UPDATES

ട്രെന്‍ഡിങ്ങ്

നന്ദി സര്‍ക്കാരേ, നന്ദി…ഞങ്ങള്‍ക്കെതിരെ കേസെടുത്തതിന്…

അന്യായത്തിന് ഇരയായി എന്ന തോന്നലല്ല എനിക്കിപ്പോളുള്ളത്. മറിച്ച് സര്‍ക്കാരിനോടും യുഐഡിഎഐയോടും പൊലീസിനോടും എനിക്ക് നന്ദിയാണുള്ളത് – ട്രൈബ്യൂണിനും എന്റെ സഹപ്രവര്‍ത്തകയായ രചന ഖൈരയ്ക്കും എതിരെ കേസെടുത്തതിന്.

ഹരീഷ് ഖരെ

ഹരീഷ് ഖരെ

500 രൂപ കൊടുത്താല്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് വ്യക്തമാക്കിയ റിപ്പോര്‍ട്ടിന്‍റെ പേരില്‍ ദ ട്രൈബ്യൂണ്‍ പത്രത്തിനും ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ രചന ഖൈരയ്ക്കും എതിരെ കേസ് എടുത്തിരിക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ യുഐഡിഎഐയുടെ ഈ നടപടിക്കെതിരെ ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.  ഈ പശ്ചാത്തലത്തില്‍ ന്യൂഡല്‍ഹിയില്‍ ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ്സ സംഘടിപ്പിച്ച യോഗത്തില്‍ ട്രൈബ്യൂണ്‍ ചീഫ് എഡിറ്റര്‍ ഹരീഷ് ഖരെ നടത്തിയ പ്രസംഗമാണ് ചുവടെ:

നമ്മളെയെല്ലാം സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇന്നിവിടെ കൂടിയിട്ടുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. അന്യായത്തിന് ഇരയായി എന്ന തോന്നലല്ല എനിക്കിപ്പോളുള്ളത്. മറിച്ച് സര്‍ക്കാരിനോടും യുഐഡിഎഐയോടും (ആധാര്‍) പൊലീസിനോടും എനിക്ക് നന്ദിയാണുള്ളത് – ട്രൈബ്യൂണിനും എന്റെ സഹപ്രവര്‍ത്തകയായ രചന ഖൈരയ്ക്കും എതിരെ കേസെടുത്തതിന്. എല്ലാ ഉത്തരവാദിത്തോടെയും ഗൗരവത്തോടെയും ആവര്‍ത്തിക്കട്ടെ – ഒരു പ്രൊഫഷണല്‍ ജേണലിസ്റ്റ് എന്ന നിലയിലുള്ള അവരുട കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്. മറ്റേതൊരു പത്രത്തിന്റെ എഡിറ്റര്‍മാരും ചെയ്യുന്ന കാര്യങ്ങളേ ഞങ്ങളും ചെയ്തുള്ളൂ.

ഞങ്ങള്‍ ഭരണഘടനയിലും അതിന്റ മൂല്യങ്ങളിലും വിശ്വസിക്കുന്നു. എതിര്‍പ്പിന്റെ, വിയോജിപ്പിന്റെ സ്വരങ്ങള്‍ക്ക് ഇടം കണ്ടെത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സത്യസന്ധവും നീതിപൂര്‍വവുമായ അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് നടത്താന്‍ ഞങ്ങള്‍ക്ക് ബാദ്ധ്യതയുണ്ട്. പഴയകാല മാധ്യമപ്രവര്‍ത്തനം പിന്തുടരാന്‍ നമ്മള്‍ അല്‍പ്പം ഭയപ്പെടേണ്ടിയിരിക്കുന്നു. അഹങ്കാരികളായ നമ്മുടെ ഭരണാധികാരികള്‍ ട്രൈബ്യൂണിന്റെ റിപ്പോര്‍ട്ടറേയും എഡിറ്ററേയും അറസ്റ്റ് ചെയ്യുകയാണെങ്കില്‍ പിന്നെ ഏത് ജേണലിസ്റ്റിനാണ് ഇന്ത്യയില്‍ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും സത്യസന്ധമായും ഒരു സ്‌റ്റോറി ചെയ്യാനാവുക. ഐക്യദാര്‍ഢ്യത്തിന്റേയും കരുത്തോടെ മുന്നോട്ട് പോകേണ്ടതിന്റേയും ആവശ്യകത സംബന്ധിച്ച് മാധ്യമലോകത്തിന് തിരിച്ചറിവുണ്ടാക്കിയ സര്‍ക്കാരിന് നന്ദി.

നിയമത്തിന്റെ കടുപ്പമുള്ള വ്യവസ്ഥകള്‍ ഞങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച സര്‍ക്കാരിന് നന്ദി. എല്ലാവര്‍ക്കും പെട്ടെന്ന് ഒരു കാര്യം മനസിലായി – സബ് ഇന്‍സ്‌പെക്ടര്‍ എപ്പോള്‍ വേണമെങ്കിലും നമ്മളെ തേടി വരാം – നമ്മുടെ പക്ഷപാതത്തിന്റെ നിറമെന്തായാലും. സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളായാലും ശരി, സര്‍ക്കാരിനെ എതിര്‍ക്കുന്നവരായാലും ശരി. എല്ലാ ദിവസം ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള അവസരമുണ്ട് എന്ന് കാണിച്ച തന്നതിന് നന്ദി. ‘ദൈവിക’മായ ഉദ്യോഗസ്ഥ സംവിധാനത്തെ ചോദ്യം ചെയ്യാന്‍ അവസരമുണ്ടാക്കുന്നതിന് നന്ദി. യാഥാസ്ഥിതികത്വത്തെ ചോദ്യം ചെയ്യാന്‍ അവസരമുണ്ടാക്കുന്നതിന് നന്ദി. കാര്യക്ഷമതയ്ക്കും മത്സരാധിഷ്ഠിതമായ സാഹചര്യത്തിനും മുകളില്‍ ഭരണകൂടത്തിന് ഒരു കുത്തകയുമില്ല എന്ന് തെളിയിച്ചതിന് നന്ദി. നിങ്ങള്‍ സ്വയം തുറന്നുകാട്ടുന്നതിന് നന്ദി. എല്ലാ ന്യൂസ് റൂമുകളിലുമുള്ള രചന ഖൈരമാരുടെ ഉള്ളില്‍ വീണ്ടും ഊര്‍ജ്ജവും ഉത്സാഹവും രോഷവും നിറച്ചതിന് നന്ദി. ഇത്ര വൃത്തികെട്ട രീതിയിലും ഇത്ര അധികാരമത്തോടെയും പ്രവര്‍ത്തിക്കുന്നവര്‍ക്ക് നന്ദി. ഉത്തരവാദിത്തമുള്ള മാധ്യമപ്രവര്‍ത്തനം ഇതിലേറെ സന്തോകരമാകുന്ന മറ്റേത് സമയമാണുള്ളത്.

നന്ദി

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