TopTop
Begin typing your search above and press return to search.

ഗൗരിയെ കൊല്ലാൻ വാഘ്മാരെ വാങ്ങിയത് 13,000 രൂപ; കൊല പണത്തിനായിരുന്നില്ല; ചുരുളുകള്‍ അഴിഞ്ഞത് ഇങ്ങനെ

ഗൗരിയെ കൊല്ലാൻ വാഘ്മാരെ വാങ്ങിയത് 13,000 രൂപ; കൊല പണത്തിനായിരുന്നില്ല; ചുരുളുകള്‍ അഴിഞ്ഞത് ഇങ്ങനെ

ഗൗരി ലങ്കേഷിന്റെ മരണശേഷം നിന്നുപോയ ഗൗരി ലങ്കേഷ് പത്രികെ വീണ്ടും പുറത്തിറങ്ങാൻ പോകുകയാണ്. ഇന്നു മുതൽ ഈ ടാബ്ലോയ്ഡ് പുറത്തിറങ്ങിത്തുടങ്ങും. ന്യായപാത എന്ന പേരിലാണ് പത്രിക പബ്ലിഷ് ചെയ്യുക. രാജ്യത്തെമ്പാടും സഞ്ചരിച്ച് പത്രിക പ്രസിദ്ധീകരിക്കുന്നതിനുള്ള ഫണ്ട് പിരിച്ചെടുക്കും. നിർഭയരായി ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകര്‍ക്ക് വർഷാവർഷം അവാർഡ് നൽകും. ഗൗരി ലങ്കേഷ് പത്രികെയിൽ ജോലി ചെയ്തിരുന്ന മാധ്യമപ്രവർത്തകർ തന്നെയാണ് തുടർന്നും ഈ ടാബ്ലോയ്ഡിന് ജീവശ്വാസം നൽകുക. ഗൗരി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് - സെപ്റ്റംബര്‍ അഞ്ചിന്- ഒരു വർഷം തികയുന്നു.

ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ വന്നിട്ടുള്ള വാര്‍ത്ത, പരശുറാം വാഘ്മാരെ എന്ന ഉത്തര കർണാടകക്കാരനാണ് കൊലയാളിയെന്ന് ഫോറൻസിക് പരിശോധനകളിൽ സ്ഥിരീകരിക്കപ്പെട്ടു എന്നതാണ്. 'ഹിന്ദു വിരുദ്ധ'യായ ഗൗരിയെ 13,000 രൂപ വാങ്ങിയാണ് പരശുറാം വാഘ്മാരെ കൊലപ്പെടുത്തിയത്. എന്നാൽ ഇയാളൊരു വാടകക്കൊലയാളിയല്ല; ആർഎസ്എസ് അടക്കമുള്ള തീവ്രഹിന്ദുത്വ സംഘടനകളിൽ നിന്നുമുള്ള കടുത്ത തീവ്രമനോഭാവക്കാര്‍ ചേർന്ന് രൂപീകരിച്ച ഒരു രഹസ്യ സംഘടനയിലെ അംഗമാണ്. അറുപതോളം അംഗങ്ങളുള്ള, പേരുപോലുമില്ലാതെ പ്രവർത്തിക്കുന്ന ഈ രഹസ്യ സംഘടനയാണ് കർണാടകത്തിൽ മുൻപ് നടന്നിട്ടുള്ള പല ഉത്പതിഷ്ണുക്കളുടെയും കൊലപാതകത്തിനു പിന്നിൽ എന്ന് അന്വേഷകർ കണ്ടെത്തിയിട്ടുണ്ട്.

താനീ കൊലപാതകം നടത്തിയത് പണത്തിനു വേണ്ടിയല്ലെന്ന് കര്‍ണാടക പോലീസിലെ ഈ കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തോട് വാഘ്മാരെ പറയുകയുണ്ടായി. ഗൗരി ലങ്കേഷിന്റെ കാഴ്ചപ്പാടുകൾ 'ഹിന്ദു വിരുദ്ധ'മാണ് എന്നതിനാലാണ് കൊല ചെയ്യാൻ താൻ സമ്മതിച്ചതെന്നാണ് ഈ 29കാന്റെ വെളിപ്പെടുത്താല്‍. അഡ്വാൻസായി 3,000 രൂപ വാങ്ങി. 10,000 രൂപ മറ്റൊരാൾ (ഇയാളെ വാഘ്മാരെക്ക് അറിയില്ല) കൈമാറി. കൊലപാതകത്തിനു ശേഷം വീട്ടുസാമാനങ്ങൾ വിൽക്കുന്ന കടയിലെ ജോലി തുടരാൻ പരശുരാം വാഘ്മാരെ നാട്ടിലേക്ക് തിരിച്ചുപോയി.

