TopTop
Begin typing your search above and press return to search.

യുപിയിലെ റേഷന്‍ കടക്കാരില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ 'ഭരണകൂടത്തെ പിടിച്ചടക്കി'യവരിലേക്ക് വളര്‍ന്ന ഗുപ്ത കുടുംബം

യുപിയിലെ റേഷന്‍ കടക്കാരില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍
1990കളുടെ ആദ്യകാലം വരെ, ഉത്തര്‍പ്രദേശിലെ വരണ്ട് മങ്ങിയ സഹ്‌റാന്‍പൂര്‍ പട്ടണത്തില്‍ ഒരു  ചെറിയ റേഷന്‍ കട നടത്തുകയായിരുന്നു അവര്‍. മറ്റു മിക്ക കച്ചവട കുടുംബങ്ങളെയും പോലെ ഗുപ്ത കുടുംബത്തിനും സവിശേഷമായ ഒരു പ്രാധാന്യവും ഉണ്ടായിരുന്നില്ല.

അനങ്ങനെയിരിക്കെ, 1993ല്‍ അജ്ഞാതമായ ചില കാരണങ്ങളാല്‍, സഹോദരന്മാര്‍ ഒരാള്‍ക്ക് പിറകെ മറ്റൊരാളായി ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറി. നടുക്കുള്ള സഹോദരന്‍ അതുല്‍ ആണ് ആദ്യം പോയത്. അയാളവിടെ സഹാറ എന്ന പേരില്‍ ഒരു ചെറിയ കമ്പ്യൂട്ടര്‍ സ്ഥാപനം തുടങ്ങി. മറ്റ് രണ്ടു സഹോദരന്‍മാരും കുടുംബവും പിന്നാലേ പോയി.

അവിടുന്നങ്ങോട്ട് ഗുപ്തമാരുടെ വിളയാട്ടമായിരുന്നു.

പ്രതിപക്ഷത്തിന്റെ അവിശ്വാശപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് സ്വന്തം കക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭീഷണി മുഴക്കുന്ന നാണക്കേടിലെത്തി ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ് സുമ ബുധനാഴ്ച്ച സ്ഥാനമൊഴിഞ്ഞപ്പോള്‍, വിവാദങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നത് അധാര്‍മികവും അനിയന്ത്രിതവുമായ വഴികളിലൂടെ പാഞ്ഞുപോയ ഗുപ്ത കുടുംബമാണ്.

ഗുപ്തമാര്‍ 1993ല്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോള്‍ ന്യൂനപക്ഷമായ വെള്ളക്കാരുടെ വര്‍ണവെറിയന്‍ ഭരണം അവസാനിച്ചിട്ട് അധികനാളായിരുന്നില്ല. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ നെല്‍സണ്‍ മണ്ടേല രാജ്യത്തെ ആദ്യത്തെ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ വിജയിച്ചു.

രാജ്യം വിദേശ നിക്ഷേപത്തിന് വാതിലുകള്‍ തുറന്നതോടെ, കമ്പ്യൂട്ടര്‍, ഖനനം, മദ്യം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ് എന്നീ മേഖലകളിലായി ഗുപ്തമാര്‍ വമ്പന്‍ സാമ്രാജ്യം പടുത്തുയര്‍ത്തി.

പ്രകടമായവിധത്തില്‍ സുമയെ അനുകൂലിക്കുന്ന 'ദ ന്യൂ ഏജ്' എന്ന ദിനപ്പത്രം 2010ല്‍ തുടങ്ങി. അതേ നയത്തോടെയുള്ള മുഴുവന്‍ ദിന വാര്‍ത്ത നിലയം എഎന്‍എന്‍-7 2013ല്‍ ആരംഭിച്ചു. ഭരണകക്ഷിയായ എ എന്‍ സിയുമായി, പ്രത്യേകിച്ചു സുമയുമായി, 2009ല്‍ അയാള്‍ പ്രസിഡണ്ടാവുന്നതിന് മുമ്പുതന്നെ അവര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.2016ആയപ്പോള്‍ അതുല്‍ ഗുപ്ത, ദക്ഷിണാഫ്രിക്കയിലെ അതിസമ്പന്നരില്‍, 773.47 ദശലക്ഷം ഡോളറിന്റെ ആസ്തിയോടെ ഏഴാമനായി മാറി. ഇന്നവര്‍ താമസിക്കുന്നത് ജോഹന്നാസ്ബര്‍ഗിലെ സാക്‌സണ്‍വുഡില്‍ വിശാലമായ സഹാറ എസ്‌റ്റേറ്റില്‍ നാല് മാളികകളിലാണ്. ദുബായിലും യു എസിലും അവര്‍ക്ക് വീടുകളുണ്ട്.

