UPDATES

വിപണി/സാമ്പത്തികം

മിനിമം വരുമാനത്തിനെതിരായ പ്രസ്താവന: നീതി ആയോഗ് വൈസ് ചെയര്‍മാനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി

പൊതുപദവി വഹിക്കുന്ന രാജീവ് കുമാര്‍ ഇത്തരത്തില്‍ പറയുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് എന്ന വിലയിരുത്തലിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

മിനിമം വരുമാനം ഉറപ്പ് നല്‍കുന്ന ന്യായ് പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ്‌
രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. തിരഞ്ഞെടുപ്പ് ജയിക്കാനായി കോണ്‍ഗ്രസ് ഇങ്ങനെ എന്തും പറയുമെന്നും ഒന്നും ചെയ്യില്ലെന്നും രാജീവ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊതുപദവി വഹിക്കുന്ന രാജീവ് കുമാര്‍ ഇത്തരത്തില്‍ പറയുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് എന്ന വിലയിരുത്തലിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാജീവ് കുമാറിന്റെ പ്രസ്താവന ബിജെപിയെ സഹായിക്കലാണ് എന്ന വിമര്‍ശനമുയര്‍ന്നു.

ഇത് കോണ്‍ഗ്രസ് പണ്ടുമുതലേ ചെയ്തുവരുന്നതാണ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ അവര്‍ എന്തും പറയും. ഒന്നും ചെയ്യില്ല. ദാരിദ്ര്യം 1966ല്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തതാണ് – രാജീവ് കുമാര്‍ പരിഹസിച്ചു. 2008ല്‍ പി ചിദംബരം രാജ്യത്തിന്റെ ധനകമ്മി 2.5 ശതമാനത്തില്‍ നിന്ന് ആറ് ശതമാനത്തിലേയ്ക്ക് ഉയര്‍ത്തി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും എന്ന് നോക്കാതെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. എല്ലാ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളും റേറ്റിംഗ് കുറക്കും. വിദേശത്ത് നിന്ന് വായ്പകള്‍ കിട്ടാത്ത നിലയുണ്ടാകും. നിക്ഷേപങ്ങള്‍ തടയപ്പെടും. ഈ പദ്ധതി നടപ്പായാല്‍ രാജ്യം നാല് ചുവട് പിന്നോട്ട് പോകും – രാജീവ് കുമാര്‍ പറഞ്ഞിരുന്നു.

അതേസമയം റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ അടക്കമുള്ള ആഗോള സാമ്പത്തിക വിദഗ്ധരുമായി പദ്ധതി സംബന്ധിച്ച് കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയതായി രാഹുല്‍ ഗാന്ധി. രാജ്യത്തെ ഏറ്റവും ദരിദ്രരായ 20 ശതമാനം കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ ഉറപ്പ് നല്‍കുന്ന ന്യൂന്‍തം ആയ് യോജന അഥവാ ന്യായ് പദ്ധതിയാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ദാരിദ്ര്യത്തിന് മേലുള്ള അവസാന ആക്രമണം എന്ന പേരില്‍ അവതരിപ്പിക്കുന്ന പദ്ധതി 25 കോടി പേര്‍ക്ക് ഗുണം ചെയ്യുമെന്നാണ് അവകാശപ്പെടുന്നത്. ഫ്രഞ്ച് സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി അടക്കമുള്ളവരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു.

ഞങ്ങള്‍ വലിയ സാമ്പത്തിക വിദ്ഗധരുമായി ചര്‍ച്ച നടത്തിയിരുന്നു. വാചകമടി നടത്താതെ ഞങ്ങള്‍ കഴിഞ്ഞ ആറ് മാസമായി ഇതിന്റെ പ്രവര്‍ത്തനങ്ങളിലായിരുന്നു – രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ പൊതുഖജനാവിന് പ്രതിവര്‍ഷം 3.6 ലക്ഷം കോടി രൂപ ഇതിന് ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ക്ക് നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടില്‍ പണമെത്തിക്കുന്ന പദ്ധതി ശാക്തീകരണ പ്രവര്‍ത്തനമാണ് എന്ന് രഘുറാം രാജന്‍ എന്‍ഡിടിവിയുമായുള്ള അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. അതേസമയം ഇതിന്റെ വിശദാംശങ്ങളാണ് പരിശോധിക്കേണ്ടത് എന്നും പഴയ വീഞ്ഞ് തന്നെ പുതിയ കുപ്പിയിലാക്കുകയാണോ ചെയ്യുന്നത് എന്ന് നോക്കണമെന്നും രഘുറാം രാജന്‍ പറഞ്ഞു. പാവപ്പെട്ടവരിലേയ്ക്ക് എങ്ങനെ എത്തും എന്നതാണ് പ്രശ്‌നമെന്നും രഘുറാം രാജന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