ഗെയ്റ്റ് അനാലിസിസ് എന്ന സങ്കേതമാണ് ഗുജറാത്തിലെ ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് സയൻസസിലെ പരിശോധനകളിൽ ഉപയോഗിക്കപ്പെട്ടത്. രണ്ട് വീഡിയോകളാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷക സംഘത്തിന്റെ പക്കലുള്ളത്. ഇവയിലെ പ്രതിയുടെ ശരീരചലനങ്ങളെ വിശകലനം ചെയ്ത് വാഘ്മെരെയുടേതുമായി താരതമ്യം ചെയ്താണ് കൊലയാളിയെ ഉറപ്പിച്ചത്. വാഘ്മാരെ, താൻ തന്നെയാണ് കൊലയാളി എന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും കോടതിയിൽ നിലനിൽക്കുന്ന തെളിവുകൾ സംഘടിപ്പിക്കാനുള്ള പരിശ്രമത്തിലാണ് പോലീസ്. ഇപ്പോഴത്തെ ഫോറൻസിക് ഫലം വളരെ നിർണായകമാണ്.

അതീവശ്രദ്ധയോടെ നടപ്പാക്കിയ കൊലപാതകമായിരുന്നു ഗൗരി ലങ്കേഷിന്റേത്. കൊലപാതകം നടന്ന് മാസങ്ങളോളം യാതൊരു തുമ്പും ലഭിക്കാതെ പ്രത്യേകാന്വേഷക സംഘം കുടുങ്ങിക്കിടന്നു. ഹിന്ദുത്വ തീവ്രവാദി സംഘടനകളിൽ പ്രവർത്തിക്കുന്നവരുടെ ഫോൺകോളുകൾ തുടർച്ചയായി നിരീക്ഷിച്ചു വരുന്ന ജോലിയാണ് അന്വേഷകർ ചെയ്തുവന്നിരുന്നത്. ഇതിനിടയിലാണ് ഹിന്ദു യുവ സേന എന്ന ഹിന്ദുത്വ തീവ്രവാദി സംഘടനയുടെ പ്രവർത്തകനായ നവീൻ കുമാറിന്റെ ഒരു കോൾ അന്വേഷകരുടെ ശ്രദ്ധയിൽ പെടുന്നത്. ഈ കോളിൽ കുറച്ചുനാളായി സ്ഥലത്തില്ലാതിരുന്നതിന്റെ കാരണം നവീൻ തന്നെ വിളിച്ചയാളോട് വിശദീകരിക്കുകയാണ്. 'ഒരു വലിയ കേസുമായി ബന്ധപ്പെട്ട് അണ്ടർ ഗ്രൗണ്ടിലായിരുന്നു' എന്ന് നവീൻ പറയുന്നു. ഏത് കേസിൽ എന്ന ചോദ്യത്തിന് 'ഗൗരി ലങ്കേഷ്' എന്നായിരുന്നു ഉത്തരം.

ഇതായിരുന്നു ഗൗരി ലങ്കേഷ് കൊലക്കേസ് അന്വേഷണത്തിലെ ആദ്യത്തെ നിർണായക സംഭവം.

നവീൻ കുമാറിന്റെ ഫോൺകോളുകൾ പിന്തുടർന്നതില്‍ നിന്ന് അന്വേഷകർക്ക് മറ്റൊരു കാര്യം മനസ്സിലായി. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച രഹസ്യ സംഘടനയ്ക്കു വേണ്ടി നവീൻ വേറൊരു നമ്പർ സൂക്ഷിക്കുന്നുണ്ട്. ഈ നമ്പര്‍ കണ്ടെത്താനായി അന്വേഷകരുടെ അടുത്ത ശ്രമം. നവീൻ യാത്ര ചെയ്യുന്ന ഭാഗങ്ങളിൽ ഉപയോഗിക്കുന്ന എല്ലാ ഫോൺ നമ്പരുകളും നിരീക്ഷിച്ചു കൊണ്ടിരുന്നു. നവീൻ പോകുന്ന ലൊക്കേഷനുകളെല്ലാം തിരിച്ചറിഞ്ഞു. അവ അതേ സ്ഥലത്തുണ്ടായിരുന്ന മറ്റ് നമ്പരുകളെ വെച്ച് വിശകലനം ചെയ്തു. ഇങ്ങനെ നവീന്റെ രണ്ടാമത്തെ നമ്പരും പൊലീസ് മനസ്സിലാക്കി.