ബുധനാഴ്ച്ച രാവിലെ, അതിനാടകീയതയുടെ ഒരു ദിവസത്തില്‍, ദക്ഷിണാഫ്രിക്കന്‍ പൊലീസിന്റെ പ്രത്യേക സംഘം ഗുപ്തമാരുടെ ആഡംബര വീട്ടില്‍ പരിശോധന നടത്തി. സുമയുടെ കാലം അവസാനിച്ചു എന്ന സൂചന കൂടിയായിരുന്നു അത്. അന്ന് വൈകുന്നേരം സുമ പ്രസിഡണ്ട് സ്ഥാനത്തുനിന്നുള്ള തന്റെ രാജി പ്രഖ്യാപിച്ചു.

സുമയുമായുള്ള അടുത്ത ബന്ധത്തിന്റെ പിന്‍ബലത്തില്‍ 'ഭണകൂടത്തെ പിടിച്ചടക്കി' എന്നും സുമയുടെ മകനുമായി വ്യാപാര പങ്കാളിത്തം തുടങ്ങി എന്നൊക്കെയുള്ള ആരോപണങ്ങളാണ് ഗുപ്തമാര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. മന്ത്രിമാരെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും അവര്‍ തീരുമാനിച്ചു, വമ്പന്‍ സര്‍ക്കാര്‍ കരാറുകള്‍ അവര്‍ സ്വന്തമാക്കി, കോഴ നല്‍കി, വിദേശത്തേക്ക് പണം വെട്ടിച്ചു, സുമയുടെ കുടുംബത്തിന് മാളികകള്‍ സമ്മാനിച്ചു, അവര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ വീണ്ടും വംശീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന വിധത്തില്‍ പ്രചണ്ഡ പ്രചാരണം നടത്തി.

ദക്ഷിണാഫ്രിക്ക അര്‍ഹിക്കുന്നത് ഇതായിരുന്നില്ല.

നെല്‍സണ്‍ മണ്ടേലയുടെയും സുമയെ പോലുള്ള മറ്റ് നേതാക്കളുടെയും ഉജ്വലമായ ത്യാഗങ്ങളിലൂടെ പതിറ്റാണ്ടുകള്‍ നീണ്ട വര്‍ണ വെറിയന്‍ ഭരണത്തില്‍ നിന്നും മോചനം നേടിയ ദക്ഷിണാഫ്രിക്ക, ഭൂഖണ്ഡത്തിലെ പ്രതീക്ഷയുടെ വെളിച്ചമാകേണ്ടിയിരുന്നു. ആദ്യ വര്‍ഷങ്ങളില്‍ മണ്ടേല ലോകത്തിന് പ്രത്യാശ പകരുകയും ചെയ്തു.

സുമയുടെ രാജിക്ക് ശേഷം സിറില്‍ റമഫോസ പ്രസിഡണ്ടായി അധികാരമേറ്റെടുക്കുമ്പോള്‍ വലിയ വെല്ലുവിളികളാണ് അയാള്‍ക്ക് മുന്നിലുള്ളത്. എ എന്‍ സിയുടെ വിശ്വാസ്യത വീണ്ടെടുക്കുകയും രാജ്യത്തിന് ഒരു സുതാര്യ സര്‍ക്കാര്‍ നല്‍കാന്‍ അതിനു കഴിയുമെന്ന് തെളിയിക്കുകയുമാണ് അതില്‍ ഏറ്റവും മുന്തിയത്.

വര്‍ണ വെറിയും അടിച്ചമര്‍ത്തലും നിറഞ്ഞ വെള്ളക്കാരുടെ ഭരണം അവസാനിച്ചിട്ട് 23 കൊല്ലം കഴിയുമ്പോള്‍ ദക്ഷിണാഫ്രിക്ക ധാരാളം വിഭവങ്ങളും സമ്പത്തും എന്നാല്‍ വ്യാപകമായ അസമത്വവും ദാരിദ്ര്യവും നിലനില്‍ക്കുന്ന ഒരു രാജ്യമാണ്.

