TopTop
Begin typing your search above and press return to search.

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നില്‍ 1000 കോടി രൂപയുടെ ഐഎംഎ കുംഭകോണവും?

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നില്‍ 1000 കോടി രൂപയുടെ ഐഎംഎ കുംഭകോണവും?
കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമി സര്‍ക്കാരിന് ഭീഷണിയായി 13 കോണ്‍ഗ്രസ്, ജെഡി (എസ്) എംഎല്‍എമാര്‍ ഉയര്‍ത്തിരിക്കുന്ന രാജി ഭീഷണിക്ക് പിന്നില്‍ ആയിരം കോടി രൂപയുടെ ഐഎംഎ കുംഭകോണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉണ്ടെന്ന് സൂചനകള്‍. റിബല്‍ ഗ്രൂപ്പിലുള്ള ഇരു പാര്‍ട്ടികളിലും പെട്ട ആറോളം എംഎല്‍മാരുടെ രാജിക്ക് പിന്നില്‍ ഈ കുംഭകോണവുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ നോര്‍ത്ത് റവന്യൂ അസിസ്റ്റന്റ് കമ്മീഷണര്‍ എല്‍.സി നാഗരാജിനെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തതാണെന്നാണ് സൂചനകള്‍. ഇന്നലെ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ കുമാരസ്വാമിയെ വിമാനത്താവളത്തില്‍ വച്ച് ആദ്യം കണ്ടതും പ്രത്യേകാന്വേഷണ സംഘത്തലവന്‍ ആയിരുന്നു.

കഴിഞ്ഞ ദിവസമാണ് നാഗരാജിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. നാലര കോടി രൂപ ഐഎംഎ (ഐ മോണിറ്ററി അഡ്വൈസറി) ഗ്രൂപ്പില്‍ നിന്ന് കോഴ വാങ്ങിയെന്നും ഇവര്‍ക്ക് ക്ലീന്‍ചീട്ട് നല്‍കിയെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ബാംഗ്ലൂരില്‍ നിന്നുള്ള ആറോളം എംഎല്‍മാര്‍ രാജിഭീഷണി മുഴക്കിയിരിക്കുന്നതിനു പിന്നില്‍ നാഗരാജിന്റെ അറസ്റ്റും ഉണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എംഎല്‍മാര്‍ക്ക് ഇക്കാര്യത്തിലുള്ള താത്പര്യം എന്താണ് എന്ന് വ്യക്തമായിട്ടില്ല. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചായിരുന്നു ഐഎംഎ ഗ്രൂപ്പിന്റെ തട്ടിപ്പ് പ്രധാനമായും അരങ്ങേറിയത്. ഇവര്‍ക്ക് രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധവും പരസ്യമാണ്.

ഐഎംഎ ഗ്രൂപ്പില്‍ പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും 2018-ല്‍ അഡ്വൈസറി പുറത്തിറക്കിയ ആളാണ് നാഗരാജ്. ഐഎംഎ ഗ്രൂപ്പില്‍ പണം നിക്ഷേപിക്കുന്നവരില്‍ ഭൂരിഭാഗവും മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരായതിനാല്‍ പ്രാദേശിക ഉര്‍ദു പത്രങ്ങളില്‍ അടക്കം ഈ അഡ്വൈസറി പ്രസിദ്ധീകരണത്തിനായി നല്‍കിയെങ്കിലും അവരാരും അത് പ്രസിദ്ധീകരിച്ചില്ലെന്ന് അറസ്റ്റിന് ഏതാനും ദിവസം മുമ്പ് ഈ വിഷയത്തില്‍ പ്രത്യേക റിപ്പോര്‍ട്ട് തയാറാക്കിയ ദി ഹിന്ദുവിന്റെ ലേഖകരോട് നാഗരാജ് പറഞ്ഞിരുന്നു. പരാതിയുള്ളവര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും അന്ന് വ്യക്തമാക്കിയിരുന്നെങ്കിലും ആരും പരാതിയുമായി എത്തിയില്ല എന്നാണ് നാഗരാജ് പറയുന്നത്. ഇതിനു പിന്നില്‍ ഐഎംഎ ഗ്രൂപ്പിന്റെ സ്വാധീനശക്തിയാണെന്നും ഉര്‍ദു മാധ്യമ മേഖല ഭൂരിഭാഗവും ഇവര്‍ കൈയടക്കിയിരിക്കുകയാണെന്നും പ്രാദേശിക ലേഖകരെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രാദേശിക ഉര്‍ദു പത്രങ്ങളുടെ പ്രധാന പരസ്യ വരുമാനം ഐഎംഎ പോലുള്ള കമ്പനികള്‍ ആയിരുന്നു എന്നതാണ് ഇതിന് പ്രധാന കാരണം.