ഈ നമ്പരിൽ നിന്ന് നവീൻ കോളുകളൊന്നും ചെയ്തിരുന്നില്ല. ഇൻകമിങ് കോളുകൾ സ്വീകരിക്കുക മാത്രം ചെയ്തു. ഈ വിളികളെല്ലാം ഒരാളിൽ നിന്നായിരുന്നു. പബ്ലിക് ടെലഫോൺ ബൂത്തുകളിൽ നിന്നായിരുന്നു അവയെല്ലാം. നിർദ്ദേശങ്ങൾ നൽകാനായിരുന്നു വിളികളെല്ലാം. അവ കോഡുകളായിട്ടാണ് നൽകിയിരുന്നത്. വിളികൾക്കിടയിൽ 'പ്രവീൺ അണ്ണ' എന്ന ഒരു പരാമർശം നവീനിന്റെ ഭാഗത്തു നിന്നുണ്ടായി. അയാളെ കണ്ടെത്തുകയായി അടുത്ത ലക്ഷ്യം. ഇതിനായി നവീനിനെ മുഴുവൻ സമയവും നേരിട്ട് നിരീക്ഷിക്കാൻ ആളെ ഏർപ്പാടാക്കി. മൂന്ന് ഷിഫ്റ്റുകളിലായി പോലീസ് ഈ ജോലി ചെയ്തു.

പ്രവീണിനെ കണ്ടെത്തുക അങ്ങേയറ്റം ദുഷ്കരമായിരുന്നു. ബൂത്തുകളിൽ നിന്നാണ് കോളുകളെല്ലാം. ഈ ബൂത്തുകളോരോന്നും നൂറു കിലോമീറ്ററെങ്കിലും ദൂരവ്യത്യാസത്തിലാണെന്നും പൊലീസ് മനസ്സിലാക്കി. നിരന്തരമായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. നവീന്‍ പ്രവീണുമായി നിരന്തരം ബന്ധപ്പെടുന്നതിനു കാരണം യുക്തിവാദിയും പണ്ഡിതനുമായ കെഎസ് ഭഗവാനെ കൊലപ്പെടുത്താൻ തോക്ക് സംഘടിപ്പിക്കുന്നതിനാണ്. പ്രവീണിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ നവീൻ കെഎസ് ഭഗവാനെ കൊലപ്പെടുത്താൻ തോക്ക് സംഘടിപ്പിക്കാനായി ബെംഗളൂരുവിലേക്ക് നീങ്ങുന്നതായി അന്വേഷകർ മനസ്സിലാക്കി. ഇതോടെ അറസ്റ്റ് ചെയ്യാമെന്ന തീരുമാനത്തിലേക്ക് പോലീസ് വന്നു. ഫെബ്രുവരിയിൽ അറസ്റ്റ് നടന്നു.

ഉഡുപ്പി ജില്ലയിലെ ഒരു വിവാഹച്ചടങ്ങിൽ വെച്ച് തോക്ക് കൈമാറാമെന്ന ധാരണയിലായിരുന്നു തങ്ങളെന്ന് പിന്നീട് പിടിയിലായ പ്രവീൺ പൊലീസിന് വെളിപ്പെടുത്തി. വിവാഹച്ചടങ്ങിൽ വെച്ച് പ്രവീണിനെ പിടികൂടാമെന്ന് പൊലീസ് പദ്ധതിയിട്ടെങ്കിലും മാധ്യമങ്ങളുടെ വിവേകശൂന്യമായ ഇടപെടൽ മൂലം അത് നടക്കുകയുണ്ടായില്ല. വിവാഹച്ചടങ്ങിൽ വെച്ച് പ്രവീണിനെ പിടികൂടുമെന്ന് ടെലിവിഷനുകളില്‍ വാർത്ത വന്നു. പ്രവീൺ രക്ഷപ്പെട്ടു. പ്രവീണിന്റെ യഥാർത്ഥ പേര് സുചിത്ത് കുമാർ എന്നാണെന്ന് പൊലീസ് ഇതിനകം മനസ്സിലാക്കിയിരുന്നു. പ്രവീൺ സ്ഥിരമായി വിളിച്ചുകൊണ്ടിരുന്ന നൂറിലധികം ബൂത്തുകളെ പോലീസ് തുടർന്നും നിരീക്ഷിക്കാൻ തുടങ്ങി.

