TopTop
Begin typing your search above and press return to search.

മോദി-ട്രംപ് റാലി നടക്കുന്നത് കാശ്മീര്‍ തടവിലാക്കപ്പെട്ട സമയത്ത്; ട്രംപിനോട് സമാനചിന്താഗതിക്കാര്‍ ഒരുമിക്കുന്നു: ബേണീ സാന്‍ഡേഴ്സ്

മോദി-ട്രംപ് റാലി നടക്കുന്നത് കാശ്മീര്‍ തടവിലാക്കപ്പെട്ട സമയത്ത്; ട്രംപിനോട് സമാനചിന്താഗതിക്കാര്‍ ഒരുമിക്കുന്നു: ബേണീ സാന്‍ഡേഴ്സ്

റാലിയുടെ ആഘോഷാരവങ്ങള്‍ക്കിടെ ഇരുരാജ്യങ്ങളിലെയും മനുഷ്യാവകാശ പ്രതിസന്ധികളെ കാണാതെ പോകുന്നത് അസ്വീകാര്യമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും ചേര്‍ന്നുള്ള റാലി നടക്കുന്നത് കാശ്മീര്‍ തടവിലാക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണെന്ന് ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡണ്ട് മത്സരാര്‍ത്ഥികളിലൊരാളായ ബേണീ സാന്‍ഡേഴ്സ്. ഹൂസ്റ്റണ്‍ ക്രോണിക്കിളിലെഴുതിയ ലേഖനത്തിലാണ് സാന്‍ഡേഴ്സ് ഈ അഭിപ്രായം പങ്കുവെച്ചത്. ഇരുവരും ചേര്‍ന്നുള്ള റാലിയുടെ ആഘോഷാരവങ്ങള്‍ക്കിടെ ഇരുരാജ്യങ്ങളിലെയും മനുഷ്യാവകാശ പ്രതിസന്ധികളെ കാണാതെ പോകുന്നത് അസ്വീകാര്യമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

"മോദി-ട്രംപ് റാലി നടക്കുന്നത് കാശ്മീര്‍ സംസ്ഥാനം തടവിലാക്കപ്പെട്ട സമയത്താണ്. ഓഗസ്റ്റിന്റെ തുടക്കത്തില്‍ കാശ്മീരിന് ഏറെക്കാലം അവകാശമായിരുന്ന സ്വയംഭരണപദവി മോദിയുടെ സര്‍ക്കാര്‍ ഏകപക്ഷീയമായി നീക്കം ചെയ്തു. അഭിപ്രായവ്യത്യാസമുള്ളവരെ അടിച്ചമര്‍ത്തി, രാഷ്ട്രീയ നേതാക്കളെ ജയിലിലാക്കി, ആശയവിനിമയ സംവിധാനങ്ങളുടെ പ്രവര്‍ത്തനം തടഞ്ഞു," സാന്‍ഡേഴ്സ് കുറിച്ചു.

സംസ്ഥാനത്ത് അടിസ്ഥാന ആരോഗ്യ അവകാശങ്ങള്‍ പോലും തടയപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ ഓഗസ്റ്റ് 16ന് എഴുതിയിരുന്നെന്ന് സാന്‍ഡേഴ്സ് തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. ജീവന്‍രക്ഷാ മരുന്നുകളുടെ അലഭ്യതയും ജീവന്‍രക്ഷാ ചികിത്സയുടെ അലഭ്യതയുമെല്ലാം ചേര്‍ന്ന് കാശ്മീരിലെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഈ നീക്കങ്ങള്‍ക്കെതിരെ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ഒന്നും ഉരിയാടിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാശ്മീരില്‍ പാകിസ്താന്‍ മോശം കളികള്‍ കളിച്ചിട്ടുണ്ടെന്നും സാന്‍ഡേഴ്സ് ലേഖനത്തില്‍ പറയുന്നു. എന്നാല്‍, കാശ്മീരികളുടെ താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കുന്ന, ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ച ഐക്യരാഷ്ട്രസഭാ ഉടമ്ബടിയില്‍ ഊന്നി സംസാരിക്കേണ്ടിയിരുന്നു ട്രംപെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ യുഎസ്സിന്റെ 'ലോകനേതാവ്' എന്ന പദവിയെ ഉപേക്ഷിക്കാനാണ് ട്രംപ് തയ്യാറായത്.

അമേരിക്കന്‍ ജനതയെ നിറത്തിന്റെയും മതത്തിന്റെയും ലൈംഗികതാല്‍പര്യത്തിന്റെയും പേരില്‍ വിഭജിക്കുകയും അതുവഴി രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്ന ട്രംപിനോട് സമാന ചിന്താഗതിക്കാരായ ലോകനേതാക്കള്‍ യോജിക്കുന്നുണ്ടെന്ന് സാന്‍ഡേഴ്സ് ലേഖനത്തില്‍ പറഞ്ഞു.


Next Story

Related Stories