TopTop

രണ്ടു ദിവസമായി ചത്തു കിടക്കുന്ന പാർട്ടി വെബ്സൈറ്റ്; മോഷണം പോകുന്ന പ്രതിരോധ രേഖകൾ: 2019 തെരഞ്ഞെടുപ്പിലെ 'മോദി ബ്രാൻഡി'നെ പരിചയപ്പെടാം

രണ്ടു ദിവസമായി ചത്തു കിടക്കുന്ന പാർട്ടി വെബ്സൈറ്റ്; മോഷണം പോകുന്ന പ്രതിരോധ രേഖകൾ: 2019 തെരഞ്ഞെടുപ്പിലെ
കാര്യമായ രാഷ്ട്രീയ വായനയുള്ളവരല്ലാതെ ഗുജറാത്തിനു പുറത്ത് ഗ്രാമീണ വോട്ടർമാർ‌ അത്രയൊന്നും അറിയാതിരുന്ന ഒരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിക്കുക എന്നത് വലിയ പ്രയാസമുള്ള ഒന്നായിരുന്നില്ലെന്നതാണ് സത്യം. നഗരപ്രദേശത്തെ വോട്ടർമാരിലേക്കായിരുന്നു മോദിയുടെ പിന്നിൽ പ്രവർത്തിച്ച കോർപ്പറേറ്റുകളുടെ ഫണ്ടിങ്ങിന്റെ ലാക്ക്. നഗരമേഖലയിൽ യുവാക്കളെ പ്രത്യേകമായി ശ്രദ്ധിച്ചു. ഇവരിലേക്ക് സാമൂഹ്യമാധ്യമങ്ങൾ അടക്കമുള്ള വിവിധ മാധ്യമങ്ങളിലൂടെ പലതരത്തിലുള്ള കണ്ടന്റുകൾ എത്തിച്ചു. ഓഗിൽവി ആൻഡ് മാതേഴ്സ്, മക്‌കാം വേള്‍ഡ് ഗ്രൂപ്പ്, മാഡിസൺ വേൾഡ് തുടങ്ങിയ വിഖ്യാതമായ പബ്ലിക് റിലേഷൻസ് സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഈ പ്രചാരണത്തിന്റെ പിന്നിൽ പ്രവർത്തിച്ചു.