ഹിന്ദുത്വ തീവ്രവാദികളുടെ, അറുപതോളം വരുന്ന അംഗങ്ങളുള്ള സംഘത്തിന്റെ പ്രധാന റിക്രൂട്ടർമാരിലൊരാളാണ് പ്രവീൺ. സംഘാംഗങ്ങൾ എല്ലാവര്‍ക്കും സിം നൽകുന്നതും അവ എങ്ങനെ ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകുന്നതുമെല്ലാം പ്രവീണായിരുന്നു. വ്യാജ പ്രമാണങ്ങളുപയോഗിച്ച് സംഘടിപ്പിക്കുന്നതാണ് ഈ നമ്പരുകളെല്ലാം.

'ഹിന്ദു ധർമത്തിന് അപകടം സംഭവിക്കുന്നു' എന്ന ഉറച്ച വിശ്വാസമുള്ള ആളുകളാണ് സംഘത്തിൽ ചേരുന്നത്. ഇവരെ കൂടുതൽ തീവ്രവാദ മനോഭാവമുള്ളവരാക്കാനുള്ള പരിശീലനം സംഘത്തിനകത്ത് ലഭിക്കും. ഇവരിൽത്തന്നെ സ്ഥൈര്യത്തോടെ അക്രമം നടത്താൻ ശേഷിയുള്ളവരെ കണ്ടെത്തി പിസ്റ്റൾ ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്നു. പരശുറാം വാഘ്മാരെ ഇത്തരത്തിൽ പരിശീലനം കിട്ടിയ ആളായിരുന്നു. വർഷങ്ങളെടുക്കും ഒരാൾ ഇത്തരത്തിലുള്ള ശേഷിയുള്ളയാളാണെന്ന് സംഘടന അംഗീകരിക്കാൻ. 2014ൽ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട വാഘ്മാരെക്ക് 2017-ലാണ് പിസ്റ്റൾ ഉപയോഗിക്കാനുള്ള പരിശീലനം കിട്ടുന്നത്.

തീവ്രവാദ പഠനത്തിനും ആയുധപരിശീലനത്തിനുമായി ഉപയോഗിക്കുന്ന 13 കേന്ദ്രങ്ങൾ ഈ സംഘടനയ്ക്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി. അറുപതിലധികം പേരുള്ള സംഘനയിൽ വലിയ വിഭാഗം പേരെയും അന്വേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചാർത്തി കേസെടുക്കാനാണ് തീരുമാനം. എങ്കിലും ഈ വഴിയിലേക്ക് എത്താൻ ഇനിയും സമയമെടുക്കും.

പ്രവീണിനെ പിടികൂടാനുള്ള ശ്രമം ഫെബ്രുവരി മാസത്തിൽ തന്നെ വിജയം കണ്ടു. ഇയാളുടെ സ്വകാര്യ ഫോൺ നമ്പർ കണ്ടെത്തുന്നതിൽ വിജയിച്ചതോടെയാണിത്. പ്രവീൺ പോകുന്ന ലൊക്കേഷനുകളില്‍ പ്രവർത്തിച്ച മറ്റ് ഫോൺ നമ്പരുകൾ താരതമ്യം ചെയ്താണ് ഇത് സാധിച്ചത്. ഈ ഫോണിൽ പ്രവീൺ നടത്തിയ സംഭാഷണങ്ങളിലൊന്നിൽ 'ഭായി സാബു'മായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പറയുന്നത് അന്വേഷകർ ശ്രദ്ധിച്ചു. ദാവൻഗരെയിലെ ഈ കൂടിക്കാഴ്ചയ്ക്ക് നീങ്ങുന്ന സമയത്ത് പ്രവീൺ പോലീസിന്റെ പിടിയിലായി. 'ഭായി സാബ്' നിൽക്കുന്ന സ്ഥലത്തേക്ക് ഇയാൾ പോലീസിനെ നയിച്ചു. ഒരു ചുവന്ന വാനിനകത്ത് മൂന്ന് പേർ ഇരിപ്പുണ്ടായിരുന്നു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ, ഭായി സാബ് എന്നറിയപ്പെടുന്ന അമോൽ കാലെ ആയിരുന്നു അവരിലൊരാൾ. അമിത് ദേഗ്‌വേകർ, മനോഹർ എദാവെ എന്നിവരായിരുന്നു മറ്റ് രണ്ടുപേർ.

