TopTop

ഹമീദ് അന്‍സാരി എന്നും സംഘപരിവാറിന്റെ കണ്ണിലെ കരട്; 'റോ'യെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണം രണ്ടര പതിറ്റാണ്ടിന് ശേഷം ഉയര്‍ത്തുന്നതിന് പിന്നില്‍

ഹമീദ് അന്‍സാരി എന്നും സംഘപരിവാറിന്റെ കണ്ണിലെ കരട്;
മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ സംഘടനയായ റോയെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) തകര്‍ക്കാന്‍ ശ്രമിച്ചു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്തില്‍ എഎസ് സൂദ് അടക്കമുള്ള മുന്‍ റോ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്. 1990-92 കാലത്ത് ഇറാനില്‍ ഇന്ത്യന്‍ അംബാസഡറായിരിക്കെ ഹമീദ് അന്‍സാരി, റോയുടെ ഇറാനിലേയും ഗള്‍ഫ് രാജ്യങ്ങളിലേയും പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ ശ്രമിച്ചതായും റോയെ തകര്‍ക്കാന്‍ ശ്രമിച്ചതായും മുന്‍ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. 2017ലും ഹമീദ് അന്‍സാരിക്കെതിരെ ഉദ്യോഗസ്ഥര്‍ മോദിക്ക് പരാതി നല്‍കിയിരുന്നു.

സുരക്ഷാ ഏജന്‍സികളുടേയും രഹസ്യാന്വേഷണ ഏജന്‍സികളുടേയും ഉദ്യോഗസ്ഥരില്‍ പലര്‍ക്കും അന്‍സാരി അപ്രിയനാകാന്‍ കാരണം ഇത്തരം ഏജന്‍സികള്‍ പാര്‍ലമെന്റിന് വിധേയപ്പെട്ട് പ്രവര്‍ത്തിക്കണം എന്ന നിലപാട് ഹമീദ് അന്‍സാരി മുന്നോട്ടുവച്ചതുകൊണ്ടാണ് എന്ന വിലയിരുത്തലുണ്ട്. ഇത്തരത്തില്‍ ഒരേസമയം സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിന്റേയും മോദി സര്‍ക്കാരിന്റേയും സംഘപരിവാറിന്റേയും കണ്ണിലെ കരടാണ് ഹമീദ് അന്‍സാരി എന്നത് വസ്തുതയാണ്. രണ്ടര പതിറ്റാണ്ടിന് ശേഷം മുന്‍ റോ ഉദ്യോഗസ്ഥര്‍ അന്‍സാരിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്നും സംശയിക്കപ്പെടാം.

2007 മുതല്‍ 2017 വരെ 10 വര്‍ഷം ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്നു ഹമീദ് അന്‍സാരി. നമ്മുടേത് പോലുള്ള ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കായി ഒരു പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇല്ല എന്നത് അംഗീകരിക്കാനാകില്ല എന്ന് രാജ്യസഭ ചെയര്‍മാന്‍ കൂടിയായ ഹമീദ് അന്‍സാരി പറഞ്ഞിരുന്നു. ആഭ്യന്തര സുരക്ഷയും രാജ്യാന്തര സുരക്ഷയും ഒരേ മന്ത്രിയുടെ കീഴില്‍ വരുന്ന വകുപ്പുകളല്ല. രണ്ടിനും പ്രത്യേകം സമിതികള്‍ വേണം - ഹമീദ് അന്‍സാരി ഇങ്ങനെ പറഞ്ഞത് 2010 ജനുവരിയില്‍ റോ തന്നെ സംഘടിപ്പിച്ച ഒരു ചടങ്ങിലാണ്. റോയുടെ സ്ഥാപക ഡയറക്ടര്‍ ആര്‍എന്‍ കാവുവിനെ അനുസ്മരിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് അന്‍സാരി ഇക്കാര്യം പറഞ്ഞത്. യുഎസില്‍ സിഐഎയും എഫ്ബിഐയ്ക്കും മേല്‍ പാര്‍ലമെന്റായ കോണ്‍ഗ്രസിന് നിയന്ത്രണമുണ്ടെന്നും രണ്ട് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നുണ്ടെന്നും അന്‍സാരി ചൂണ്ടിക്കാട്ടി. യുകെ (ബ്രിട്ടീഷ്) പാര്‍ലമെന്റിനും ഇന്റലിജന്‍സ് കമ്മിറ്റിയുണ്ടെന്ന് അന്‍സാരി പറഞ്ഞു.

