ന്യൂസ് അപ്ഡേറ്റ്സ്

സെൻസർഷിപ്പിൽ ആശങ്ക പ്രകടിപ്പിച്ചു; അമോൽ പലേക്കറുടെ സർക്കാർ വിരുദ്ധ പ്രസംഗം തടഞ്ഞ് സംഘാടകർ

നടനും സിനിമാ സംവിധായകനുമായ അമോൽ പലേക്കറുടെ പ്രസംഗം തടഞ്ഞ് നാഷണൽ ഗാലറി ഓഫ് മേഡേൺ ആർട്ടിന്റെ സംഘാടകർ. ഷോയുടെ ക്യൂറേറ്ററായ ജേസൽ താക്കർ അടക്കമുള്ളവര്‍ ചേർന്നാണ് സർക്കാരിന്റെ നയങ്ങൾക്കെതിരെ പലേക്കർ സംസാരിച്ചപ്പോൾ തടഞ്ഞത്. കലയെയും കലാകാരന്മാരെയും നിയന്ത്രിക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാരിന്റേതെന്ന് പറയുകയായിരുന്നു അമോൽ പലേക്കർ. ആർട്ടിസ്റ്റ് പ്രഭാകർ ബാർവെയുടെ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം സെൻസർഷിപ്പ് നയങ്ങളെ ചർച്ചയിൽ കൊണ്ടുവന്നത്.

നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിന്റെ മുംബൈയിലും ബെംഗളൂരുവിലുമുള്ള ഗാലറികളിൽ നടത്തേണ്ട എക്സിബിഷനുകളുടെ ആശയങ്ങളും മറ്റും തീരുമാനിക്കുന്നതിനുള്ള അധികാരം സാംസ്കാരിക മന്ത്രാലയം ഏറ്റെടുത്ത സംഭവത്തെക്കുറിച്ചായിരുന്നു പലേക്കറുടെ സംസാരം. കലയുടെ വൈവിധ്യത്തെയും ജനാധിപത്യപരതയെയും ഇഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. മാനവികതയ്ക്കെതിരായ യുദ്ധമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസാരം ഈ വിധത്തിൽ പുരോഗമിക്കവെ ആർട്ടിസ്റ്റ് കൂടിയായ സുഹാസ് ബഹുൽകർ ഇടപെട്ടു. പിന്നീട് ഷോയുടെ ക്യൂറേറ്ററായ ജേസൽ താക്കറും പ്രസംഗം തുടരുന്നത് തടസ്സപ്പെടുത്തി. ഇതോടെ മറാത്തി ലിറ്റററി ഫെസ്റ്റിവലിൽ എഴുത്തുകാരി നയൻതാര സാഹ്ഗലിന് നൽകിയ ക്ഷണം പിൻവലിച്ച സംഘാടകരുടെ നടപടി അമോൽ പലേക്കർ ഓർമിപ്പിച്ചു. പ്രഭാകർ ബാർവെയുടെ കലയെക്കുറിച്ചു മാത്രം പറഞ്ഞാൽ മതിയെന്നായിരുന്നു ജേസൽ താക്കറിന്റെ ആവശ്യം.

എന്നാൽ താൻ അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്തിയില്ലെന്നും പ്രഭാകർ ബാർവെയെക്കുറിച്ച് കൂടുതൽ പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും ജേസൽ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