TopTop
Begin typing your search above and press return to search.

കത്വയില്‍ നടന്നത് രാജ്യത്തെ ഞെട്ടിച്ച ക്രൂരത, രാഷ്ട്രീയ സമ്മര്‍ദ്ദം അതിജീവിച്ചത് വനിതാ പൊലീസ് ഓഫീസറുടെ ഇച്ഛാശക്തി

കത്വയില്‍ നടന്നത് രാജ്യത്തെ ഞെട്ടിച്ച ക്രൂരത, രാഷ്ട്രീയ സമ്മര്‍ദ്ദം അതിജീവിച്ചത് വനിതാ പൊലീസ് ഓഫീസറുടെ ഇച്ഛാശക്തി
ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് രാഷ്ട്രീയമാനങ്ങള്‍ ഏറെയുണ്ടായിരുന്നു. അന്വേഷണത്തിന്റെ ആരംഭം മുതല്‍ വിചാരണക്കാലം വരെ അതിന്റെ പല സമ്മര്‍ദ്ദങ്ങളുമുണ്ടായി. ഇതിനെയൊക്കെ അതിജീവിച്ച് കോടതി ആറ് പേരെ കുറ്റക്കാരെന്ന് വിധിക്കുമ്പോള്‍ ആദരിക്കപ്പെടുന്നത് ശ്വേതാംബരി ശര്‍മ എന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ്. എന്റെ യൂണിഫോമാണ് എന്റെ മതം എന്ന പ്രഖ്യാപിച്ച് സമ്മര്‍ദ്ദം അതിജീവിച്ച ശ്വേതാംബരി. അവരുടെ ഇച്ഛാശക്തിക്കുള്ള അംഗീകാരം കൂടിയാണ് ഇന്ന് കോടതിയില്‍നിന്നുണ്ടായിരിക്കുന്നത്.

കത്വവയിലെ ഗ്രാമമുഖ്യൻ പ്രതിയായ കേസിൽ വലിയ സമ്മര്‍ദങ്ങളുമായിരുന്നു അന്വേഷണ സംഘം നേരിട്ടത്.  ജമ്മു- കശ്മീർ ക്രൈ ബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചത്. കത്വ ജില്ലയിലെ രസാന ഗ്രാമത്തിൽ നിന്നും 2018 ജനുവരി 10 നായിരുന്നു എട്ടുവയസ്സുകാരിയെ കാണാതാവുന്നത്. കുതിരകളെ മേയ്ക്കാൻ പോവുകയും തിരിച്ച് വരാതിരിക്കുകയും ചെയ്യുകയായിരുന്നു. വൈകിട്ട് കുതിരകൾ കുട്ടിയെ കൂടാതെ തിരിച്ചെത്താതിരിക്കുകയും ചെയ്തു. ജനുവരി 17 ന് അവളെ മരിച്ച നിലയിൽ കണ്ടെത്തി.

വിവാദങ്ങൾക്ക് ശേഷം കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുമ്പോൾ കേസിൽ കാര്യമായ തെളിവുകൾ അവശേഷിച്ചിരുന്നില്ല.  കേസിലെ പ്രതികൾക്ക് വേണ്ടി പ്രവർത്തിച്ച ഹിരാനഗർ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു തെളിവുകളുടെ അഭാവം. കൊല്ലപ്പെട്ട കുട്ടിയുടെ വസ്ത്രങ്ങൾ  കഴുകി സുപ്രധാനമായ തെളിവുകൾ നശിപ്പിച്ചിരുന്നു. എന്നാൽ, കേസന്വേഷണത്തിൽ  ദൂരൂഹതകൾ ഒന്നൊന്നായി അഴിഞ്ഞു വീഴുകയായിരുന്നു. അതിന് പിന്നിൽ ദൈവത്തിന്റെ സാന്നിധ്യം തന്നെയാണെന്ന് വിശ്വസിക്കുന്നെന്നാണ് ശ്വേതാംബരി ശർമ പറയുന്നു.

പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് കൊല്ലപ്പെടുന്നതിന് മുൻപ് ക്രുരമായി ബലാൽസംഗത്തിന് ഇരയായിരുന്നതായി കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നതിന് മുൻപ് കുട്ടിക്ക് മയക്കുമരുന്ന് കൊടുത്തിട്ടുള്ളതായി ഡോക്ടർമാർ കണ്ടെത്തി. കുറ്റാരോപിതരിൽ ഒരാളായ സഞ്ജി റാം കുട്ടിയെ പ്രദേശത്ത് ക്ഷേത്രത്തിന്റെ സമീപത്തെ മുറിയിൽ നിരവധി ദിവസങ്ങൾ തടവിലിട്ടിരുന്നതായി ഫോറൻസിക് അന്വേഷണത്തില്‍
തെളിഞ്ഞു. കുട്ടി പലതവണ പല പുരുഷന്മാരാൽ ബലാത്സംഗം ചെയ്യപ്പെട്ടതായും കഴുത്തു ഞെരിച്ച് കൊലചെയ്യപ്പെട്ട ശേഷം ഭാരമുള്ള കല്ലുകൊണ്ട് തലയ്ക്കടിയേറ്റതായും പരിശോധനയിൽ തെളിഞ്ഞു.

ഇതോടെ രാജ്യ വ്യാപക പ്രതിഷേധവും ആരംഭിച്ചു. 2018 ജനുവരി 18 ന് കേസിന്റെ പേരിൽ നിയമ സഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ പാർട്ടികൾ വാക്കൗട്ട് നടത്തി. 12 ഏപ്രിൽ 2018ന് ഇന്ത്യാഗേറ്റിൽ മെഴുകുതിരി കത്തിച്ചുള്ള വലിയ പ്രതിഷേധ പ്രകടനം നടന്നു. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ഗുലാം നബി ആസാദ് തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങൾ യൂണിവേഴ്സിറ്റി പോലെ പലയിടങ്ങളിലും നടന്നു. വലിയ വിവാദങ്ങളാണ് കേസ് സൃഷ്ടിച്ചത്. സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ ഭാഗമായി. പ്രതിഷേധം ശക്തമായതോയെ ജനുവരി 22ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഇതോടെയാണ് ശ്വേതാംബരി ശർമ ഉള്‍പ്പെട്ട സംഘം കേസിന്റെ ഭാഗമാവുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട്‌ അകാരണമായി ചിലരെ പീ‍ഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തീവ്രഹിന്ദു സംഘടനൾ പരസ്യമായി രംഗത്തിറങ്ങി. സർക്കാർ ശരിയായ രീതിയിൽ കേസ് അന്വേഷിക്കുന്നില്ലെന്നായിരുന്നു ആരോപണം. ഇതിനിടെ എസ്ഐടി അന്വേഷണം ആരംഭിച്ചിരുന്നു. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ക്രൈം അലോക് പുരിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സീനിയർ സൂപ്രണ്ട് ക്രൈംബ്രാഞ്ച് രമേശ് കുമാർ ജല്ല, എസ്.പി നവീദ് പിർസാദ, ശ്വേതാംബരി എന്നിവരായിരുന്നു സംഘത്തില്‍.

ഒരു ഘട്ടത്തിൽ കുടുംബവും അവരെ പിന്തുണയ്ക്കുന്നവരും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഇതിനിടെ രണ്ട് കുറ്റപത്രങ്ങൾ സംഘം സിജെഎം കോടതിയിൽ സമർപ്പിച്ചു. ബലാൽസംഗം, കൊലപാതകം, തട്ടിക്കൊണ്ട് പോവൽ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവയായിരുന്നു പ്രധാനമായും ചുമത്തിയിരുന്നത്. കേസിലെ എട്ട് പ്രതികളിൽ പ്രായ പൂർത്തിയാവാത്തയാൾ മാത്രം പെൺകുട്ടിയെ രണ്ട് തവണ ബലാൽസംഗം ചെയ്തെന്നായിരുന്നു സംഘത്തിന്റെ കണ്ടെത്തൽ.