പശ്ചിമേഷ്യന്‍ വിദഗ്ധനും നയതന്ത്ര ഉദ്യോഗസ്ഥനുമായിരുന്നു അന്‍സാരി. ഇറാനെയും ഇറാഖിനേയും സംബന്ധിച്ച് അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ മോദി സര്‍ക്കാരിന്റെ കാലത്ത് മാറിയ ഇന്ത്യന്‍ വിദേശ നയത്തിന്‌ അനുസരിച്ചുള്ളതായിരുന്നില്ല. പലസ്തീന്‍ വിഷയത്തിലും അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇറാന്റെ ആണവ പരിപാടികള്‍ക്കെതിരെ ഇന്ത്യ വോട്ട് ചെയ്തതിനെ അദ്ദേഹം ചോദ്യം ചെയ്തു.

എന്നാല്‍ സംഘപരിവാറിനേയും ഹിന്ദുത്വ തീവ്രവാദത്തേയും നിശിതമായി വിമര്‍ശിക്കുന്ന ഹമീദ് അന്‍സാരിക്കെതിരെ ഉയര്‍ന്ന പരാതികള്‍ക്ക് പിന്നില്‍ മറ്റ് രാഷ്ട്രീയ അജണ്ടകളുണ്ട് എന്ന് തരത്തില്‍ ചര്‍ച്ചകള്‍ വരുന്നുണ്ട്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് കാണിച്ചിരുന്ന മൃദു സമീപം നരേന്ദ്ര മോദി ഒരിക്കലും ഹമീദ് അന്‍സാരിയോട് കാണിച്ചിട്ടില്ല. 2014ല്‍ ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ ബിഫീന്റെ പേരിലടക്കം നടന്ന കൊലപാതകങ്ങളുടേയും അസഹിഷ്ണുതയുടെ ഭാഗമായുള്ള അക്രമങ്ങളുടേയും പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിനെ പലപ്പോഴും വിമര്‍ശിച്ച ഹമീദ് അന്‍സാരി പ്രസംഗങ്ങളില്‍ ബഹുസ്വരതയെക്കുറിച്ച് നിരന്തരം സംസാരിച്ചിരുന്നു.

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പങ്കെടുക്കാത്തതിനെ ചോദ്യം ചെയ്ത് ആര്‍എസ്എസ് നേതാവായ രാം മാധവ് ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. എന്നാല്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഉപരാഷ്ട്രപതി പിന്നീട് വിശദീകരിച്ചു. പ്രോട്ടോക്കോള്‍ പ്രകാരം ബന്ധപ്പെട്ട മന്ത്രി ക്ഷണിച്ചാല്‍ മാത്രമാണ് ഉപരാഷ്ട്രപതി അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുക. ഈ വിവാദം ഉണ്ടായതില്‍ അന്‍സാരി അസംതൃപ്തനാണെന്ന് അന്‍സാരിയുടെ ഓഫീസ് അറിച്ചു. അദ്ദേഹത്തെ ക്ഷണിച്ചിരുന്നുവെങ്കില്‍ അന്‍സാരി പങ്കെടുക്കുമായിരുന്നു.

കീഴ് വഴക്കത്തിന് വിരുദ്ധമായി രാഷ്ട്രപതിക്കൊപ്പം സേനകളുടെ സല്യൂട്ട് റിപ്പബ്ലിക് ദിന പരേഡില്‍ സ്വീകരിച്ച് തിരിച്ച് സല്യൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി സേനകളെ തിരിച്ച് സല്യൂട്ട് ചെയ്യാതെ കൈ താഴ്ത്തി നിന്നത് രാജ്യത്തോട് കൂറില്ലാത്തതിനാലാണ് എന്നായിരുന്നു സംഘപരിവാറിന്റെ ആരോപണം. പതാക ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യുന്ന സമയത്ത് ചടങ്ങില്‍ സംബന്ധിക്കുന്ന പ്രധാന വ്യക്തി (റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി) യും യൂണിഫോമിലുള്ളവരും മാത്രമേ സല്യൂട്ട് ചെയ്യാന്‍ പാടുള്ളൂ എന്നും മറ്റുള്ളവര്‍ എഴുന്നേറ്റു നില്‍ക്കുകയാണ് ചെയ്യേണ്ടത് എന്നാണ് പ്രോട്ടോക്കോള്‍ എന്നും അദ്ദേഹത്തിന് വിശദീകരണക്കുറിപ്പ് ഇറക്കേണ്ടി വന്നു.

ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ശേഷം ഇരകളായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനടക്കമുള്ള കാര്യങ്ങളില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതേസമയം ഉപരാഷ്ട്രപതിയായിരുന്നപ്പോള്‍ മുസ്ലീം സമുദായത്തിനിടയില്‍ അസംതൃപ്തി വളര്‍ത്താന്‍ അന്‍സാരി ശ്രമിച്ചു എന്നാണ് സംഘപരിവാര്‍ ആരോപിച്ചത്. അന്നുമുതല്‍ തന്നെ ഭീകരവാദികളുടെ അജണ്ട നടപ്പാക്കാന്‍ അദ്ദേഹം രഹസ്യ നീക്കം നടത്തിയിരുന്നതായും വിശ്വഹിന്ദു പരിഷത്ത് ആരോപിക്കുന്നു. ഉപരാഷ്ട്രപതിയായിരിക്കുമ്പോള്‍ അന്‍സാരിക്ക് ഭീകരരുമായി ബന്ധമുണ്ടായിരുന്നു എന്ന് ആരോപിച്ച വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര കുമാര്‍ ജയിന്‍, ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി നടത്തുന്ന മദ്രസയിലെ കുടിവെള്ളത്തില്‍ എലിവിഷം കലര്‍ത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഹമീദ് അന്‍സാരി രാജ്യം വിട്ട് അദ്ദേഹത്തിന് സുരക്ഷിതമെന്ന് തോന്നുന്ന മറ്റേതെങ്കിലും രാജ്യത്തേക്ക് പോകണമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

പൗരന്‍ എന്ന നിലയില്‍ ഇപ്പോള്‍ ഇന്ത്യയില്‍ സുരക്ഷിതനല്ലെന്നും എല്ലാ ജില്ലകളിലും ശരീഅത്ത് കോടതികള്‍ സ്ഥാപിക്കണമെന്നും ഉപരാഷ്ട്രപതി സ്ഥാനമൊഴിഞ്ഞ ശേഷം ഹാമിദ് അന്‍സാരി പ്രസ്താവന നടത്തിയതായി സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചതായി ഒരു തെളിവുമില്ല. മുത്തലാഖ് സമ്പ്രദായത്തെ രൂക്ഷമായി വിമര്‍ശിച്ചു.

രാജ്യസഭാ ടി.വി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അത് എല്ലാ സമയത്തും ബഹുസ്വരമായ ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ലോക്‌സഭാ ടി.വി, ദൂരദര്‍ശനേയും ആകാശവാണിയേയും പോലെ സര്‍ക്കാരിന്റെ വാഴ്ത്ത്പാട്ട് നടത്തുന്ന സംവിധാനമായി മാറിയതായി പരാതി ഉയര്‍ന്നപ്പോളായിരുന്നു ഇത്. സര്‍ക്കാര്‍ പദ്ധതികളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന രാജ്യസഭാ ടി.വിയുടെ പ്രവര്‍ത്തനങ്ങളെ ബി.ജെ.പി നേതാക്കള്‍ അവസരം കിട്ടുമ്പോഴെല്ലാം വിമര്‍ശിച്ചു. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യവും മാധ്യമങ്ങളുടെ പങ്കും സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ അന്‍സാരി തന്റെ നിലപാട് വ്യക്തമാക്കിയത്, ഈ ‘പോസ്റ്റ് ട്രൂത്ത്’ ആന്‍ഡ് ‘ഓള്‍ട്ടര്‍നേറ്റീവ് ഫാക്റ്റ്‌സ്’ കാലത്ത് സ്വതന്ത്രവും ഉത്തരവാദിത്തവുമുള്ള മാധ്യമങ്ങളാണ് വേണ്ടത് എന്ന് അദ്ദേഹം വ്യക്തമാക്കി.

2015-ല്‍ അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ആവശ്യമായ കവറേജ് നല്‍കിയില്ല എന്നാരോപിച്ച് ബി.ജെ.പി നേതാവ് റാം മാധവിന്റെ വിമര്‍ശനത്തിനും രാജ്യസഭാ ടി.വി ഇരയായി. എന്നാല്‍ രാജ്യസഭാ ടിവിയുടെ സിഇഒ ഗുര്‍ദീപ് സിംഗ് സപ്പല്‍ അതെല്ലാം അടിസ്ഥാനരഹിതമായ കിംവദന്തികളാണെന്ന് പറഞ്ഞ് ആരോപണം തള്ളിക്കളഞ്ഞിരുന്നു. രാജ്പഥ് പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യുക മാത്രമല്ല യോഗയെ കുറിച്ച് മൂന്ന് ഡോക്യുമെന്ററികളും ഒരു സ്‌പെഷ്യല്‍ റിപ്പോര്‍ട്ടും നല്‍കിയെന്ന് അദ്ദേഹം വിശദീകരിച്ചു.

