Top

കോണ്‍ഗ്രസിനെ പിന്തുണക്കുന്ന ഗുജറാത്ത് സിപിഎമ്മും കാരാട്ടിന്റെ രണ്ട് തരം നിയോലിബറലിസവും

കോണ്‍ഗ്രസിനെ പിന്തുണക്കുന്ന ഗുജറാത്ത് സിപിഎമ്മും കാരാട്ടിന്റെ രണ്ട് തരം നിയോലിബറലിസവും
കോണ്‍ഗ്രസുമായി സിപിഎമ്മിന് ഒരു തരത്തിലുള്ള സഖ്യവുമുണ്ടാവില്ലെന്നാണ് ദ ഹിന്ദുവുമായുള്ള അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് പറഞ്ഞത്. കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎം കേന്ദ്രനേതൃത്വത്തില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് തുടരുന്നത്. ഇതിനിടയില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിന്‍റെ പങ്ക് യാതൊരു അര്‍ത്ഥശങ്കയും ഇല്ലാതെ വ്യക്തമാക്കുകയാണ് ഗുജറാത്തിലെ സിപിഎം സംസ്ഥാന നേതൃത്വം. മലയാള മനോരമയോട് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം അരുണ്‍ മേത്ത അടക്കമുള്ളവര്‍ പങ്കുവക്കുന്നത് കോണ്‍ഗ്രസില്‍ തങ്ങള്‍ക്കുള്ള പ്രതീക്ഷയാണ്. സംഘടനാപരമായി വളരെ ദുര്‍ബലമാണെങ്കിലും നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ യാഥാര്‍ത്ഥ്യബോധത്തോടെ അവര്‍ നോക്കിക്കാണുന്നു. കേന്ദ്ര നേതൃത്വത്തില്‍ ഈ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ഭിന്നതയൊന്നും ഇവരെ ബാധിച്ചിട്ടില്ല.

സംഘപരിവാറിന്റെ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കുന്ന ബിജെപിക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി സഹകരണം വേണ്ടി വരുമെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. പശ്ചിമബംഗാളിലെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി ബംഗാള്‍ ഘടകവും ഇതിനെ പിന്തുണക്കുന്നു. ഹൈദരാബാദില്‍ നടക്കുന്ന 22ാം പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം യെച്ചൂരിയുടെ വിയോജനക്കുറിപ്പ് കൂടി ചര്‍ച്ച ചെയ്താണ് തയ്യാറാക്കുക. കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രമേയം പിബി തയ്യാറാക്കി വീണ്ടും കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിനായി വിടുക.

യെച്ചൂരിയുടെ രാഷ്ട്രീയ അടവുനയം പൊളിറ്റ് ബ്യൂറോ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രകമ്മിറ്റി ഇക്കാര്യത്തില്‍ ചര്‍ച്ച തുടരുമെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച ഭിന്നതയില്‍ കേന്ദ്രകമ്മിറ്റി ഒന്നും തള്ളുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് യെച്ചൂരി പറഞ്ഞത്. ലിയോണ്‍ ട്രോത്സ്‌കിയുടെ March separately, but strike together (വേറിട്ട് നടക്കുക, പക്ഷെ പൊതുശത്രുവിനെ ഒരുമിച്ച് ആക്രമിക്കുക) എന്ന പ്രശസ്തമായ ഫാഷിസ്റ്റ് വിരുദ്ധ വാക്യവും യെച്ചൂരി ഉദ്ധരിച്ചു. കോണ്‍ഗ്രസുമായുള്ള സഹകരണം എന്നാല്‍ തിരഞ്ഞെടുപ്പ് സഖ്യമല്ല ഉദ്ദേശിക്കുന്നത് എന്നും യെച്ചൂരി വ്യക്തമാക്കി. കോണ്‍ഗ്രസുമായി സഹകരണമില്ല എന്ന് പറയുന്നതിന് പകരം സഖ്യമില്ല എന്നാണ് കാരാട്ട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. സഖ്യം വേണമെന്ന ആവശ്യമല്ല പാര്‍ട്ടിക്കകത്ത് ഉയര്‍ന്നിട്ടുള്ളത് എന്നും ശ്രദ്ധിക്കണം.ഫാഷിസത്തിനും നിയോലിബറലിസത്തിനും എതിരായ പോരാട്ടത്തിന് തുല്യ പ്രാധാന്യമാണ് സിപിഎം നല്‍കുന്നത് എന്നാണ് പ്രകാശ് കാരാട്ട് പറയുന്നത്. നിയോലിബറല്‍ നയങ്ങളുള്ള കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള കൂട്ടുകെട്ടും സാധ്യമല്ലെന്ന് കാരാട്ട് പറയുമ്പോള്‍ തന്നെയാണ് കാരാട്ട് വിഭാഗത്തിന്റെ നിലപാടിനെ ശക്തമായി പിന്തുണക്കുന്ന കേരള ഘടകം നിയോലിബറല്‍ നയങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവുമായി മുന്നോട്ട് പോകുന്നത്. ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പോലെയുള്ള നിയോലിബറല്‍ ആശയങ്ങളാണ് സര്‍ക്കാരിന്റെ നയമെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതും വ്യക്തമാക്കിയിട്ടുള്ളതുമാണ്.

