TopTop
Begin typing your search above and press return to search.

ബഹിരാകാശ സഞ്ചാരികൾ മൂത്രമൊഴിക്കുന്നത് എങ്ങനെ? മൂത്രമൊഴിക്കലും സ്ത്രീസ്വാതന്ത്ര്യവും തമ്മിലെന്ത്?

ബഹിരാകാശ സഞ്ചാരികൾ മൂത്രമൊഴിക്കുന്നത് എങ്ങനെ? മൂത്രമൊഴിക്കലും സ്ത്രീസ്വാതന്ത്ര്യവും തമ്മിലെന്ത്?
ബഹിരാകാശ യാത്രയും അവിടത്തെ ജീവിതവും എപ്പോഴും വലിയ കൌതുകത്തോടെ നോക്കിക്കാണുന്നവരാണ് നാം. അതില്‍തന്നെ ബഹിരാകാശ സഞ്ചാരികള്‍ എങ്ങിനെയാകും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുക എന്ന ചോദ്യമൊക്കെ സര്‍വ്വസാധാരണമാണ്. എന്നാല്‍ അത്തരത്തിലുള്ള എല്ലാ കൗതുകങ്ങള്‍ക്കും കൃത്യമായ ഉത്തരം പറയുകയാണ്‌ പ്രശസ്ത സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരി മേരി റോബിനെറ്റ് കോവൽ. ശാസ്ത്രീയ സിദ്ധാന്തങ്ങളും വസ്തുതകളും നിരത്തി അവര്‍ നടത്തിയ 27 ട്വീറ്റുകളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്. എല്ലാ ട്വീറ്റുകളുടെയും പ്രതിപാദ്യ വിഷയം ഒന്നുമാത്രം; ‘ബഹിരാകാശത്ത് എത്തിയാല്‍ എങ്ങനെ മൂത്രമൊഴിക്കാം!'

ഒരു സുപ്രഭാത്തില്‍ വന്ന് മൂത്രമൊഴിക്കുന്നതിനെ കുറിച്ച് ചുമ്മാ കുറച്ച് ട്വീറ്റ് ചെയ്യുകയായിരുന്നില്ല കോവല്‍. അതിനുപിന്നില്‍ ഒരു കഥയുണ്ട്. നാസയുടെ ബഹിരാകാശ പരിപാടികളിലെ ലിംഗവിവേചനത്തെ കുറിച്ച് അവര്‍ ‘ന്യൂയോര്‍ക്ക് ടൈംസി’ല്‍ ഒരു ലേഖനം എഴുതിയിരുന്നു. ‘ചന്ദ്രനിലെത്തണമെങ്കില്‍ സ്ത്രീകള്‍ ഭൂമിയിലെ ലിംഗ അസമത്വങ്ങളില്‍ നിന്നും രക്ഷനേടണം’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. 1969-ലെ ചാന്ദ്രദൗത്യം ‘പുരുഷന്മാർ പുരുഷന്മാർക്കുവേണ്ടി, സ്ത്രീകള്‍ക്കല്ല, രൂപകല്‍പന ചെയ്ത ഒന്നായിരുന്നു’ എന്നാണ് ആ ലേഖനത്തിന്റെ ഉള്ളടക്കം. ആ ലേഖനത്തിന്റെ പേരില്‍ അവര്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ഒട്ടും ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കുന്നതിനുള്ള സാങ്കേതിക വിദ്യയൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടാണ് സ്ത്രീകളെ ബഹിരാകാശത്തെക്ക് പറഞ്ഞു വിടാതിരുന്നത് എന്നാണ് വിമര്‍ശകര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം.

ചര്‍ച്ച ചൂടുപിടിച്ചതോടെ കോവലിന്റെ ആദ്യ ട്വീറ്റ് എത്തി. "ന്യൂയോര്‍ക്ക് ടൈംസിലെ എന്റെ ലേഖനത്തിന് മറുപടിയായി പലരും പറഞ്ഞത് സാങ്കേതിക വിദ്യയുടെ അഭാവമാണ് സ്ത്രീകള്‍ക്കുമുമ്പിലുള്ള പ്രധാന പ്രതിസന്ധിയെന്നാണ്. എന്തായാലും മെര്‍ക്കുറി പ്രോഗ്രാം മുന്നോട്ടുവെച്ച സമയത്ത്, ഗുരുത്വാകര്‍ഷണമില്ലാത്തതിനാല്‍ ബഹിരാകാശത്ത് മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന ആശങ്ക ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും അവര്‍ പുരുഷന്മാരെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ പദ്ധതിയിട്ടു," ഇതിലെ വിരോധാഭാസമാണ് കോവല്‍ ആദ്യം ചൂണ്ടിക്കാണിക്കുന്നത്.മാത്രമല്ല, 1961-ല്‍ ബഹിരാകാശത്തേക്ക് പോയ ആദ്യ അമേരിക്കക്കാരന്‍ അലൻ ഷെപ്പേർഡിനെകുറിച്ചും കോവല്‍ പറയുന്നുണ്ട്. അദ്ദേഹത്തെ സ്വന്തം വസ്ത്രത്തിൽ തന്നെയാണ് പോകാന്‍ അനുവദിച്ചത്. ആ സമയത്ത് ഷെപ്പേര്‍ഡ് വസ്ത്രത്തില്‍ തന്നെയാണ് മൂത്രമൊഴിച്ചത്. പിന്നീടാണ് ഈ പ്രശ്നം പരിഹരിക്കാന്‍ കോണ്ടത്തിനു സമാനമായ ഒരു ഉറ വികസിപ്പിച്ചെടുത്തതെന്നും കോവല്‍ വിശദീകരിക്കുന്നു. പിന്നീട്, ചന്ദ്രനിലെത്തിയ രണ്ടാമത്തെ മനുഷ്യന്‍ ബസ് ആല്‍ഡിനാണ് ബഹിരാകാശത്ത് മൂത്രമൊഴിക്കുന്ന ആദ്യമനുഷ്യന്‍. തുടര്‍ന്ന് അപ്പോളോ 1970ലെ അപ്പോളോ 13 ദൗത്യത്തെക്കുറിച്ചും കോവല്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.

വളരെ സരസമായാണ് പിന്നീടുള്ള കാര്യങ്ങള്‍ അവര്‍ പറയുന്നത്. ‘ഒടുവില്‍ ഒരു ദശാബ്ദത്തിനു ശേഷം സ്ത്രീകളെ ബഹിരാകാശത്തേക്കയക്കാന്‍ നാസ തീരുമാനിച്ചു. പക്ഷെ, നിങ്ങള്‍ക്ക് പുരുഷലിംഗം ഇല്ലല്ലോ. അപ്പോള്‍ എങ്ങിനെ മൂത്രമൊഴിക്കും? ഡയപ്പര്‍ ആണ് പരിഹാരം’. 1978-ല്‍ നാസയില്‍ ചേര്‍ന്ന സാലി ക്രിസ്റ്റന്‍ റൈഡ് ആണ് 1981-ല്‍ ബഹിരാകാശത്തുപോയി ചരിത്രം സൃഷ്ടിച്ചത്. അതിനു ശേഷമാണ് പുരുഷന്മാരും ഡയപ്പര്‍ ഉപയോഗിച്ചു തുടങ്ങിയത് എന്നത് മറ്റൊരു കൌതുകമായി തോന്നിയേക്കാം. അതായിരുന്നു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. ഏതായാലും കോവലിന്റെ ട്വീറ്റുകളാണ് ഇപ്പോള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്.

Next Story

Related Stories