ടെലിവിഷൻ, റേഡിയോ, പ്രിന്റ് മീഡിയ എന്നീ മാധ്യമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഡബ്ല്യുപിപി ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സോഹോ സ്ക്വയർ എന്ന പരസ്യ ഏജൻസിയാണ്. ഓൺലൈൻ മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് വൺഇന്ത്യ സ്ഥാപകനായ ഭൂപാലം ഗോപാലകൃഷ്ണ മഹേഷും (ബി.ജി. മഹേഷ്) രാജേഷ് ജയിനും ചേർന്നായിരുന്നു. ഇവർ മോദി പ്രചാരണത്തിന്റെ '‍ഡോട്ട് കോം ബോയ്സ്' എന്നറിയപ്പെട്ടു. ഉത്തരേന്ത്യൻ നാടുകളിൽ തരംഗമായി മാറിയ 'അബ് കി ബാർ മോദി സർക്കാർ' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഇവര്‍ സൃഷ്ടിച്ചെത്തു. രസകരമായ ചെറിയ സോഷ്യൽ മീഡിയ ആപ്പുകൾ വൈറലാക്കി. 'പപ്പുമോൻ' എന്ന കോമാളിയായ വില്ലൻ ബ്രാൻഡും ഇതോടൊപ്പം സൃഷ്ടിക്കപ്പെട്ടു. പൂർവ്വകാലത്തെ കറകളെല്ലാം മായ്ച്ചു കളയാൻ ഈ പ്രചാരണങ്ങൾക്കായി. 'മോദി ബ്രാൻഡ്' മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടു. ഇക്കണ്ട കോലാഹലമെല്ലാം ഉണ്ടാക്കിയ നരേന്ദ്ര മോദിയുടെ പാർട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റാണ് നന്നാക്കാന്‍ കഴിയാതെ രണ്ടു ദിവസമായി 'We’ll be back soon!' എന്ന 'മുദ്രാവാക്യ'വും വിളിച്ച് ചത്തു കിടക്കുന്നത്.ഇതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രാലയത്തിൽ നിന്നും ശേഖരിച്ച രേഖകളുമായി ദി ഹിന്ദുവിൽ എൻ റാമിന്റെ റിപ്പോർട്ട് വരുന്നത്. ഈ രേഖകൾ എൻ റാമിന് എങ്ങനെ കിട്ടുന്നു എന്ന് സംശയിച്ചവർക്കെല്ലാം കേന്ദ്ര സർക്കാർ സുപ്രീംകോടതി വഴി മറുപടി നൽകി. സംഗതി 'മോഷണം' പോയതാണ്. അതീവ രഹസ്യ സ്വഭാവമുള്ള ഈ രേഖകൾ സീക്രസി ആക്ടിനു കീഴിൽ വരുന്നതാണെന്ന് അറ്റോർണി ജനറൽ തന്നെ കോടതിയിൽ പറഞ്ഞു. രഹസ്യ സ്വഭാവമുള്ളതിനാൽ രേഖകൾ കോടതിയിൽ ഹാജരാക്കാൻ സാധിക്കില്ലെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. അത്രയേറെ രഹസ്യ സ്വഭാവമുള്ള രേഖകൾ എങ്ങനെയാണ് പുറത്തെത്തിയത്? പ്രതിരോധ മന്ത്രാലയത്തിലെ രഹസ്യ രേഖകൾക്ക് കിട്ടുന്ന സംരക്ഷണത്തിന്റെ സ്വഭാവമെന്താണ്? ഈ ചോദ്യത്തിന്റെ ഉത്തരം തന്നെയല്ലേ നമ്മുടെ രാജ്യത്തിന് കിട്ടുന്ന സുരക്ഷയെ സംബന്ധിച്ചുള്ളതും?

ദി ഹിന്ദുവിലൂടെ പുറത്തുവന്ന പ്രതിരോധ രേഖകൾ സത്യം തന്നെയാണെന്ന് അറ്റോർണി ജനറലിന്റെ കോടതിയിലെ വാക്കുകൾ തെളിയിക്കുന്നു. അങ്ങനെയെങ്കിൽ അഴിമതി നടന്നെന്നതിൽ സന്ദേഹിക്കാൻ ഇടമില്ല. എന്തെല്ലാം നമ്മുടെ രാജ്യം വിട്ടുവീഴ്ച ചെയ്തു എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളിലേക്ക് ഇതും ചേർക്കപ്പെടുന്നു.

ഹാക്കിങ് ശ്രമത്തെ തുടർന്നാണ് ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് തകരാറിലായതെന്നാണ് വിവരം. കാര്യം എന്തായാലും കഴിഞ്ഞ രണ്ടുദിവസമായി സൈറ്റിന് അനക്കമില്ല. കഴിഞ്ഞദിവസം മോദിയെ പരിഹസിക്കുന്ന ചില ട്രോളുകളാണ് വെബ്സൈറ്റ് തുറക്കുമ്പോൾ വന്നിരുന്നതെങ്കിൽ ഇപ്പോൾ ബിജെപി സൈറ്റ് തിരിച്ചു പിടിച്ചിട്ടുണ്ട്. എന്നാൽ നന്നാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഹാക്കിങ്ങിൽ തകർന്ന ഒരു വെബ്സൈറ്റ് നന്നാക്കാൻ, മോദി ബ്രാൻഡ് സൃഷ്ടിച്ചെടുത്ത പാർട്ടിക്ക് ഇത്രയധികം സമയം വേണ്ടി വരുന്നത് എന്തുകൊണ്ടായിരിക്കും? 2014 തെരഞ്ഞെടുപ്പിനു മുമ്പായി സൃഷ്ടിക്കപ്പെട്ട 'മോദി ബ്രാൻഡി'ന് 2019 തെരഞ്ഞെടുപ്പെത്തുമ്പോഴേക്ക് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഒരു മറുപടിയാകുന്നുണ്ടോ ഇത്?

Next Story

Related Stories