കാനുള്ളത്,' എന്നും അദ്ദേഹം വ്യക്തമാക്കുന്നു.കൂടാതെ സമ്പന്നരായ ചില ഹൈന്ദവര്‍ ഗോവധത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു. അവര്‍ അവരുടെ കൈകൊണ്ട് പശുവിനെ കൊല്ലുന്നില്ല എന്ന് മാത്രമേയുള്ളു. 'ഓസ്‌ട്രേലിയയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പശുവിനെ കയറ്റി അയക്കുന്നത് ആരാണ്? അവിടെ വച്ച് പശുവിനെ കൊന്നശേഷം അതിന്റെ തോലുകൊണ്ട് നിര്‍മ്മിക്കുന്ന ചെരുപ്പുകള്‍ ഇന്ത്യയിലേക്ക് മടക്കി അയക്കുന്നത് ആരാണ്' ഗാന്ധിജി ചോദിക്കുന്നു. തന്റെ കുട്ടികള്‍ക്ക് പശുവിന്റെ സൂപ്പ് കൊടുക്കുന്ന ഒരു യാഥാസ്ഥിതിക വൈഷ്ണവനെ തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ ഔഷധം എന്ന നിലയില്‍ ബീഫ് കഴിക്കുന്നത് പാപമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നും ഗാന്ധിജി ഓര്‍ക്കുന്നു.

യഥാര്‍ത്ഥ മതം എന്താണെന്ന് ആലോചിക്കാതെ ഗോവധം നിയമം മൂലം നിരോധിക്കണമെന്ന് വെറുതെ മുദ്രാവാക്യം വിളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഗാന്ധിജി ചൂണ്ടിക്കാണിക്കുന്നു. ഗ്രാമങ്ങളില്‍ കാളകളെ കൊണ്ട് കടുത്ത ഭാരം ചുമപ്പിക്കുന്നത് ഹിന്ദുക്കള്‍ തന്നെയാണ്. അത് സാവാധാനത്തിലുള്ള ഗോവധമല്ലെയെന്നും അദ്ദേഹം ചോദിക്കുന്നു. അതുകൊണ്ട് തന്നെ ഇത് നിയമ നിര്‍മ്മാണസഭയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഗാന്ധിജിയെ കൊന്നവരുടെ ചെവിയില്‍ ഇത്തരം വേദങ്ങള്‍ ഓതുന്നതില്‍ അര്‍ത്ഥമുണ്ടാകില്ല. പക്ഷെ, അടിച്ചേല്‍പ്പിക്കുപ്പെടുന്ന നിയമങ്ങള്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാകുമ്പോള്‍ അവയുടെ ആയുസ് വളരെ ചെറുതായിരിക്കും എന്ന് യുക്തിപരമായ ചിന്തകളും ചരിത്രപാഠങ്ങളും നമ്മെ പഠിപ്പിക്കുന്നു. ക്ഷിപ്രപ്രീണനത്തിന് വേണ്ടിയും അധികാരം നിലനിറുത്താനുള്ള അന്ധമായ അഭിലാഷങ്ങളുടെ പുറത്തും നടത്തുന്ന ഇത്തരം ആവേശങ്ങളുടെ ആഘാതം ഒരു പ്രത്യേക മതത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഒരു രാജ്യത്തിന്റെ ഭാവിയെ തന്നെ ബാധിക്കുന്നതാവും അതെന്നുള്ളതാണ് വസ്തുത.

Next Story

Related Stories