കേസിലെ പ്രതികളിൽ ഭൂരിഭാഗവും ബ്രാഹ്മണ വിഭാഗത്തിപ്പെട്ടവരായിരുന്നു. സമുദായ ബന്ധം ചൂണ്ടിക്കാട്ടി പലതവണ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായി ശ്വേതാംബരി ശർമ പറയുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ സ്വാധീനിക്കാൻ ശ്രമിച്ചു. ഒരു മുസ്ലീം പെണ്‍കുട്ടിയെ ബലാൽസംഗം ചെയ്ത് കൊന്നതിന്റെ പേരില്‍ താന്‍ അവരെ അറസ്റ്റ് ചെയ്യരുതെവന്ന് വരെ ആവശ്യം ഉയർന്നു. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ട ഉദ്യോഗസ്ഥനോട് താൻ വ്യക്തമാക്കിയത് ഒരു കാര്യമാണ്. തനിക്ക് മതമില്ല, എന്റെ മതം ഞാൻ ധരിച്ചിരിക്കുന്ന പോലീസ് യുനിഫോം മാത്രമാണ്. എന്നായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള എല്ലാ ഇടപെടലുകളും പരാജയപ്പെട്ടു. ഇതോടെയാണ് പെൺകുട്ടിയുടെ കുടുംബത്തിനും നേര ഭീഷണി ഉൾപ്പെടെ ഉയർന്നത്. അവർ ദേശീയ പതാകയുമായി പ്രകടനം നടത്തി, റോഡുകള്‌‍ ബ്ലോക്ക് ചെയ്ത് ഗതാഗതം മുടക്കി. എന്നാൽ ആത്മാർത്ഥതയോടെയും പ്രൊഫണലിസത്തോടെയും നടത്തിയ അന്വേഷണം ഫലം കാണുകയായികരുന്നു. ക്രൈംബ്രാഞ്ചിലെ ഡെപ്യൂട്ടി സൂപ്രണ്ട് ശ്വേതാംബരി ശർമ പറയുന്നു.

"60 വയസ്സുള്ള സഞ്ജി റാം, സ്പെഷ്യൽ പോലീസ് ഓഫീസർമാരായ ദീപക് ഖജൂരിയയും സുരെന്ദർ വെർമയും, സബ് ഇൻസ്പെക്ടർ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സാധാരണ പൗരനായ പർവേഷ് കുമാർ, സഞ്ജിയുടെ പ്രായപൂർത്തിയാകാത്ത പുത്രൻ വിശാല എന്നിവരായിരുന്നു കേസിലെ കുറ്റാരോപിതർ. ഇതിൽ വിശാലിനെ കോടതി കുറ്റവിമുക്തനാക്കി.

അതിനിടെ 7 മെയ് 2018ന് കത്വ ബലാത്സംഗക്കേസിന്റെ വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ കുടുംബത്തിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചു. പഞ്ചാബിലെ പത്താൻ കോട്ട് കോടതിയിലാണ് പിന്നീട് വിചാരണ നടന്നതും ഇപ്പോൾ വിധി പറയുന്നതും. ഇൻ ക്യാമറ സംവിധാനത്തിൽ, നീട്ടി വെക്കലുകളില്ലാതെ, ദിവസേന വാദം കേൾക്കണം എന്ന് സുപ്രീം കോടതി പറഞ്ഞു. കേസന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന പ്രതികളുടെ വാദം തള്ളിക്കളഞ്ഞു. പ്രതികൾക്ക് സുരക്ഷിത്വം ഉറപ്പുവരുത്താനും സാക്ഷികളെ സംരക്ഷിക്കാനും രഹസ്യവിചാരണയാണ് നടന്നത്. പത്താൻ കോട്ട് ജില്ലാ ജഡ്ജിയാണ് വാദം കേട്ടത്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലായിരുന്നു വിചാരണ.

പ്രതികൾക്കനുകൂലമായി ജമ്മു കാശ്മീർ മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരായ ലാൽ സിങ്, ചന്ദർ പ്രകാശ് എന്നിവർ രംഗത്തുവന്നു. ചാർജ്ഷീറ്റ് രേഖപ്പെടുത്തുന്നതിനെ അഭിഭാഷകർ എതിർത്തതിനെ തുടർന്ന് ചീഫ് ജുഡിഷ്യൽ മജിസ്റ്റ്രേറ്റ് കോടതി പരിസരത്ത് സംഘർഷമുണ്ടായി. ഹിന്ദു ഏക്താ മഞ്ചിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് പ്രതിഷേധം നടത്തിയ അഭിഭാഷകർക്കെതിരെ എഫ് ഐ ആർ ഫയൽ ചെയ്തിട്ടുണ്ട്.

Next Story

Related Stories