ഇവരുടെയെല്ലാം വീടുകളിൽ നടത്തിയ റെയ്ഡുകളിലൂടെയാണ് പ്രത്യേക അന്വേഷക സംഘം കൂടുതൽ നിഗമനങ്ങളിലേക്ക് എത്തിയത്. നിർണായകമായത് അമോൽ കാലെയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ രണ്ട് ഡയറികളും പ്രവീണിന്റെയും എദാവെയുടെയും വീടുകളിൽ നിന്നും കണ്ടെത്തിയ ഓരോ ഡയറികളുമാണ്.

രഹസ്യഭാഷയിലെഴുതിയ പേരുകളും നമ്പരുകളുമാണ് ഇവയിലുണ്ടായിരുന്നത്. കാലെയുടെ ഡയറിയിൽ നിന്ന് കൊലപ്പെടുത്തേണ്ടവരുടെ ഒരു പട്ടികയും ഉണ്ടായിരുന്നു. ഇതില്‍ കൊലപ്പെടുത്തേണ്ടവരുടെ പട്ടികയില്‍ രണ്ടാമതായിരുന്നു ഗൌരിയുടെ പേര്. ഒന്നാമത്തേത് പ്രസിദ്ധ നാടക രചയിതാവും സംവിധായകനും എഴുത്തുകാരനുമായ ഗിരേഷ് കര്‍ണാഡ്. ഈ പട്ടികയിൽ നൽകിയ സമയക്രമത്തിലെ അവസാന തീയതി സെപ്തംബർ 5 ആയിരുന്നു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട ദിവസം. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനുള്ള ബ്ലൂപ്രിന്റ് ആയിരുന്നു ഇതെന്നാണ് പോലീസ് വിശ്വസിക്കുന്നത്.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പരശുറാം വാഘ്മാരെയിലേക്ക് അന്വേഷകർ എത്തിയത്. പലതരത്തിലുള്ള ചോദ്യം ചെയ്യലുകള്‍ക്ക് പോലീസ് ഇവരെ വിധേയമാക്കി. പ്രത്യയശാസ്ത്രപരമായ തർക്കങ്ങളിൽ ഏർപ്പെടുക വരെ ചെയ്തു. ഇത്തരമൊരു സംഭാഷണത്തിനിടയിൽ ഒരു 'ബിൽഡർ' ആണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് അമിത് ദേഗ്‌വേകറിന്റെ വായിൽ നിന്നും വീണു. കാലെയുടെ ഡയറിയിൽ ബിൽഡർ എന്ന പേരുണ്ടായിരുന്നു. അതിലെ നമ്പർ സ്വിച്ച് ഓഫായിരുന്നു. നമ്പർ അവസാനമായി പ്രവർത്തിച്ചത് വടക്കൻ കർണാടകത്തിലെ ബീജാപൂരിലെ സിന്ദഗി ടൗണിലാണെന്ന് പൊലീസ് കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്യലുകളിൽ 'ബിൽഡർ' എന്നതു കൊണ്ട് താനുദ്ദേശിച്ചത് 'ബോഡി ബിൽഡർ' എന്നാണെന്ന് അമിത് ദേഗ്‌വേകർ വെളിപ്പെടുത്തി.

ഇതിനിടയിൽ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെ ഫോറൻസിക് റിപ്പോർട്ടിൽ കൊലയാളിയുടെ ഉയരവും ശാരീരിക സവിശേഷതകളും ഉണ്ടായിരുന്നു. ഉയരം 5 അടി 1 ഇഞ്ച് ആണെന്നായിരുന്നു കണ്ടെത്തൽ. സിന്ദഗി ടൗണില്‍ മുൻകാലങ്ങളിൽ നടന്ന വർഗീയ പ്രശ്നങ്ങളിൽ ഉൾപ്പെട്ടവരിൽ 5 അടി 1 ഇഞ്ച് നീളമുള്ളവരെ ചേർത്ത് ഒരു തിരിച്ചറിയൽ പരേഡ് പോലീസ് നടത്തി. ഇക്കൂട്ടത്തിൽ ഇതേ ഉയരമുള്ള, തടിച്ച ചുമലുകളുള്ള ഒരാളെ അന്വേഷകർ കണ്ടെത്തി. തൊട്ടടുത്ത ദിവസം പരശുറാം വാഘ്മാരെയുടെ വീട്ടിലേക്ക് അന്വേഷകരെത്തി.