വ്യവസായ പദ്ധതികള്‍ക്കെതിരെ പരാതിയുമായി കോടതിയേയോ വിജിലന്‍സിനേയോ സമീപിക്കുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം ചുമത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പിണറായി പറഞ്ഞിരുന്നു. കേരളത്തിന്‍റെ വികസനം തടഞ്ഞത് തൊഴിലാളി യൂണിയനുകളുടെ നിഷേധാത്മക മനോഭാവമാണ് എന്ന മധ്യ, ഉപരിവര്‍ഗ വിമര്‍ശനം പിണറായിയും ആവര്‍ത്തിച്ചു. മിക്ക ജനകീയ സമരങ്ങള്‍ക്ക് പിന്നിലും തീവ്രവാദ ബന്ധവും ഗൂഡാലോചനയും ആരോപിച്ചു. ജലാശയങ്ങള്‍ മലിനീകരിക്കുന്നവര്‍ക്കെതിരെ നിയമവ്യവസ്ഥകള്‍ കര്‍ശനമാക്കിയ സര്‍ക്കാര്‍ തന്നെയാണ് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.

http://www.azhimukham.com/kerala-pinarayi-vijayan-trying-to-implement-world-bank-policy-by-ordinance-it-is-harmful-progressive-democracy-azhimukham-edit/

നിയോലിബറല്‍ നയങ്ങളുടെ സംരക്ഷണത്തിനായി മോദി സര്‍ക്കാര്‍ കൂട്ട ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നത് ഏറെ വിവാദമായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയതും ഇടതുപക്ഷമാണ്. എന്നാല്‍ ഇതേ സ്വഭാവത്തില്‍ കൂട്ട ഓര്‍ഡിനന്‍സുകള്‍ക്ക് സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ തീരുമാനമെടുത്തു. വ്യവസായ പദ്ധതികള്‍ തുടങ്ങാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലെന്നും വ്യവസായ വകുപ്പിന്റെയും മന്ത്രിസഭയുടേയും അനുമതി മതിയെന്നുമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പൊതു ആവശ്യങ്ങള്‍ക്കായി സ്ഥലം നികത്തുന്നതിന് സര്‍ക്കാരിനുതന്നെ തീരുമാനം എടുക്കാമെന്നാണ് പ്രധാന ഭേദഗതി. പ്രാദേശികതല സമിതികളുടെ അനുമതി വേണമെന്ന 2008-ലെ നിയമത്തിലെ വ്യവസ്ഥ ഒഴിവാക്കി. നിയമഭേദഗതി ഓര്‍ഡിനന്‍സായി ഇറക്കാനാണ് ആദ്യം ഉദ്ദേശിച്ചത്. എന്നാല്‍, നിയമസഭാസമ്മേളനം ജനുവരിയില്‍ തുടങ്ങാനിരിക്കുന്നതിനാല്‍ സഭയില്‍ ബില്ലായി കൊണ്ടുവരാനാണ് നിലവില്‍ സര്‍ക്കാര്‍ തീരുമാനം.

