യുകെ/അയര്‍ലന്റ്

മൂന്ന് ഗ്രാഫിറ്റി കലാകാരന്മാർ ട്രെയിൻ തട്ടി മരിച്ചു

ഇവരിൽ രണ്ടുപേരെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

തെക്കുപടിഞ്ഞാറൻ ലണ്ടനിലാണ് സംഭവം. ചിത്രരചനയിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന മൂന്ന് കലാകാരന്മാരാണ് ചരക്കുതീവണ്ടി തട്ടി മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴര മണിയോടെയാണ് യുവാക്കൾ മരിച്ചുകിടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ബ്രിക്സ്റ്റൺ-ലോഫ്ബറോ ജങ്ഷൻ സ്റ്റേഷനുകൾക്കിടയിലാണ് മൃതദേഹങ്ങൾ കണ്ടത്. ട്രാക്കിൽ മൃതദേഹങ്ങൾ കിടക്കുന്നച് ഒരു ട്രെയിൻ ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. സമീപത്ത് ഗ്രാഫിറ്റി കലാകാരന്മാർ ഉപയോഗിക്കുന്ന സ്പ്രേ കാനുകൾ കിടന്നിരുന്നു.

എപ്പോഴാണ് അപകടം നടന്നതെന്ന് വ്യക്തമല്ല. ഏത് ട്രെയിനാണ് ഇടിച്ചതെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങുന്നതിനു മുമ്പായിരിക്കും സംഭവം നടന്നിരിക്കുക എന്നാണ് റെയിൽവേ വൃത്തങ്ങളുടെ അനുമാനം. കാലത്ത് ഏതാണ്ട് അഞ്ചുമണിക്കായിരിക്കും അപകടമെന്ന് ഊഹിക്കപ്പെടുന്നു.

അതിവേഗതയിൽ ട്രെയിൻ സഞ്ചരിക്കുമ്പോൾ വായു ഉള്ളിലേക്ക് വലിക്കുന്ന പ്രതിഭാസമായിരിക്കാം യുവാക്കളെ ട്രാക്കിലെത്തിച്ചതെന്നാണ് കരുതപ്പെടുന്നത്. ട്രെയിനിന്റെ തൊട്ടടുത്തു നിൽക്കുന്നവർ ഈ വായുവലയത്തിൽ കുടുങ്ങി ട്രെയിനിനടിയിലേക്ക് ഏറിയപ്പെടാൻ സാധ്യതയുണ്ട്.

ഇവരിൽ രണ്ടുപേരെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഒരാളെ തിരിച്ചറിയുകയും ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

ഗ്രാഫിറ്റി ആർട്ടിസ്റ്റുകൾ ഇത്തരത്തിൽ കൊല്ലപ്പെടുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുമ്പും നടന്നിട്ടുണ്ട്. മിക്കപ്പോഴും അധികാരികൾ വരകുറികൾ നിരോധിച്ച സ്ഥലങ്ങളിലാണ് ഇവരുടെ കലാപ്രകടനം നടക്കാറുള്ളത്. ഇക്കാരണത്താൽ തന്നെ രാത്രികാലങ്ങളിൽ രഹസ്യമായി ചെയ്യുന്ന ഏർപ്പാടാണിവ. രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള ആർട്ടിസ്റ്റുകളുടെ വരകൾ പലപ്പോഴും ഭരണകൂടവിരുദ്ധവുമായിരിക്കും. ഇത് പൊലീസിന്റെ വേട്ടയാടലിന് ഒരു പ്രധാന കാരണമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