2006-ല്‍ ജമ്മു-കാശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ രണ്ടാം വട്ടമേശ സമ്മേളനത്തോട് അനുബന്ധിച്ച് രൂപം കൊടുത്ത വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അധ്യക്ഷനായിരുന്നു അന്‍സാരി. ജമ്മു-കാശ്മീരിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യത വളര്‍ത്തിയെടുക്കുന്ന പദ്ധതികള്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. 2007 ഏപ്രിലിലെ മൂന്നാം വട്ടമേശ സമ്മേളനം ഈ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിരവധി കാര്യങ്ങളിലൊന്ന് കാശ്മീരില്‍ നിന്ന് ഓടിപ്പോരേണ്ടി വന്ന ഹിന്ദു പണ്ഡിറ്റുകള്‍ക്ക് തങ്ങളുടെ ജന്മനാട്ടിലേക്ക് തിരികെ പോകാനുള്ള അവകാശത്തെക്കുറിച്ചായിരുന്നു. യാതൊരു വിധത്തിലുള്ള സംശയവും കൂടാതെ ഈ അവകാശം സംരക്ഷിക്കണമെന്നും അത് സര്‍ക്കാര്‍ നയമായി സ്വീകരിക്കണമെന്നും ആ റിപ്പോര്‍ട്ടില്‍ സംശയത്തിനിടയില്ലാതെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അന്‍സാരിയുടെ വിടവാങ്ങല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിയാണ് എത്തിയത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിതാവസ്ഥ തോന്നിത്തുടങ്ങിയിരിക്കുന്നു എന്ന അന്‍സാരിയുടെ നിലപാടിനോടുള്ള അനിഷ്ടത്തിന്റെ ഭാഗമാണെന്ന് തുടര്‍ന്നുള്ള മോദിയുടെ പ്രസംഗത്തില്‍ നിന്നും വ്യക്തമായിരുന്നു. വൈകിയെത്തിയെതിനാല്‍ പ്രൊട്ടോക്കോള്‍ ലംഘിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് ശേഷം സംസാരിച്ച മോദി അന്‍സാരിയെക്കുറിച്ച് നിരവധി നല്ല കാര്യങ്ങളും പറഞ്ഞു. എന്നാല്‍ അതിനൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്ത ചില വാക്കുകളും ശ്രദ്ധിക്കേണ്ടതാണ്. അതുകൂടാതെ നയതന്ത്ര പ്രതിനിധിയെന്ന നിലയില്‍ ഏറെ കാലവും പശ്ചിമേഷ്യയില്‍ ജീവിച്ച അന്‍സാരിയുടെ ചിന്തകളിലും അദ്ദേഹം ഒരു കരിയര്‍ ഡിപ്ലോമാറ്റ് ആയിരുന്നു. താങ്കളുടെ മനസില്‍ ചില സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ ഇനി അത്തരമൊരു സാഹചര്യം ഉണ്ടാകില്ല. അങ്ങയ്ക്ക് സ്വാതന്ത്ര്യമുണ്ടാകും. അങ്ങയുടെ പ്രത്യയശാസ്ത്രമനുസരിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സംസാരിക്കാനും സാധിക്കും എന്നു കൂടി പറഞ്ഞാണ് മോദി നിര്‍ത്തിയത്.

രാജ്യസഭ ടെലിവിഷന് അന്‍സാരി നല്‍കിയ അഭിമുഖമാണ് മോദി അടക്കമുള്ളവരെ അന്ന് പ്രകോപിപ്പിച്ചത് എന്നാണ് സൂചന. ‘രാജ്യത്തിന്റെ മറ്റ് മേഖലകളില്‍ നിന്നും ഞാന്‍ പലതും കേള്‍ക്കാറുണ്ട്. കൂടുതല്‍ വടക്കേ ഇന്ത്യയെക്കുറിച്ചാണ്. ഇവിടെ സംഘര്‍ഷാവസ്ഥ തോന്നുന്നുണ്ട്. സുരക്ഷിതത്വമില്ലായ്മ എല്ലായിടത്തും പടര്‍ന്നുപിടിച്ചിരിക്കുന്നു’. എന്നാണ് അദ്ദേഹം പറഞ്ഞത്. സമീപകാലത്തെ ഇന്ത്യന്‍ ചരിത്രം പരിശോധിച്ചാല്‍ മുസ്ലിങ്ങളും ദലിതരും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതത്വമില്ലായ്മ ഏറെ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാകും. മോദിക്ക് കീഴിലുള്ള മൂന്ന് വര്‍ഷത്തെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന അന്‍സാരി ഇതിന് മുമ്പും ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പലയിടത്തും ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്.

Read More: ‘റോ’യെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപണം: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ കത്ത്

Next Story

Related Stories