പ്രാദേശികമായി ഏറെ എതിര്‍പ്പുയരുന്ന പദ്ധതികള്‍ക്കായി തണ്ണീര്‍ത്തടം നികത്താന്‍ പ്രാദേശിക സമിതികള്‍ അനുമതി നല്‍കുന്നതിന് തടസം നേരിടുന്നുണ്ട്. തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, കര്‍ഷകരുടെ രണ്ട് പ്രതിനിധികള്‍ എന്നിവരാണ് പ്രാദേശിക സമിതികളിലുള്ളത്. തത്വത്തിൽ നിയമവിരുദ്ധവും അനധികൃതവുമെന്ന് കണ്ടെത്തി പഞ്ചായത്തും, മുൻസിപ്പാലിറ്റിയും കോർപറേഷനും തടഞ്ഞ് വെയ്ക്കുന്ന ഏത് വ്യവസായത്തിനും ഡീംഡ് ലൈസൻസിലൂടെ അഞ്ച് വർഷത്തേയ്ക്ക് പ്രവർത്തന അനുമതി ലഭിക്കും. വ്യവസായ ലൈസന്‍സിന് വേണ്ടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഐഡി പ്രൂഫും പാട്ടകരാര്‍ രേഖ അല്ലെങ്കില്‍ ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റോ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഒക്ടോബര്‍ 23ന് ഇറക്കിയിരിക്കുന്ന ഉത്തരവ്.ചുമട്ടുതൊഴിലാളി നിയമത്തിലെ ഭേദഗതിയാണ് ഏറ്റവും രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നവയില്‍ ഒന്ന്.  വ്യവസായസ്ഥാപനങ്ങളില്‍ കയറ്റിറക്കുന്നതിനായി ഉടമയ്ക്ക് ഇഷ്ടമുള്ള തൊഴിലാളികളോ യന്ത്രങ്ങളോ ഉപയോഗിക്കാം. രജിസ്റ്റര്‍ചെയ്ത ചുമട്ടുതൊഴിലാളികള്‍ക്ക് ഇനി ഇക്കാര്യത്തില്‍ അവകാശമുന്നയിക്കാനാവില്ല എന്നാണ് ഭേദഗതി കൊ്ണ്ടുവരുന്നു. രാജ്യത്ത് സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പ്രക്ഷോഭരംഗത്തുള്ളപ്പോള്‍, ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മിന്‍റെ അഖിലേന്ത്യാ കിസാന്‍ സഭ സമരം ചെയ്യുമ്പോള്‍ ആണ് കേരളത്തില്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചുമട്ടുതൊഴിലാളി നിയമവും നെല്‍വയല്‍ നിയമവുമെല്ലാം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. ഇത്തരം നിയോലിബറല്‍ വ്യതിയാനങ്ങളില്‍, കോണ്‍ഗ്രസിന്‍റെ നിയോ ലിബറലിസത്തില്‍ ആശങ്കപ്പെടുന്ന കാരാട്ടിന് യാതൊരു വിമര്‍ശനവും സംശയവുമില്ലേ എന്ന് വേണമെങ്കില്‍ സംശയിക്കാം.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം അരുണ്‍ മേത്തയടക്കമുള്ളര്‍ കോണ്‍ഗ്രസ് അധികാരത്തിലേയ്ക്ക് വരുന്നതില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ മത്സരിച്ച സിപിഎം ഇത്തവണ അഞ്ച് സീറ്റിലേയ്ക്ക് മത്സരം ചുരുക്കി. വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് ഇക്കുറി അഞ്ചിലേക്ക് ഒതുങ്ങിയതെന്നാണ് അരുണ്‍ മേത്ത പറയുന്നത്. വോട്ട് ഭിന്നിക്കരുത് എന്ന് പറഞ്ഞാല്‍ ബിജെപിക്കെതിരായ വോട്ടുകള്‍ കോണ്‍ഗ്രസിലേയ്ക്ക് പോകണം എന്നാണ് ഉദ്ദേശിക്കുന്നത്. ഗുജറാത്തില്‍ സിപിഎമ്മിന് കാര്യമായ ഒരു സ്വാധീനവുമില്ല. എന്നാല്‍ പാര്‍ട്ടിയുടെ അടവുനയം എന്തായിരിക്കണം എന്ന കാര്യത്തില്‍ വ്യക്തതയുണ്ട്. പ്രധാന ശത്രുവായ ബിജെപിയുടെ ഭരണം അവസാനിപ്പിച്ച് ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതാണ് നല്ലതെന്നും ആ അദ്ഭുതം കാത്തിരിക്കുകയാണ് എന്നും നേതാക്കള്‍ പറയുന്നു. "ഗുജറാത്തിലെമ്പാടും ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയാണ്. ഇതു വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ 100 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും. രാഹുല്‍ ഗാന്ധി വന്‍തോതില്‍ ജനങ്ങളെ ആകര്‍ഷിക്കുന്നു" - അരുണ്‍ മേത്ത മനോരമയോട് പറയുന്നു. അടിയന്തര രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ട അടവുനയത്തെ സാമ്പത്തിക വീക്ഷണവും നയങ്ങളുമായി ചേര്‍ത്ത് കീറിമുറിക്കുന്നവര്‍ക്ക് രണ്ട് തരം നിയോലിബറലിസം ഉണ്ട് എന്ന് തോന്നുന്നു. അതുകൊണ്ട് ഇത്തരം കണ്ണടകള്‍ തുടച്ചു വൃത്തിയാക്കേണ്ടിയിരിക്കുന്നു.

http://www.azhimukham.com/india-yechury-on-congress-alliance-quotes-trotksky/

Next Story

Related Stories