ആരും പരാതിയുമായി എത്താതിരുന്നതാണ് ഇത്തരം കമ്പനികള്‍ക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചതും അഡ്വൈസറി പിന്‍വലിച്ചതുമെന്ന് നാഗരാജ് പറയുന്നത്. എന്നാല്‍ ഒരുവര്‍ഷത്തിനു ശേഷം ഔദ്യോഗികമായി ഇത് പിന്‍വലിച്ചത് കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ് ഓഫ് ഡിപ്പോസിറ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് എന്ന നിയമത്തിന്റെ പരിധിയില്‍ ഐഎംഎ ഗ്രൂപ്പ് ഉള്‍പ്പെടുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ്. യഥാര്‍ത്ഥത്തില്‍ ഈ ഗ്രൂപ്പില്‍ നിന്ന് നാഗരാജ് പണം വാങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും അവര്‍ക്ക് സഹായങ്ങള്‍ ചെയ്തു നല്‍കിയെന്നും കണ്ടെത്തിയാണ് പ്രത്യേകാന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

നാഗരാജിന്റെ അറസ്റ്റും എംഎല്‍എമാരുടെ രാജി ഭീഷണിയും തമ്മില്‍ ബന്ധമുണ്ടാകാന്‍ കാരണമുണ്ടെന്ന സൂചനകളാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം ഐംഎഎ ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പുറംലോകമറിയാന്‍ തുടങ്ങിയതു മുതല്‍ ഈ ഗ്രൂപ്പിന് മന്ത്രിമാര്‍, എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധവും ചര്‍ച്ചയാകുന്നുണ്ട്. ഐഎംഎ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് മന്‍സൂര്‍ ഖാന്റെ ഒരു വീഡിയോ പോസ്റ്റാണ് ഇതു സംബന്ധിച്ച് ആദ്യം പുറത്തു വരുന്നത്. താന്‍ കടക്കെണിയിലാണെന്നും കോണ്‍ഗ്രസിന്റെ ശിവാജി നഗര്‍ എംഎല്‍എ റോഷന്‍ ബെയ്ഗ് തന്നില്‍ നിന്നും വാങ്ങിയ 400 കോടി രൂപ തിരികെ നല്‍കുന്നില്ല എന്നുമായിരുന്നു വീഡിയോയിലെ പ്രധാന ആരോപണം. എന്നാല്‍ ബെയ്ഗ് ഇത് നിഷേധിച്ചു. ഇതിനു പിന്നാലെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ റോഷന്‍ ബെയ്ഗ് രംഗത്തെത്തി. തുടര്‍ന്ന് കോണ്‍ഗ്രസ് ബെയ്ഗിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സസ്‌പെന്‍ഡ് ചെയ്തു.

മന്‍സൂര്‍ ഖാന്റെ വീഡിയോ പുറത്തു വന്നതോടെ ഐഎംഎ ഗ്രൂപ്പ് പ്രതിസന്ധിയിലാണെന്ന വാര്‍ത്തകളും പുറത്തുവന്നു തുടങ്ങി. ആയിരക്കണക്കിന് നിക്ഷേപകര്‍ ഇതോടെ പരാതികളുമായി പോലീസിനെ സമീപിച്ചു തുടങ്ങി. ഇതിനു പിന്നാലെ മന്‍സൂര്‍ ഖാന്‍ മറ്റൊരു വീഡിയോയും പുറത്തു വിട്ടു. താന്‍ ഇതിനകം തന്നെ രാജ്യം വിട്ടെന്നും തന്നെ രാഷ്ട്രീയക്കാരും റിയല്‍ എസ്‌റ്റേറ്റ്, ജുവലറി കമ്പനികളും ചേര്‍ന്ന് വഞ്ചിക്കുകയായിരുന്നുവെന്നും 1300 കോടി രൂപ ആസ്തിയുള്ള കമ്പനിയായതിനാല്‍ എല്ലാവര്‍ക്കും പണം തിരികെ നല്‍കും എന്നുമായിരുന്നു ഖാന്റെ വീഡിയോയില്‍ ഉള്ളത്. അന്നുമുതല്‍ ഒളിവിലുള്ള ഖാന്‍ യുഎഇയില്‍ എവിടെയോ ആണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ഇതിനിടെ കുമാരസ്വാമി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇതിനു പുറമെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേ് കഴിഞ്ഞ ദിവസം സംസ്ഥാന പൊതുവിതരണ, ന്യുനപക്ഷകാര്യ മന്ത്രി ബിഎസ് സമീര്‍ അഹമ്മദ് ഖാനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. അഞ്ചു കോടി രൂപ അഹമ്മദ് ഖാന്‍ ഐഎംഎ ഗ്രൂപ്പില്‍ നിന്ന് കൈപ്പറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇത് തന്റെ ബാംഗ്ലൂരിലെ വസ്തു വിറ്റതിന്റെ പണമാണെന്നും ഇതു സംബന്ധിച്ച രേഖകള്‍ താന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്ക് കൈമാറിയെന്നും മന്ത്രി വ്യക്തമാക്കി. ഈ ഇടപാടിനെ സംബന്ധിച്ച് താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിജ്ഞാപനത്തിലും വ്യക്തമാക്കിയിരുന്നതായി സമീര്‍ അഹമ്മദ് ഖാന്‍ പറയുന്നു. ഐഎംഎ ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാടുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.

