TopTop
Begin typing your search above and press return to search.

'മൃദു ഹിന്ദുത്വം' കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കും: ശശി തരൂര്‍

എക്കാലത്തും തങ്ങള്‍ നിലകൊണ്ട തത്വങ്ങളെ മുറുകെപ്പിടിച്ച്‌ നിവര്‍ന്നു നില്‍ക്കുകയാണ് കേണ്‍ഗ്രസ്സ് ചെയ്യേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാന്‍ 'മൃദു ഹിന്ദുത്വ'മാകരുത് പാര്‍‌ട്ടിയുടെ ആയുധമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. ആ വഴിക്കാണ് നീങ്ങുന്നതെങ്കില്‍ പാര്‍ട്ടി അവിടങ്ങളില്‍ ഇല്ലാതാകുകയാകും ഫലമെന്നും അദ്ദേഹം വ്യക്തമാക്കി. 'കോക്ക് ലൈറ്റ് പോലെ ഹിന്ദുത്വ ലൈറ്റ് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ഇല്ലാതാകുകയേ ഉള്ളൂ,' തരൂര്‍ പറഞ്ഞു.

നിലവിലെ ആക്രാമകമായ ദേശീയതാ പ്രവണതകള്‍ ഇല്ലാതാകുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും തരൂര്‍ പറഞ്ഞു. ഇത്തരം പ്രവണതകളെ ചെറുക്കുന്ന യുവാക്കളടക്കമുള്ള ശുഭാപ്തിവിശ്വാസികളുടെ കൂട്ടത്തിലാണ് താനെന്നും തരൂര്‍ പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

തന്റെ പുതിയ പുസ്തകമായ 'ദി ഹിന്ദു വേ: എന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഹിന്ദുയിസം' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നോടിയായാണ് തരൂര്‍ അഭിമുഖം നല്‍കിയത്. ബിജെപിയും അതിന്റെ സഖ്യകക്ഷികളും ഹിന്ദുവായിരിക്കുന്നത് ബ്രിട്ടീഷ് ഫൂഡ്ബോള്‍ തെമ്മാടിക്കൂട്ടത്തിന്റേതിനു സമാനമായ രീതിയിലാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. നിലവില്‍ അധികാരത്തിലിരിക്കുന്നവര്‍ ഹിന്ദുമതത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അറിഞ്ഞവരല്ലെന്നും വിശ്വാസത്തെ കോമാളിത്തമാക്കി മാറ്റിയവരാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. വളരെ ചുരുങ്ങിയ ഒരു രാഷ്ട്രീയ ആയുധമാക്കി അവര്‍ വിശ്വാസത്തെ മാറ്റിയിരിക്കുകയാണ്. തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ മാത്രമാണ് അവരുടെ ഉദ്ദേശ്യം.

ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കുന്ന ബിജെപിയുടെ അതേ നിലപാടിനെ പിന്‍‌പറ്റുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെങ്കില്‍ അതൊരു വലിയ പിഴവായിരിക്കുമെന്ന് തരൂര്‍ പറഞ്ഞു. അതൊരു തരം അനുകരണം മാത്രമായി മാറുമെന്നും, യഥാര്‍ത്ഥമായത് മുന്നിലുള്ളപ്പോള്‍ അനുകരിക്കുന്നതിനെ വോട്ടര്‍ തെരഞ്ഞെടുക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എക്കാലത്തും തങ്ങള്‍ നിലകൊണ്ട തത്വങ്ങളെ മുറുകെപ്പിടിച്ച്‌ നിവര്‍ന്നു നില്‍ക്കുകയാണ് കേണ്‍ഗ്രസ്സ് ചെയ്യേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


Next Story

Related Stories