തുടര്‍ച്ചയായ എ എന്‍ സി സര്‍ക്കാരുകള്‍ ദശലക്ഷക്കണക്കിനാളുകള്‍ക്ക് വീടുകള്‍ ഉണ്ടാക്കി നല്‍കാനും അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കാനും വലിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവര്‍ക്ക് പ്രതീക്ഷകളെ തൃപ്തിപ്പെടുത്താന്‍ ആയില്ല. നിരവധിയാളുകള്‍ വൈദ്യുതിയോ ശുചിത്വ സംവിധാനങ്ങളോ ഇല്ലാതെയാണ് ജീവിക്കുന്നത്. വിദ്യാഭ്യാസ സൗകര്യങ്ങളും ആരോഗ്യരക്ഷ സംവിധാനങ്ങളും പേരിനു മാത്രമാണു. ഈയിടെ നടന്ന ഒരു കണക്കെടുപ്പില്‍ തെളിഞ്ഞത് ദക്ഷിണാഫ്രിക്കയില്‍ 10ല്‍ 8 കുട്ടികളും പ്രായോഗികമായി നിരക്ഷരരാണ് എന്നാണ്. കടുത്ത കുറ്റകൃത്യങ്ങളുടെ എണ്ണം ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്, ദരിദ്രരായ ദക്ഷിണാഫ്രിക്കക്കാരാണ് ഇതിനേറ്റവും കൂടുതല്‍ ഇരയാകുന്നത്.

http://www.azhimukham.com/foreign-what-anc-should-learn-from-inc-edit/

രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കേപ് ടൗണില്‍ കടുത്ത ജലക്ഷാമമാണ്. സര്‍ക്കാര്‍ കണക്കുകളനുസരിച്ച് എച്ച് ഐ വി രോഗബാധയുള്ളവരുടെ എണ്ണം 2002ലെ 4.72 ദശലക്ഷത്തില്‍ നിന്നും 2016ല്‍ 7.03 ദശലക്ഷമായി ഉയര്‍ന്നിരിക്കുന്നു. രോഗബാധയുടെ നിരക്ക് കുറഞ്ഞുവരികയാണ്.

തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നു 27.2% ല്‍ എത്തി. ചെറുപ്പക്കാര്‍ക്കിടയിലെ തൊഴിലില്ലായ്മ 68% ആണ്. സാമ്പത്തികവളര്‍ച്ച കഴിഞ്ഞ വര്‍ഷങ്ങളില്‍ പിറകോട്ടടിച്ചു. ജനസംഖ്യ വളര്‍ച്ച നിരക്കായ 1.25% ത്തിന്റെ പകുതിയേക്കാള്‍ അല്പം കൂടുതല്‍ മാത്രം. സുമയുടെ പടിയിറക്കം വിദേശ നിക്ഷേപത്തിന് വഴിയൊരുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

2018ലെ 'വളരുന്ന വമ്പന്‍ വിപണി' എന്നാണ് Goldman Sachs ദക്ഷിണാഫ്രിക്കയെ കണക്കാക്കുന്നത്. ഈ വര്‍ഷം 2% വളര്‍ച്ചയുണ്ടാകും എന്നും ചില വിദഗ്ധര്‍ കണക്കാക്കുന്നു.

പക്ഷേ ലക്ഷക്കണക്കിനു തൊഴിലവസരങ്ങളെന്ന അടിയന്തര ആവശ്യത്തെ നേരിടാന്‍ ഇതൊന്നും മതിയാകില്ല. രാജ്യത്തിന്റെ ഭീമാകാരമായ ഘടനാപരമായ പ്രശ്‌നങ്ങള്‍ വിദഗ്ധ തൊഴിലാളികളുടെ അഭാവം പോലുള്ളവ നിലനില്‍ക്കുന്നു.

ഇതിനെല്ലാം പുറമേയാണ് വിഷപ്പല്ലുകളുള്ള ഗുപ്ത കുടുംബത്തെയും പുതിയ പ്രസിഡണ്ടിന് നേരിടേണ്ടി വരിക.

Next Story

Related Stories