UPDATES

ട്രെന്‍ഡിങ്ങ്

തങ്ങൾ മൃതദേഹങ്ങളുടെ എണ്ണമെടുക്കാറില്ലെന്ന് വ്യോമസേന; എണ്ണമെടുത്ത് ‘ജനറൽ അമിത് ഷാ’

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വാർത്താ സമ്മേളനം വിളിച്ച് ഭീകരർ വൻതോതിൽ കൊല്ലപ്പെട്ടതായി ആദ്യം പറഞ്ഞത്.

തങ്ങൾ മൃതദേഹങ്ങൾ എണ്ണാറില്ലെന്നും അത് സർക്കാരിന്റെ ജോലിയാണെന്നുമുള്ള എയർ ചീഫ് മാർഷൽ ബിഎസ് ധൻവയുടെ പ്രസ്താവന വന്നത് തിങ്കളാഴ്ചയാണ്. സർക്കാർ ഇതിവരെ ഈ കണക്കുകളൊന്നും വ്യക്തമാക്കിയിട്ടുമില്ല. എന്നാൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ കഴിഞ്ഞദിവസം ഒരു കണക്ക് പ്രഖ്യാപിച്ചു. വ്യോമസേന ബാലാകോട്ടിൽ നടത്തിയ ആക്രമണത്തിൽ 250 പേർ മരിച്ചെന്നും മോദിയുടെ ഭരണമായതിനാലാണ് ഇത് സാധിച്ചതെന്നുമായിരുന്നു പ്രസ്താവന. ബിജെപി നേതാക്കൾ ഇത്തരം കണക്കുകൾ തെരഞ്ഞെടുപ്പ് പരിപാടികളിൽ ഉയർത്തുന്നതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളും ഈ കണക്കുകളുടെ ആധികാരികത ചോദ്യം ചെയ്യുകയാണ്.

കൊൽക്കത്തയിൽ നിന്നും പുറപ്പെടുന്ന ദി ടെലഗ്രാഫ് പത്രം എയർ ചീഫ് മാർഷൽ ധൻവയുടെ വാർത്താസമ്മേളനവും അമ്ത് ഷായുടെ പ്രസംഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് രസകരമായ രീതിയിലാണ്. “ഞങ്ങൾ മൃതദേഹങ്ങൾ എണ്ണാറില്ല” എന്ന ധൻവയുടെ പ്രസ്താവനയാണ് തലക്കെട്ട്. ഇതിനു ചുവടെ ‘ജനറൽ ഷാ എണ്ണി’ എന്ന് അമിത് ഷായുടെ ചിത്രം സഹിതം ഉപശീർഷകം നൽകിയിരിക്കുന്നു. ഇതോടൊപ്പം ഒന്നുമുതൽ 250 വരെയുള്ള അക്കങ്ങളും ചേര്‍ത്തിട്ടുണ്ട്. (ലിങ്ക്)

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വാർത്താ സമ്മേളനം വിളിച്ച് ഭീകരർ വൻതോതിൽ കൊല്ലപ്പെട്ടതായി ആദ്യം പറഞ്ഞത്. ആകെ 350 പേർ കൊല്ലപ്പെട്ടതിൽ 325 പേർ ഫിദായിനുകളും 25 പേർ സൈനികരുമാണെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ. ഫെബ്രുവരി 26നായിരുന്നു ഇത്. ഫെബ്രുവരി 28ന് എയർ വൈസ് മാർഷൽ രവി കപൂർ ഇക്കാര്യത്തിൽ സൈന്യത്തിന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. തങ്ങൾ ലക്ഷ്യം ഭേദിച്ചുവെന്നും എന്നാൽ എത്രപേർ കൊല്ലപ്പെട്ടുവെന്നെല്ലാം പറയാൻ തങ്ങൾക്കാകില്ലെന്നും കപൂർ പറഞ്ഞു. മാർച്ച് 1ന് എസ്എസ് അലുവാലിയ മറ്റൊരു പ്രസ്താവന നടത്തി. മനുഷ്യർ കൊല്ലപ്പെടണമെന്ന് തങ്ങൾക്കാഗ്രഹമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മാർച്ച് മൂന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ മറ്റൊരു കണക്കുമായി രംഗത്തെത്തി. 250 ഭീകരവാദികൾ കൊല്ലപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മാർച്ച് നാലിന് എയർ ചീഫ് മാർഷൽ ബിഎസ് ധൻവ വ്യോമസേനയുടെ നിലപാട് വ്യക്തമാക്കി. മൃതദേഹങ്ങൾ തങ്ങൾ എണ്ണാറില്ലെന്നും അത് ചെയ്യേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ചുരുക്കത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ യാതൊരു വ്യക്തതയും ഇതുവരെ വന്നിട്ടില്ല. ഔദ്യോഗികമായി വന്ന ഏക പ്രസ്താവന ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടേതാണ്. ഇതിലും കൊല്ലപ്പെട്ടവരുടെ എണ്ണം പറഞ്ഞിരുന്നില്ല. ചില ഉദ്യോഗസ്ഥരുടെ വാക്കുകളെ ആശ്രയിച്ചുള്ളതായിരുന്നു റിപ്പോർട്ടുകളെല്ലാം.

ഇന്നത്തെ മലയാള മനോരമാ വാർത്തയും അമിത് ഷായും മോദിയും വ്യോമാക്രമണം സംബന്ധിച്ച് നടത്തുന്ന പ്രസ്താവനകളെ ആധാരമാക്കിയുള്ളതാണ്. 350 പേർ കൊല്ലപ്പെട്ടെന്ന് മുൻ റിപ്പോർട്ടുകളെ തള്ളി അമിത് ഷാ 250ലേക്ക് എണ്ണം കുറച്ചുവെന്ന് സൂചിപ്പിക്കുന്നതാണ് തലക്കെട്ട്. പ്രധാനമന്ത്രി ഇതിലിടപെട്ട് വിശദീകരണം നൽകണമെന്ന് കോൺഗ്രസ്സിന്റെ ആവശ്യമടക്കം ഉൾപ്പെടുത്തിയുള്ളതാണ് റിപ്പോര്‍ട്ട്. മോദിയെയും അമിത് ഷായെയും കളിയാക്കുന്ന ബൈജുവിന്റെ ഒരു കാർട്ടൂണും കൂടെ ചേർത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