UPDATES

ട്രെന്‍ഡിങ്ങ്

ബലാകോട്ട് ജെയ്ഷെ മദ്രസ്സയിലെ വിദ്യാർത്ഥികൾ വലിയ ശബ്ദം കേട്ടു; തോന്നലായിരിക്കുമെന്ന് കരുതി വീണ്ടും കിടന്നുറങ്ങി: വിദ്യാർത്ഥിയുടെ ബന്ധുവിന്റെ വെളിപ്പെടുത്തൽ

പേടിച്ചുണർന്നുവെങ്കിലും കുറെ നേരത്തേക്ക് പിന്നീടൊന്നും കേൾക്കാതിരുന്നതിനെ തുടർന്ന് വീണ്ടും കിടന്നുറങ്ങി.

ഫെബ്രുവരി 26ന് ബാലാകോട്ടിൽ ഇന്ത്യൻ പട്ടാളം നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ജെയ്ഷെ മൊഹമ്മദ് നടത്തുന്ന മദ്രസ്സയിൽ നിന്നും പാകിസ്താൻ പട്ടാളം വിദ്യാർത്ഥികളെ ഒഴിപ്പിച്ചെന്ന് റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസ്സാണ് വിദ്യാർത്ഥികളിലൊരാളുടെ ബന്ധുവിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പട്ടാളം കുട്ടികളെ സുരക്ഷിതമായൊരിടത്തേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്. കുറച്ചുദിവസം ഇവിടെ താമസിപ്പിച്ചതിനു ശേഷം ഇരെ വീടുകളിലേക്ക് തിരിച്ചയച്ചു.

ബലാകോട്ടിൽ ജെയ്ഷെ മൊഹമ്മദ് നടത്തുന്ന ‘തലീം ഉൽ ഖുറാൻ’ എന്ന മദ്രസ്സ തീവ്രവാദികളെ വളർത്തിയെടുക്കുന്ന ക്യാമ്പാണ്. ഇന്ത്യൻ പട്ടാളം നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യങ്ങളിലൊന്നിൽ ഇതും പെടുമായിരുന്നെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ജബ്ബാ കുന്ന് എന്നറിയപ്പെടുന്ന ഉയർന്ന പ്രദേശത്താണ് ഈ മദ്രസ്സയുൾപ്പെടെയുള്ള ഭീകരവാദ ക്യാമ്പ് പ്രവർത്തിക്കുന്നത്.

ആക്രമണം നടക്കുന്നതിനും ഒരാഴ്ച മുമ്പു തന്നെ പാക് പട്ടാളം സ്ഥലത്തെത്തിയിരുന്നെന്നാണ് മദ്രസ്സ വിദ്യാർത്ഥിയുടെ ബന്ധു പറയുന്നത്. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നിരിക്കാം ഇത്. വലിയ ശബ്ദം കേട്ടാണ് പുലർച്ചെ താനും സഹപാഠികളും ഉണർന്നതെന്ന് വിദ്യാർത്ഥി തന്റെ ബന്ധുക്കളോട് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് പറയുന്നു. ഈ ശബ്ദം വളരെ ദൂരത്തു നിന്നായിരുന്നില്ലെന്നും വിദ്യാർത്ഥി പറഞ്ഞുവത്രെ.

പേടിച്ചുണർന്നുവെങ്കിലും കുറെ നേരത്തേക്ക് പിന്നീടൊന്നും കേൾക്കാതിരുന്നതിനെ തുടർന്ന് വീണ്ടും കിടന്നുറങ്ങി. തങ്ങളുടെ തോന്നലായിരിക്കുമെന്നോ ഇല്ലെങ്കിൽ ഭൂമികുലുക്കം ഉണ്ടായിരുന്നിരിക്കാമെന്നോ ആണ് വിദ്യാർത്ഥികൾ കരുതിയത്. കൃത്യം ഏതു സമയത്താണ് വിദ്യാർത്ഥികളെ സൈന്യം നീക്കിയതെന്ന് ബന്ധുവിന് അറിയില്ല. ഇത് ഫിജ്ർ നമസ്കാരത്തിന് മുമ്പായിരിക്കുമെന്നും അദ്ദേഹം അനുമാനിക്കുന്നു.

രണ്ടോ മൂന്നോ ദിവസത്തേക്ക് കുട്ടികളെ പുറത്തൊരു ഇടത്തേക്ക് മാറ്റി. ഇത് എവിടെയാണെന്ന് ബന്ധുവിന് വ്യക്തതയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