TopTop

ബിജെപിയിലേക്ക് 'മറിയാന്‍' ഒരു കോടി; വാര്‍ത്താസമ്മേളനത്തില്‍ നോട്ട് കെട്ടുകള്‍ വീശി പട്ടീദാര്‍ സമിതി നേതാവ്

ബിജെപിയിലേക്ക്
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്ക് ഞെട്ടല്‍ സമ്മാനിച്ചു കൊണ്ട് കോഴ ആരോപണം ഉയര്‍ത്തി പാട്ടീദാര്‍ പ്രക്ഷോഭ സമിതി നേതാവ്. ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും 10 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും ആരോപിച്ച് പാട്ടീദാര്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിന്റെ അനുയായി കൂടിയായ നരേന്ദ്ര പട്ടേലാണ് ഇന്നലെ രാത്രി നാടകീയമായി രംഗത്തെത്തിയത്. തനിക്ക് ലഭിച്ച 10 ലക്ഷം രൂപ പട്ടേല്‍ പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ഞായറാഴ്ച വൈകിട്ട് നരേന്ദ്ര പട്ടേല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി അദ്ദേഹം രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്ന പട്ടീദാര്‍ സമിതി നേതാക്കളായ വരുണ്‍ പട്ടേലാണ് തനിക്ക് പണം നല്‍കിയതെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു. തന്നെ ആദ്യം അഹമ്മദാബാദിലേക്കും പിന്നീട് ഗാന്ധിനഗറിലേക്കും കൊണ്ടു പോവുകയായിരുന്നു. അവിടെ വച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ജിതുഭായി വഘാനി, എം.എല്‍.എ ചുദാസാമ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് വരുണ്‍ പട്ടേല്‍ പത്തു ലക്ഷം രൂപ കൈമാറുകയായിരുന്നു. തിങ്കളാഴ്ച ബാക്കി 90 ലക്ഷം രൂപ കൂടി കൈമാറുമെന്നും പറഞ്ഞിരുന്നതായി നരേന്ദ്ര പട്ടേല്‍ പറയുന്നു. ഇതിനു തൊട്ടു പിന്നാലെ ബി.ജെ.പി വാര്‍ത്താ സമ്മേളനം വിളിച്ച് നരേന്ദ്ര പട്ടേല്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതായും വ്യക്തമാക്കിയിരുന്നു. നിരവധി മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പട്ടേലിന്റെ ബി.ജെ.പി പ്രവേശനം.

എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം വാര്‍ത്താസമ്മേളനം വിളിച്ച നരേന്ദ്ര പട്ടേല്‍ തനിക്ക് ലഭിച്ച വാഗ്ദാനങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം ജനങ്ങളെ അറിയിക്കുന്നതിനു വേണ്ടിയാണ് താന്‍ പണം സ്വീകരിച്ചതെന്നും താന്‍ ബി.ജെ.പിയിലേക്ക് പോകുന്നത് പട്ടേല്‍ സമുദായത്തെ മുഴുവന്‍ വഞ്ചിക്കുന്നതിന് തുല്യമാണെന്നും മനസിലാക്കി കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഒരു കോടി രൂപയല്ല, റിസര്‍വ് ബാങ്ക് മുഴുവന്‍ തരാമെന്നും പറഞ്ഞാലും തന്നെ വിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ലഭിച്ച 10 ലക്ഷം രൂപ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങള്‍ വരുണ്‍ പട്ടേല്‍ നിഷേധിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലികളിലും സംവരണം ആവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പാട്ടീദാര്‍ അന്‍മത് ആന്ദോളന്‍ സമിതി സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാരിന് വന്‍ തലവേദനയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന പ്രക്ഷോഭങ്ങളെ നേരിടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ആനന്ദി ബെന്നിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ വലംകൈയായ വിജയ് രൂപാണിയെ ബി.ജെ.പി മുഖ്യമന്ത്രിയാക്കിയത്. ബി.ജെ.പിയെ ഈ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന് വ്യക്തമാക്കി ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഹാര്‍ദിക് പട്ടേല്‍, ഒ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി തുടങ്ങിയവരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ കോണ്‍ഗ്രസ് നേതൃത്വം ക്ഷണിച്ചിരുന്നു. പട്ടേലും മേവാനിയും കോണ്‍ഗ്രസില്‍ ചേരാന്‍ സാധ്യയില്ലെന്ന് വ്യക്തമാക്കി എന്നാല്‍ ബി.ജെ.പിക്കെതിരെ സഹകരിക്കുമെന്ന് സൂചിപ്പിച്ചിക്കുകയും ചെയ്തിരുന്നു. അല്‍പേഷ് താക്കൂര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു.

ഈ സംഭവവികാസങ്ങള്‍ നടക്കുമ്പോഴാണ് ഹാര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായികളായ വരുണ്‍ പട്ടേലും രേഷ്മ പട്ടേലും ബി.ജെ.പിയിലേക്ക് മറിയുന്നത്. കോണ്‍ഗ്രസ് നേതൃത്വം വഞ്ചിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതിനു പിന്നാലെ മറ്റ് പട്ടീദാര്‍ നേതാക്കളെയും ബി.ജെ.പി ചാക്കിലാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് നരേന്ദ്ര പട്ടേല്‍ കോഴ ആരോപണം ഉയര്‍ത്തി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത് എന്നാണ് കരുതുന്നത്. വടക്കന്‍ ഗുജറാത്തിലെ പട്ടീദാര്‍ സമര സമിതിയുടെ കണ്‍വീനര്‍ കൂടിയാണ് നരേന്ദ്ര പട്ടേല്‍.

പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇത്തവണ ഗുജറാത്തില്‍ ശക്തമായ പ്രചരണ പരിപാടികള്‍ നടത്തുന്നതും പട്ടേല്‍, താക്കൂര്‍, മേവാനി തുടങ്ങിയവരുടെ പിന്തുണ ലഭിച്ചേക്കുമെന്നതും ബി.ജെ.പിയെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തന്നെയാണ് ബി.ജെ.പി ഇത്തവണയും അവിടെ പടയ്ക്കിറങ്ങുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൂന്നാം വട്ടം മോദി ഗുജറാത്തില്‍ സന്ദര്‍ശനം നടത്തിയത് ഇന്നലെയാണ്. ഈ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ അദ്ദേഹം നിരവധി പൊതുപരിപാടികളിലും പങ്കെടുക്കുകയും നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും മറ്റും ചെയ്തിരുന്നു. ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കാറുള്ള ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടി വച്ചതു വഴി ബി.ജെ.പിക്കും മോദിക്കും സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനങ്ങള്‍ നല്‍കാനും വോട്ടര്‍മാരെ സ്വാധീനിക്കാനുമുള്ള സഹായമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത് എന്ന ആരോപണം ശക്തിപ്പെടുത്തുന്ന വിധത്തിലാണ് മോദിയുടെ ഇപ്പോഴുള്ള ഗുജറാത്ത് സന്ദര്‍ശനങ്ങളും വാഗ്ദാന പെരുമഴകളും.

Next Story

Related Stories