ആരോപണം നിഷേധിച്ച് ഗോവ മന്ത്രി വിശ്വജിത്
റാഫേല്‍ കരാറുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ തന്റെ ബെഡ് റൂമിലുണ്ടെന്ന മുന്‍ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീഖര്‍ പറഞ്ഞ കാര്യം ഗോവ മന്ത്രി വിശ്വജിത്ത് റാണെ പറയുന്നതിന്റെ ഓഡിയോ റെക്കോഡിംഗ് ഉണ്ടെന്ന് കോണ്‍ഗ്രസ്. റാഫേല്‍ രഹസ്യങ്ങള്‍ പരീഖറുടെ ബെഡ്റൂമിലുള്ളത് കൊണ്ടാണോ ജെപിസി (സംയുക്ത പാര്‍ലമെന്ററി സമിതി) എന്ന ആവശ്യം മോദി സര്‍ക്കാര്‍ അംഗീകരിക്കാത്തത് എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല ചോദിച്ചു. അതേസമയം ടേപ്പ് വ്യാജമാണെന്ന് ഗോവ ആരോഗ്യ മന്ത്രിയായ വിശ്വജിത്ത് റാണെ ആരോപിച്ചു. മനോഹര്‍ പരീഖര്‍ റാഫേലിനെക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും ഇത്തരം വ്യാജ ടേപ്പുകള്‍ നിര്‍മ്മിക്കുന്ന നിലയിലേയ്ക്ക് കോണ്‍ഗ്രസ് തരം താണിരിക്കുകയാണെന്നും വിശ്വജിത്ത് റാണെ പറഞ്ഞു. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മന്ത്രിസഭ യോഗത്തിലാണ് പരീഖര്‍ റാഫേല്‍ പരാമര്‍ശിച്ചത് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. തന്നെ ആര്‍ക്കും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നും റാഫേലുമായി ബന്ധപ്പെട്ട രേഖകള്‍ ഫ്ളാറ്റിലെ ബെഡ് റൂമിലുണ്ടെന്നും പരീഖര്‍ പറഞ്ഞു. ലോക്സഭയില്‍ ഇന്ന് റാഫേല്‍ കരാറില്‍ ചര്‍ച്ച നടക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വക്താവിന്റെ വെളിപ്പെടുത്തല്‍. സൂര്‍ജെവാല ഓഡിയോ ടേപ്പ് പ്ലേ ചെയ്തെന്നും അതേസമയം ഇതിന്റ ആധികാരികത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും എന്‍ഡിടിവി പറയുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട മന്ത്രിസഭ യോഗത്തെപ്പറ്റിയാണ് വിശ്വജിത്ത് റാണെ ഓഡിയോയില്‍ പറയുന്നത്. ഇത് രഹസ്യമായി സൂക്ഷിക്കണമെന്നും അജ്ഞാതനോട് വിശ്വജിത്ത് ആവശ്യപ്പെട്ടിരുന്നു. പരീഖറുടെ കയ്യിലുള്ള ഫയലുകള്‍ ഒളിച്ചുവയ്ക്കുന്നത് എന്തുകൊണ്ടാണ് എന്ന് സൂര്‍ജെവാല ചോദിച്ചു. സത്യം പുറത്തുവരണം.