Top

7.65എംഎം: ഒരേ തോക്ക്, ഒരേ രീതി; ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൌരി വധങ്ങള്‍ക്ക് സമാനതകളേറെ

7.65എംഎം: ഒരേ തോക്ക്, ഒരേ രീതി; ധബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, ഗൌരി വധങ്ങള്‍ക്ക് സമാനതകളേറെ
കൊല്ലപ്പെട്ട നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരെ കൊലപ്പെടുത്തിയതും ചൊവ്വാഴ്ച രാത്രി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതും ഒരേ മോഡല്‍ തോക്കു കൊണ്ട്. മാത്രമല്ല, ഈ കൊലപാതകങ്ങളെല്ലാം സമാന രീതിയിലാണ് നടന്നിട്ടുള്ളതും എന്നതിനാല്‍ ഇക്കാര്യം മുന്‍നിര്‍ത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്റലിജന്‍സ് ഐ.ജി ബി.കെ സിംഗിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അതിനിടെ, ഗൌരി ലങ്കേഷിന് നക്സലൈറ്റുകളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

2015 ആഗസറ്റ് 30-നാണ് 77 കാരനായ കല്‍ബുര്‍ഗി കര്‍ണാടകത്തിലെ ധാര്‍വാഡില്‍ കൊല്ലപ്പെട്ടത്. 7.65 എംഎം നാടന്‍ നിര്‍മ്മിത പിസ്റ്റളില്‍ നിന്നുള്ള വെടിയേറ്റായിരുന്നു മരണം. മഹാരാഷ്ട്രയില്‍ 81-കാരനായ ഗോവിന്ദ പന്‍സാരെ കൊല്ലപ്പെട്ടതും സമാന തോക്കില്‍ നിന്നുള്ള വെടിയെറ്റാണെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. 2013 ആഗസറ്റ് 20 ന് പൂനയില്‍ നരേന്ദ്ര ധബോല്‍ക്കറിനെ കൊല്ലാന്‍ ഉപയോഗിച്ചതും 7.65 എംഎം പിസ്റ്റള്‍ തന്നെയായിരുന്നു. ധബോല്‍ക്കറെ വധിക്കാന്‍ ഉപയോഗിച്ച രണ്ട് തോക്കുകളില്‍ ഒന്നാണ് അതേ വര്‍ഷം പന്‍സാരെയെ കൊല്ലാന്‍ ഉപയോഗിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കല്‍ബര്‍ഗിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വളരെ അടുത്തു നിന്ന് വെടിവയ്ക്കുകയായിരുന്നു. പ്രഭാതനടത്തത്തിനിടയിലാണ് പന്‍സാരെയും ധബോല്‍ക്കറും വളരെ അടുത്തുനിന്നുള്ള വെടിയേറ്റ്‌ കൊല്ലപ്പെടുന്നത്. അതുകൊണ്ടു തന്നെ ഈ കൊലപാതകങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ സംഘം ആയിരുന്നോ എന്ന കാര്യമാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്. .

പന്‍സാരയുടെ കൊലക്കുപിന്നില്‍ ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദുത്വ സംഘടനയായ 'സനാതന്‍ സന്‍സ്ത'യാണെന്ന് സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അതേ സമയം ലങ്കേഷിന്റെ കൊലപാതകാവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്ക്കുന്നതിനെതിരെ സനാതന്‍ സന്‍സ്ത ഇന്നലെ രംഗത്തെത്തി. "എല്ലാ കൊലപാതകങ്ങളും അപലപനീയമാണ്. എന്നാല്‍ ഹിന്ദുത്വശക്തികള്‍ക്കെതിരായി പുരോഗമനവാദികകളും കമ്മ്യൂണിസ്റ്റുകളും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്'' എന്ന് സംഘടനയുടെ വക്താവ് ചേതന്‍ രാജഹന്‍സ് ഇന്നലെ പറഞ്ഞു. ''കമ്യൂണിസ്റ്റുകള്‍ കൊല്ലപ്പെടുമ്പോള്‍ വിമര്‍ശനവും ഹിന്ദുക്കളുടെ കൊലപാതകങ്ങളില്‍ പുരോഗമവാദികള്‍ മൗനം പാലിക്കുന്നതും ഇരട്ടത്താപ്പാണ്. ഈ ഇരട്ടത്താപ്പിനെ അപലപിക്കുന്നു'' എന്നും രാജഹന്‍സ് ആരോപിച്ചു.



ഗൌരി ലങ്കെഷിനെതിരെ ഉതിര്‍ത്ത നാല് വെടിയുണ്ടകളില്‍ മൂന്നെണ്ണമാണ് അവരുടെ ദേഹത്ത് തറഞ്ഞുകയറിയത്. ഒരു വെടിയുണ്ട മുതുകിലും രണ്ടെണ്ണം വയറ്റിലുമാണ് തറച്ചത് എന്ന് പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി ദി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുളച്ചുകയറിയ വെടിയുണ്ട അവരുടെ ഹൃദയവും ശ്വാസകോശവും തകര്‍ത്തതാണ് മരണ കാരണം.

സുരക്ഷാ ഭീഷണിയുള്ള സാഹചര്യത്തില്‍ വീട്ടില്‍ നാല് സിസിടിവി ക്യാമറകള്‍ ഗൌരി ഘടിപ്പിച്ചിരുന്നു. കാര്‍ പാര്‍ക്ക്‌ ചെയ്ത ശേഷം ഗേറ്റ് തുറക്കാന്‍ ശ്രമിക്കുന്ന ഗൌരിയെ 10 അടി ദൂരെ പിന്നില്‍ നിന്ന് വെടിവയ്ക്കുന്ന ദൃശ്യം വ്യകതമാണെന്ന് ഇന്നലെ സിസിടിവി ദൃശ്യങ്ങള്‍ നേരിട്ടു പരിശോധിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഹെല്‍മറ്റും കറുത്ത ജാക്കറ്റും ധരിച്ച ഒരാളാണ് വെടിയുതിര്‍ക്കുന്നത്. കാറിനു പിന്നിലായി വെളിച്ചം കാണാമായിരുന്നുവെന്നും ഇത് അക്രമികള്‍ സഞ്ചരിച്ച ബൈക്കിന്റെത് ആകാനാണ് സാധ്യതയെന്നുമാണ് അന്വേഷണസംഘം കരുതുന്നത്.

10 കിലോമീറ്റര്‍ അകലെയുള്ള ഗൌരി ലങ്കേഷ് പത്രികയുടെ ഓഫീസ് മുതല്‍ അക്രമികള്‍ ഗൌരിയെ പിന്തുടരുന്നുണ്ടായിരുന്നുവെന്നും പോലീസ് കരുതുന്നു. ഈ ഭാഗങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.


Next Story

Related Stories