UPDATES

ട്രെന്‍ഡിങ്ങ്

പെപ്‌സിക്ക് വേണ്ടി ഗുജറാത്ത് സര്‍ക്കാര്‍; ലെയ്‌സിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ നീക്കം

ആര്‍എസ്എസ്സ് നിയന്ത്രണത്തിലുള്ള ഭാരതീയ കിസാന്‍ സംഘ് ഉള്‍പ്പെടെയുള്ള നിരവധി കര്‍ഷക സംഘടനകളാണ് ഗുജറാത്ത് സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.

പെപ്‌സികോ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് സ്വകാര്യമായി ഉല്‍പാദിപ്പിക്കുന്നതില്‍നിന്ന് കരഷകരെ പിന്തിരിപ്പിക്കാന്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ നീക്കം നടത്തുന്നതായി ആക്ഷേപം. ലെയ്‌സിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ഉത്പാദിപ്പിച്ച് മറ്റ് വ്യാപാരികള്‍ക്ക് വില്‍ക്കുന്നത് തടയുന്നതില്‍നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കാമെന്ന് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ പെപ്‌സിക്കോ തീരുമാനിച്ചതെന്നാണ് സൂചന. ഇതിനെതിരെ കര്‍ഷക സംഘടനകള്‍ രംഗത്തുവന്നു.  ആര്‍എസ്എസ്സ് നിയന്ത്രണത്തിലുള്ള ഭാരതീയ കിസാന്‍ സംഘ് ഉള്‍പ്പെടെയുള്ള നിരവധി കര്‍ഷക സംഘടനകളാണ് ഗുജറാത്ത് സര്‍ക്കാരിനെതിരെ രംഗത്തുവന്നത്.

പെപ്‌സിക്കോ ഇന്ത്യ കമ്പനി ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടി ആരംഭിച്ചിരുന്നു. ലെയ്‌സിന് ഉപയോഗിക്കുന്ന FL2027 ഉരുളക്കിഴങ്ങ് ഉത്പാദിപ്പിച്ച് മറ്റുളളവര്‍ക്ക് വിതരണം ചെയ്യുന്നതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നിയമനടപടി. ഇതിനെതിരെ ശക്തവും വ്യാപകവുമായ പ്രതിഷേധമാണ് ഉണ്ടായത്. ഇതേതുടര്‍ന്ന് നിയമ നടപടിയില്‍നിന്ന് പിന്‍വാങ്ങുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. പെപ്‌സി കോയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു തീരുമാനം.

പെപ്‌സി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതില്‍നിന്ന് കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാമെന്ന ഉറപ്പിന്റെ പുറത്താണൊ ഈ നടപടിയെന്ന് സംശയിക്കുന്നുവെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. പെപ്‌സിയുടെ അനുമതിയില്ലാതെ കര്‍ഷകര്‍ ഈ പ്രത്യേകതരം ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നതില്‍നിന്നും പിന്തിരിപ്പിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ആരുടെയും അനുമതിയില്ലാതെ തന്നെ കൃഷി ചെയ്യാനുള്ള അധികാരം കര്‍ഷകര്‍ക്കുണ്ടെന്നും ആ അവകാശങ്ങളെ ഇല്ലാതാക്കാനുള്ള നീക്കം സ്വീകാര്യമല്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

ഇന്ത്യയിലെ നിയമങ്ങളെക്കുറിച്ച് പെപ്‌സി കമ്പനിയെ ബോധവല്‍ക്കരിക്കുന്നതിന് പകരം കര്ഷകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. പെപ്‌സ് കമ്പനി കര്‍ഷകര്‍ക്കെതിരെ കേസ് നല്‍കിയപ്പോള്‍ മധ്യസ്ഥരായി ഇടപെട്ടത് ഗുജറാത്ത് സര്‍ക്കാരായിരുന്നു. എന്നാല്‍ പിന്നീടുള്ള ചര്‍ച്ചയില്‍ കര്‍ഷക സംഘടനകളെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര് തയ്യറായിട്ടില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. കര്‍ഷകരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ടല്ലാതുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും ബീജ് അധികാര്‍ മഞ്ച് കോര്‍ഡിനേറ്റര്‍ കപില്‍ ഭായ് ഷാ പറഞ്ഞു. കര്‍ഷകരെ ഗുജറാത്ത് സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