1300 കോടി ആസ്തിയുണ്ടെന്ന് പറയുന്ന ഐഎംഎ ഗ്രൂപ്പിന്റെ തുടക്കം 2006-ലാണ്. ഇത്തരത്തില്‍ 40-ഓളം കമ്പനികള്‍ ബാംഗ്ലൂരില്‍ മാത്രമുണ്ടെന്നാണ് കണക്ക്. പ്രധാനമായും മുസ്ലീം സമുദായത്തിലുള്ളവരെ ലക്ഷ്യം വച്ചാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. പലിശ സ്വീകരിക്കുന്നത് മതപരമായി അനുവദനീയമല്ല എന്ന വിശ്വാസം മുതലെടുത്തായിരുന്നു ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതും. ഇതില്‍ വിജയം കണ്ട ഗ്രൂപ്പുകളിലൊന്നാണ് ഐഎംഎ. നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിക്കുകയും ആ പണം വിവിധ കമ്പനികളില്‍ നിക്ഷേപിക്കുകയുമാണ് ഐഎംഎ ചെയ്യുന്നത്. എല്ലാ മാസവും ഈ കമ്പനികളില്‍ നിന്നുള്ള ഡിവിഡന്റ് നിക്ഷേപകര്‍ക്ക് ലഭിക്കുകകയും ചെയ്യും. ഇങ്ങനെ പൊതുജനത്തിന്റെ പണം ഉപയോഗിച്ചു തന്നെ നിക്ഷേപം നടത്തുകയും അതില്‍ നിന്ന് ലാഭം കൊയ്യുകയും ചെയ്യുമ്പോള്‍ കമ്പനിക്ക് മുടക്കുമുതല്‍ പോലും ആവശ്യമായി വരുന്നില്ല. പുതുതായി നിക്ഷേപകര്‍ എത്തുന്നത് മുടങ്ങുന്ന സാഹചര്യത്തില്‍ നേരത്തെ പണം നിക്ഷേപിച്ചവര്‍ക്ക് അതിന്റെ ഡിവിഡന്റ് ലഭ്യമാകാതെ വരുന്നതോടെയാണ് കമ്പനി തകര്‍ച്ച തുടങ്ങുന്നത്. ഐഎംഎയുടെ കാര്യത്തിലും ഇത് ഉണ്ടായെന്നാണ് സൂചന. 40,000-ത്തിലധികം ആളുകള്‍ക്ക് ഈ വിധത്തില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍. എന്നാല്‍ ഇത് ലക്ഷത്തിനു മുകളിലാകാന്‍ സാധ്യതയുണ്ടെന്നും 2500 കോടിക്ക് മുകളിലാണ് തട്ടിപ്പ് നടന്നിട്ടുളളത് എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

ഏതെങ്കിലും വിധത്തിലുള്ള റെയ്ഡുകളും മറ്റും നടന്നാല്‍ അടുത്ത ദിവസം തന്നെ മന്‍സൂര്‍ ഖാന്‍ പ്രത്യേക വിരുന്ന് സംഘടിപ്പിക്കുമെന്നും മന്ത്രിമാരും എംഎല്‍എമാരുമൊക്കെ ഇതില്‍ പങ്കെടുക്കുമെന്നുമുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു. ബാംഗ്ലൂരിലെ മതനേതൃത്വത്തിന്റെ പിന്തുണയായിരുന്നു മറ്റൊരു അനുകൂലഘടകം. ബാങ്കുകളില്‍ പണം നിക്ഷേപിച്ച് പലിശ വാങ്ങുനന്ത് അനിസ്ലാമികമാണെന്നും അതിനാല്‍ ഇത്തരം കമ്പനികളില്‍ നിക്ഷേപം നടത്താന്‍  വിവിധ പുരോഹിതര്‍ പ്രചരണം അടക്കമുള്ളവ നടത്തിയിരുന്നുഎന്നും ആരോപണമുണ്ട്.

Azhimukham Read: നെടുങ്കണ്ടം കസ്റ്റഡി മരണം: ശാലിനിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെ പൊരുത്തക്കേടുകള്‍, രാജ് കുമാറിന് നാസറിനെ നേരത്തെ അറിയാമായിരുന്നു

Next Story

Related Stories