TopTop
Begin typing your search above and press return to search.

തന്നോടുള്ള പ്രതിപക്ഷത്തിന്റെ വെറുപ്പ് ഇന്ത്യയോടായെന്ന് മോദി, അഞ്ച് മിനുട്ട് പിആര്‍ പണി നിര്‍ത്തൂ എന്ന് രാഹുല്‍

തന്നോടുള്ള പ്രതിപക്ഷത്തിന്റെ വെറുപ്പ് ഇന്ത്യയോടായെന്ന് മോദി, അഞ്ച് മിനുട്ട് പിആര്‍ പണി നിര്‍ത്തൂ എന്ന് രാഹുല്‍

ഭീകരപ്രവര്‍ത്തനത്തിനെതിരായ സൈനിക നടപടികള്‍ക്ക് സര്‍ക്കാരിനും സൈന്യത്തിനും പിന്തുണ അറിയിച്ച പ്രതിപക്ഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും കടന്നാക്രമിക്കാന്‍ തുടങ്ങി. അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും സൈനിക നടപടികളും പോലും സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിനായി ഉപയോഗിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സര്‍ക്കാരും ബിജെപിയുമെന്ന് പറഞ്ഞ് പ്രതിപക്ഷം ശക്തമായ തിരിച്ചടിയും തുടങ്ങിയിട്ടുണ്ട്.

തന്നോടുള്ള പ്രതിപക്ഷത്തിന്റെ വെറുപ്പ് ഇന്ത്യയോടുള്ള വെറുപ്പായി മാറിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി കന്യാകുമാരിയില്‍ ഇന്നലെ പറഞ്ഞത്. രാജ്യത്തിന്റെ സൈന്യത്തിന്റെ സത്യസന്ധത സംശയിക്കുന്ന നിലയിലേയ്ക്ക് പോലും പ്രതിപക്ഷം തരം താണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ലോകം മുഴുവന്‍ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുമ്പോള്‍ ചില പാര്‍ട്ടികള്‍ ഇവിടെ ഈ പോരാട്ടത്തെ സംശയിക്കുകയാണ്. നിങ്ങള്‍ക്ക് ഈ രാജ്യത്തെ സൈന്യത്തിലാണോ അതോ സ്വന്തം നാട്ടില്‍ ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നവരെയാണോ വിശ്വാസം? - മോദി ചോദിച്ചു.

മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭീകരാക്രമണങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുന്നതില്‍ പരാജയപ്പെട്ടു എന്ന് മോദി കുറ്റപ്പെടുത്തി. ഇത് പുതിയ ഇന്ത്യയാണ്. നാശമുണ്ടാക്കിയ ഭീകരര്‍ പലിശ സഹിതം തിരിച്ചുകൊടുക്കുന്ന ഇന്ത്യയാണിത്. മോദി വരും, പോകും. പക്ഷെ ഇന്ത്യ നിലനില്‍ക്കും. നിങ്ങളുടെ രാഷ്ട്രീയം ശക്തിപ്പെടുത്താനായി ഇന്ത്യയെ ദുര്‍ബലപ്പെടുത്തുന്നത് ദയവായി നിര്‍ത്തൂ. ദേശീയസുരക്ഷയുടെ കാര്യം വരുമ്പോള്‍ നമ്മളെല്ലാം ഇന്ത്യക്കാരാണ് എന്നതിനാണ് പ്രാധാന്യം - മോദി പറഞ്ഞു.

