TopTop
Begin typing your search above and press return to search.

നോട്ട് നിരോധനം ബോളിവുഡിലെ പ്രമുഖരെ ബാധിച്ചിട്ടില്ല, പക്ഷെ ദിവസക്കൂലിക്കാരെ അത് ദുരിതത്തിലാക്കി

നോട്ട് നിരോധനം ബോളിവുഡിലെ പ്രമുഖരെ ബാധിച്ചിട്ടില്ല, പക്ഷെ ദിവസക്കൂലിക്കാരെ അത് ദുരിതത്തിലാക്കി

നോട്ട് നിരോധനത്തെ ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രി പ്രത്യേകിച്ച് പ്രമുഖ അഭിനേതാക്കള്‍ സ്വാഗതം ചെയ്തിരുന്നു. അമിതാഭ് ബച്ചന്‍, രജനീകാന്ത്, കമല്‍ഹാസന്‍, സല്‍മാന്‍ ഖാന്‍, മോഹന്‍ലാല്‍, ഐശ്വര്യ റായ്, ഋത്വിക് റോഷന്‍ തുടങ്ങിയവരെല്ലാം മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചവരാണ്. ബിവറേജിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് എന്തുകൊണ്ട് ബാങ്കിന് മുന്നില്‍ ക്യൂ നിന്നുകൂടാ എന്ന് മോഹന്‍ലാലും സല്‍മാന്‍ ഖാനും ചോദിച്ചിരുന്നു. മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ നോട്ട് അസാധുവാക്കല്‍ നടപടിയെ പ്രശംസിച്ചുകൊണ്ട് എഴുതി. കമല്‍ഹാസന്‍ ട്വിറ്ററില്‍ മോദിയെ സല്യൂട്ട് ചെയ്തു. 99 ശതമാനം നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നും കള്ളപ്പണം പിടിക്കാനെന്ന പേരില്‍ നടപ്പാക്കിയ നോട്ട് നിരോധനം ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ മാത്രമാണ് വിജയിച്ചതെന്നും മറ്റെല്ലാ തലത്തിലും അത് സമ്പൂര്‍ണ പരാജയമായിരുന്നെന്നും റിസര്‍വ് ബാങ്കിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കി. ഈ കണക്ക് പുറത്തുവന്നതിന് ശേഷവും കമല്‍ഹാസന്‍ നോട്ട് നിരോധനം നല്ല തീരുമാനമാണെന്ന് അഭിപ്രായപ്പെട്ടു. പിന്നീട് ഇത് തിരുത്തിയ കമല്‍ ജനങ്ങളോട് മാപ്പ് പറഞ്ഞിരുന്നു.

രാജ്യത്തിന്റെ വളര്‍ച്ചാനിരക്കില്‍ വലിയ ഇടിവ് വന്നു. തൊഴില്‍ നഷ്ടം കൂടി. പുതിയ തൊഴിലവസരങ്ങളുണ്ടായില്ല. തൊഴിലാളികളും കൃഷിക്കാരും വ്യാപാരികളുമടക്കം വിവിധ വിഭാഗങ്ങളുടെ ജീവിതം ഇത് പ്രതിസന്ധിയിലാക്കി. ഏതായാലും സിനിമാരംഗത്തെ പ്രമുഖര്‍ നോട്ട് നിരോധനത്തെ പിന്തുണക്കുകയും കാഷ്‌ലെസ് എക്കോണമിയെ പറ്റി വിടുവായത്തം വിളമ്പുകയും ചെയ്യുന്ന സമയത്ത് ഇവരുടെ സഹപ്രവര്‍ത്തകരായ സ്‌പോട് ബോയ്‌സ്, ലൈറ്റ്‌ബോയ്‌സ്, എക്‌സ്ട്രാ നടീനടന്മാര്‍, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം വലിയ ദുരിതത്തിലായിരുന്നു. ഇതേക്കുറിച്ചാണ് ഫസ്റ്റ്‌പോസ്റ്റിന്റെ (firstpost.com) റിപ്പോര്‍ട്ട് പറയുന്നത്. 100 രൂപ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നവരെല്ലാം വലിയ പ്രശ്‌നം ഇപ്പോളും നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ബോളിവുഡിലെ ഫിലിം സ്റ്റുഡിയോ സെറ്റിംഗ് ആന്‍ഡ് അലൈഡ് മസ്ദൂര്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ഗംഗേശ്വര്‍ലാല്‍ ശ്രീവാസ്തവ പറയുന്നത്. എല്ലാ ദിവസവും 100 രൂപ വച്ച് ഓരോരുത്തരുടേയും അക്കൗണ്ടിലേയ്ക്ക് പണമിടുക എന്നത് യുക്തിസഹമല്ലെന്ന് ശ്രീവാസ്തവ പറയുന്നു.

അതേസമയം നോട്ട് നിരോധനം ഇന്‍ഡസ്ട്രിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് ഇന്ത്യന്‍ മോഷന്‍ പിക്‌ചേര്‍സ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അശോക് പണ്ഡിറ്റ് പറയുന്നത്. ഇന്‍ഡസ്ട്രി പ്രവര്‍ത്തിക്കുന്നത് ചെക്ക് വഴിയും ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വഴിയുമാണ്. നേരിട്ടുള്ള കറന്‍സി കൈമാറ്റത്തിലൂടെയല്ല. ഫറാന്‍ അക്തര്‍ നായകനായ റോക്ക് ഓണ്‍ 2 അടക്കമുള്ള ചിത്രങ്ങള്‍ നോട്ട് നിരോധന കാലത്ത് തീയറ്ററില്‍ ആളില്ലാത്തതിനാല്‍ വന്‍ പരാജയമേറ്റുവാങ്ങിയിരുന്നു. ചിത്രം പരാജയപ്പെടാന്‍ കാരണം നോട്ട് നിരോധനമാണെന്ന് ഫറാന്‍ അക്തറിന്റെ പിതാവും ബോളിവുഡിലെ പ്രമുഖ ഗാനരചയിതാവുമായ ജാവേദ് അക്തര്‍ പറഞ്ഞിരുന്നു. 500, 1000 നോട്ടുകള്‍ അസാധുവാക്കിയ ശേഷം രാജ്യത്തെ പല സിംഗിള്‍ സ്‌ക്രീന്‍ തീയറ്ററുകളും അടച്ചുപൂട്ടിയിരുന്നു. അതേസമയം നോട്ട് നിരോധനം സിനിമകളെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ഷാരൂഖ് ഖാന്റെ നിര്‍മ്മാണകമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ചീഫ് റെവന്യു ഓഫീസറായ ഗൗരവ് വര്‍മ പറയുന്നത്. വന്‍ വിജയമായ ദംഗല്‍ (ഡിസംബര്‍ 23) പോലുള്ള സിനിമകള്‍ നോട്ട് നിരോധന കാലത്താണ് പുറത്തിറങ്ങുകയും തീയറ്ററുകളില്‍ നിറഞ്ഞോടുകയും ചെയ്തതെന്ന് ഗൗരവ് വര്‍മ പറഞ്ഞു.

വായനയ്ക്ക്: https://goo.gl/fE1KR2


Next Story

Related Stories