Top

ഇന്ത്യ ടിവി എഡിറ്ററുടെ രാജി മെഡിക്കല്‍ കോളേജ് അഴിമതിയില്‍ ഇടനില നിന്നതിന്

ഇന്ത്യ ടിവി എഡിറ്ററുടെ രാജി മെഡിക്കല്‍ കോളേജ് അഴിമതിയില്‍ ഇടനില നിന്നതിന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനും തുടക്കം മുതല്‍ ബി.ജെ.പിയുടെ കടുത്ത പിന്തുണക്കാരുമായ ഇന്ത്യാ ടി.വിയുടെ എഡിറ്റര്‍ ഹേമന്ദ് ശര്‍മയുടെ രാജിക്കു പിന്നില്‍ മെഡിക്കല്‍ കോളേജ് അനുമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുന്ന അഴിമതി.  ചാനലിന്റെ ഉടമയും എഡിറ്റര്‍-ഇന്‍-ചീഫുമായ രജത് ശര്‍മ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അംഗീകാരമില്ലാത്ത സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി ലഭിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ കൂട്ടുനിന്ന ഇടനിലക്കാരിലൊരാളാണ് ഹേമന്ദ് ശര്‍മയെന്നാണ് വിവരം.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിശ്ചയിച്ച സൗകര്യങ്ങള്‍ ഇല്ലാത്ത 23 സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. പിന്നീട് ഇത് 32 കോളേജുകള്‍ക്ക് ബാധകമാക്കി. ഇതില്‍ ചില കോളേജുകള്‍ ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുകയും ഇവരുടെ അപേക്ഷകള്‍ വീണ്ടും പരിഗണിക്കണമെന്ന് വിധിയുണ്ടാവുകയും ചെയ്തിരുന്നു. ഈ സമയത്ത് ഇടനിലക്കാര്‍ വഴി സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ മന്ത്രാലയ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് സി.ബി.ഐ കേസ്.

ഹരിയാനയിലെ ജാജറിലുള്ള വേള്‍ഡ് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇത്തരത്തില്‍ അംഗീകാരം നഷ്ടപ്പെട്ട കോളേജുകളിലൊന്നാണ്. എന്നാല്‍ ഇതിന്റെ ഉടമസ്ഥരായ നരേന്ദര്‍ സിംഗ്, കുന്‍വാര്‍ നിഷാന്ത് സിംഗ് എന്നിവര്‍ ഇടനിലക്കാരുമായി ബന്ധപ്പെട്ട് അനുമതി നേടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. ഇതിനായി യു.പിയിലെ നോയ്ഡ സ്വദേശികളായ വൈഭവ് ശര്‍മ, വി.കെ ശര്‍മ എന്നിവരുമായി ബന്ധപ്പെട്ടിരുന്നു. നരേന്ദര്‍ സിംഗ്, നിഷാന്ത് സിംഗ് എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തപ്പോള്‍ ശര്‍മമാരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

ഇതില്‍ സിംഗുമാരെ അറസ്റ്റ് ചെയ്തപ്പോഴാണ് ഒരു മുതിര്‍ന്ന ഹിന്ദു ന്യൂസ് ചാനലിന്റെ തലപ്പത്തുള്ളയാള്‍ തങ്ങളെ സഹായിക്കുന്നു എന്ന വിവരം അവര്‍ സി.ബി.ഐക്ക് കൈമാറിയത്. ഇതിനു പിന്നാലെ ഹേമന്ദ് ശര്‍മയുടെ പേര് ഡല്‍ഹി വൃത്തങ്ങളില്‍ ഉയര്‍ര്‍ന്നു കേട്ടിരുന്നു. മോദി, അമിത് ഷാ, അരുണ്‍ ജെയ്റ്റ്ലി, എസ്.പി തലവന്‍ മുലായം സിംഗ് യാദവ് തുടങ്ങിയവരുമായി അടുപ്പമുള്ള ആളാണ് ഹേമന്ദ് ശര്‍മ. അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിനും ഈ നേതാക്കള്‍ പങ്കെടുത്തിരുന്നു. മോദിക്ക് 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വരാണസി മണ്ഡലം തെരഞ്ഞെടുക്കുന്നതില്‍ സഹായിച്ചവരിലൊരാള്‍ ഹേമന്ദ് ശര്‍മയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടില്ലെങ്കിലും സിബിഐ ചോദ്യം ചെയ്ത കുറ്റാരോപിതരില്‍ ശര്‍മയുടെ പേരുമുണ്ട്.എങ്കിലും ശര്‍മ ചാനലില്‍ നിന്ന് അവധിയെടുക്കുന്നു എന്നായിരുന്നു നേരത്തെ പ്രചരിച്ചതെങ്കിലും കേസുമായി ബന്ധപ്പെട്ടാണ് ശര്‍മ പുറത്തു പോകുന്നതെന്ന് ചാനല്‍ തലവന്‍ രജത് ശര്‍മ തങ്ങളോട് വ്യക്തമാക്കിയതായി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ദി വയര്‍ വ്യക്തമാക്കി. തന്റെ ഏറ്റവും പ്രിയപ്പെട്ട കാര്യമായ എഴുത്തിനു വേണ്ടി സമയം കണ്ടെത്താന്‍ ചാനലില്‍ നിന്നു വിട്ടു എന്നാണ് ഹേമന്ദ് ശര്‍മയുടെ വിശദീകരണം. എന്നാല്‍ രജത് ശര്‍മയുടെ കുറ്റസമ്മതത്തോടെ ഇടനില നിന്നതിനാണ് ഇയാള്‍ പുറത്താകുന്നത് എന്നാണ് വ്യക്തമായിരിക്കുന്നത്. അഴിമതി ആരോപണം ചാനലിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന ഘട്ടത്തിലാണ് രാജി വയ്ക്കാന്‍ മാനെജ്മെന്റ് നിര്‍ദേശം നല്‍കിയത് എന്നാണ് സൂചന. മോദി അധികാരത്തില്‍ വന്ന ശേഷം പത്മശ്രീ പുരസ്കാരം നല്‍കിയവരിലൊരാളാണ് രജത് ശര്‍മ.

Next Story

Related Stories