അതേ സമയം മോദി ആകെ ചെയ്യുന്ന കാര്യം വാചകമടിയാണ് എന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇവികെഎസ് ഇളങ്കോവന്‍ അഭിപ്രായപ്പെട്ടു. തന്റെ വലിയ പരാജയങ്ങള്‍ മറച്ചുവയ്ക്കാന്‍ പ്രതിപക്ഷത്തെ വില്ലനായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി പറഞ്ഞത് ഭീകരപ്രവര്‍ത്തകര്‍ക്ക് പണമെത്തുന്നത് തടയുക എന്നതായിരുന്നു. എന്നിട്ട് എന്തുണ്ടായി. ഇത്തരത്തില്‍ പണം പോകുന്നത് ഇല്ലാതായോ. മറിച്ച് കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാവുകയാണ് ചെയ്യുന്നത്. വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ക്രെഡിറ്റ് അവര്‍ക്കാണ്. ഇല്ലാതെ പ്രധാനമന്ത്രി മോദിക്കല്ല എന്നും ഇളങ്കോവന്‍ അഭിപ്രായപ്പെട്ടു.

ഇത്ര വലിയ പ്രശ്‌നങ്ങള്‍ നടക്കുമ്പോളും സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള പബ്ലിക് റിലേഷന്‍സ് പരിപാടിയിലാണ് പ്രധാനമന്ത്രി മോദിയെന്നും അഞ്ച് മിനുട്ട് പോലും ഇത് ഒഴിവാക്കാന്‍ മോദിക്ക് കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ ധുലെയില്‍ റാലിയിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. പുല്‍വാമയ്ക്ക് ശേഷം ഇന്ത്യ ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണ് എന്ന് പറഞ്ഞതിന് പിന്നാലെയാണ് മോദി കോണ്‍ഗ്രസിനെ ആക്രമിച്ചത് എന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ന്യൂഡല്‍ഹിയില്‍ ദേശീയ യുദ്ധസ്മാരക ഉദ്ഘാടനത്തില്‍ മോദി ഇതാണ് ചെയ്തത്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രസ്താവനകള്‍ക്കില്ല എന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് മോദിയും ഞങ്ങളും തമ്മിലുള്ള വ്യത്യാസം. ബിജെപി എവിടെയെല്ലാം എത്തുന്നോ അവിടെല്ലാം വെറുപ്പും അക്രമവും പ്രചരിപ്പിക്കുന്നു - രാഹുല്‍ ഗാന്ധി പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണ സമയത്ത് ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി ഫോട്ടോ ഷൂട്ട് നടത്തുകയായിരുന്നു എന്ന ആരോപണവുമായി പ്രതിപക്ഷം മോദിയെ കടന്നാക്രമിച്ചിരുന്നു. അഭിനന്ദന്‍ വര്‍ത്തമാന്‍ പാകിസ്താന്‍ കസ്റ്റഡിയിലിരിക്കെ ബിജെപി പ്രവര്‍ത്തകരുമായി മോദി നടത്തിയ മെഗാ വീഡിയോ കോണ്‍ഫറന്‍സും വിവാദമായി. ഇത് കൂടുതല്‍ വലിയ നടപടികള്‍ക്ക് മുന്നോടിയായുള്ള 'പൈലറ്റ് പ്രോജക്ട്' ആണ് എന്നാണ് നിയന്ത്രണരേഖയിലെ ഇന്ത്യന്‍ വ്യോമസേന നീക്കള്‍ സംബന്ധിച്ച് അഭിനന്ദന്‍ പാക് കസ്റ്റഡിയിലായിരിക്കെ മറ്റൊരു പരിപാടിക്കിടെ പ്രധാനമന്ത്രി പറഞ്ഞത്. പാകിസ്താനിലെ ഭീകര ക്യാമ്പുകള്‍ ലക്ഷ്യം വച്ച് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യവ്യാപകമായി മോദി തരംഗമുണ്ടാക്കുമെന്നും കര്‍ണാടകയില്‍ ബിജെപി 22 സീറ്റ് നേടുമെന്നും മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പറഞ്ഞതും വലിയ വിവാദമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ആര്‍എസ്എസ് സ്വയം സേവകന്റെ ശൗര്യമാണ് അഭിനന്ദന്‍ വര്‍ത്തമാനെ പെട്ടെന്ന് ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ സഹായിച്ചത് എന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടിരുന്നു.


Next Story

Related Stories