2011-ലാണ് ഹിന്ദുത്വ തീവ്രവാദികളുടെ ഈ സംഘം രൂപീകരിക്കപ്പെടുന്നത്; വീരേന്ദ്ര തവ്ദെ എന്ന പൂനെക്കാരന്റെ നേതൃത്വത്തിൽ. യുക്തിവാദിയായ നരേന്ദ്ര ധബോൽക്കറെയും ഗോവിന്ദ് പൻസാരെയെയും കൊലപ്പെടുത്തിയ കേസുകളിലെ പ്രധാന ഗൂഢാലോചകനാണ് ഇയാൾ. വിശ്വാസത്തിനെതിരായ സംസാരിക്കുന്ന ഹിന്ദുക്കളെ വലിയ ശത്രുക്കളായി കാണുന്നവരുടെ സംഘടനയാണ് ഈ ഇഎൻടി സർജൻ വിഭാവനം ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് അന്വേഷകർ പിടിച്ചെടുത്ത ഹിറ്റ് ലിസ്റ്റിൽ മുഴുവനും ഹിന്ദുക്കളായിരുന്നു. 2016ൽ ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടു.

പന്‍സാരെയെയും ധബോൽക്കറെയും കൊന്നതിനു ശേഷം കൂടുതൽ പേരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ജോലികൾ ഇയാൾ തുടങ്ങിയിരുന്നു. പൻസാരെയ്ക്കു ശേഷം പണ്ഡിതനായ കാൽബുർഗിയെയും ഇവർ വകവരുത്തി. ഈ കൊലയ്ക്ക് ഉപയോഗിച്ച അതേ തോക്കാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനും ഉപയോഗിച്ചത്. ഒരേ തോക്കുപയോഗിക്കുന്നത് അബദ്ധമാണെന്ന് ഇവർക്കറിയാമായിരുന്നു. മറ്റൊരു തോക്ക് സംഘടിപ്പിക്കാൻ‌ സാധിക്കുകയുണ്ടായില്ല. ഗത്യന്തരമില്ലാതെ ഗൗരിയെ കൊല്ലാൻ അതേ തോക്കു തന്നെ ഉപയോഗിക്കുകയായിരുന്നു.

ഈ കൊലപാതകത്തിനു ശേഷം സംഘടന വീണ്ടും സജീവമായി. (2016ൽ വീരേന്ദ്ര തവ്ദെ അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം പ്രവർത്തനങ്ങളിൽ മാന്ദ്യം വന്നിരുന്നു.) അടുത്ത കൊലപാതകത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. പണ്ഡിതനും ഉൽപതിഷ്ണുവുമായ, ഹിന്ദുത്വ തീവ്രവാദികളുടെ വിമർശകനായ കെഎസ് ഭഗവാനെ കൊലപ്പെടുത്തുകയായിരുന്നു സംഘത്തിന്റെ അടുത്ത ലക്ഷ്യം. അതിനിടെയാണ് സംഘാംഗങ്ങള്‍ ഓരോരുത്തരായി പിടിയിലാകുന്നത്.

മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളില്‍ ഭീകരാക്രമണവും സ്ഫോടനങ്ങളും നടത്താന്‍ പദ്ധതിയിട്ട മറ്റൊരു ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്തയിലേക്ക് അന്വേഷകരെ നയിച്ചതും ഗൌരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അറസ്റ്റുകളാണ്.

https://www.azhimukham.com/india-why-gaurilankesh-was-murdered-harishkhare/

https://www.azhimukham.com/my-friend-and-first-love-gauri-lankesh-was-the-epitome-of-amazing-grace/

https://www.azhimukham.com/india-who-is-indrajitlankesh-whats-his-connection-with-bjp/

https://www.azhimukham.com/opinion-murder-of-gauri-lankesh-and-sangh-parivar-by-vishak/


Next Story

Related Stories