TopTop
Begin typing your search above and press return to search.

വായുമലിനീകരണത്തില്‍ നിന്ന് നഗരങ്ങളെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ വേറിട്ട വഴി

വായുമലിനീകരണത്തില്‍ നിന്ന് നഗരങ്ങളെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ വേറിട്ട വഴി

വായുമലിനീകരണം മൂലം വീര്‍പ്പുമുട്ടുന്ന നഗരങ്ങള്‍ക്ക് ആശ്വാസവുമായി നാല് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. വായുമലിനീകരണം മൂലമുണ്ടാകുന്ന പുകയുറ ശേഖരിച്ച് അതില്‍ നിന്നും മഷിയുണ്ടാക്കുന്ന വിദ്യയാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രകൃതി സൗഹാര്‍ദ സാങ്കേതികവിദ്യകളുടെ പ്രചാരകരായ ഗ്രവികി ലാബ്‌സ് എന്ന ബംഗളൂരു ആസ്ഥാനമായ സ്ഥാപനമാണ് വായുമലിനീകരണം മൂലമുണ്ടാകുന്ന പുകയുറ ശേഖരിച്ച് അതില്‍ നിന്നും ഖനധാതുക്കളും കാര്‍ബണ്‍ ഘടകങ്ങളും മാറ്റി എയര്‍-ഇങ്ക് എന്ന ഉല്‍പന്നം പുറത്തിറക്കുന്നത്. അനിരുദ്ധ ശര്‍മ്മ, നിഖില്‍ കൗശിക്, നിതേഷ് കാഡിയാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗ്രവികി ലാബ് സ്ഥാപിച്ചത്.

വായുമലീനികരണം മൂലമുണ്ടാകുന്ന പുകയുറയില്‍ നിന്നും നിര്‍മ്മിക്കുന്ന മഷി പ്രിന്ററുകളിലും മറ്റും ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ കലാകാരന്മാര്‍ ഉപയോഗിക്കുന്ന കാലിഗ്രാഫി പേനകള്‍, വൈറ്റ് ബോര്‍ഡ് മാര്‍ക്കറുകള്‍ തുടങ്ങിയവയിലും ഇവ നിറയ്ക്കാന്‍ സാധിക്കും. വാഹനങ്ങളുടെ പുകക്കുഴലുകള്‍, ചിമ്മിനികള്‍, ജനറേറ്ററുകള്‍ തുടങ്ങിയവയില്‍ അടിഞ്ഞുകൂടുന്ന പുകയുറ ശേഖരിച്ചാണ് ഇവര്‍ മഷി നിര്‍മ്മാണം നടത്തുന്നത്. 2013ല്‍ അനിരുദ്ധ ശര്‍മ്മയാണ് ഇത്തരം ഒരു സാങ്കേതികവിദ്യയെ കുറിച്ച് ആദ്യം ആലോചിക്കുന്നത്. എയര്‍ ഇങ്കിന് പകരം അന്നദ്ദേഹം നല്‍കിയിരുന്ന പേര് കാലാഇങ്ക് എന്നായിരുന്നു.

അന്തരീക്ഷത്തില്‍ ലയിക്കുന്നതിന് മുമ്പ് വായുമലിന്യങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹം നേരിട്ട ആദ്യ വെല്ലുവളി. ഇതിനായി കൗശിക്കുമായി ചേര്‍ന്ന് കുഴലിന്റെ രൂപത്തിലുള്ള ഒരു ലോഹ ഉപകരണം അവര്‍ വികസിപ്പിച്ചെടുത്തു. ഇത് വാഹനങ്ങളുടെ പുകക്കുഴലുകളിലും ചിമ്മിനികളിലും ഘടിപ്പിച്ചാണ് വാഹനങ്ങളില്‍ നിന്നും വ്യവസായശാലകളില്‍ നിന്നും പുറത്തുവിടുന്ന പുകയില്‍ നിന്നുള്ള പുകയുറ ഇവര്‍ ശേഖരിക്കുന്നത്. 2015ല്‍ ഡല്‍ഹിയിലെ വായുമലിനീകരണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ വായുവിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍ രംഗത്തുവന്നു. പക്ഷെ, ഈ സമയത്തുതന്നെ ഗ്രാവികി കാലാഇങ്ക് നിര്‍മ്മാണവുമായി രംഗത്തെത്തിയിരുന്നു. ഒരു എയര്‍ ഇങ്ക് പേനയില്‍ നിറയ്ക്കാന്‍ ആവശ്യമായ 30 എംഎല്‍ മഷി 45മിനിട്ട് നേരത്തെ പുകപ്രസാരണത്തില്‍ നിന്നും ലഭ്യമാവുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ തരത്തിലുള്ള എയര്‍ ഇങ്കുകള്‍ അവര്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. എയര്‍-ഇങ്ക് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിനായി ഗ്രാവികി സ്ഥാപകര്‍ നിഷീത് സിംഗ് എന്ന സാങ്കേതികവിദഗ്ദ്ധന്റെ സഹായത്തോടെ കിക്‌സ്റ്റാര്‍ട്ടറില്‍ ഫെബ്രുവരിയില്‍ പരസ്യം നല്‍കി. പത്ത് ദിവസം കൊണ്ട് 14,000 ഡോളര്‍ സമാഹരിക്കാന്‍ അവര്‍ക്ക് സാധിച്ചു.

കാലാഇങ്കിന്റെ വന്‍കിട ഉല്‍പാദനത്തിനായി വിവിധ സംഘടനകളും ഇന്ത്യന്‍ സര്‍ക്കാരുമായും കൂടിയാലോചനകള്‍ നടത്തുകയാണ്. പല ഇന്ത്യന്‍ കലാകാരന്മാരുമായി നടത്തിയ ആശയവിനിമയങ്ങളും ആവേശോജ്ജ്വലമായിരുന്നു എന്ന് കൗശിക് സ്‌ക്രോളിനോട് പറഞ്ഞു. ഇതുവരെ തെരുവ് കലാകാരന്മാരായിരുന്ന എയര്‍-ഇങ്കിന്റെ പ്രധാന ഉപഭോക്താക്കള്‍. ഹോങ്കോംഗിലെ തെരുവുകളില്‍ ചുവര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിനായി ഇവര്‍ അവിടുത്തെ കലാകാരന്മാര്‍ക്കിടയില്‍ ഈ മഷി വിതരണം ചെയ്തു. ജനങ്ങളുമായി ബന്ധപ്പെട്ട സൃഷ്ടികള്‍ നടത്തിക്കൊണ്ട് അവര്‍ ഈ ഉല്‍പന്നത്തെ ലോകത്തിന് പരിചയപ്പെടുത്തി. പ്രമുഖ ചിത്രകാരന്മാരായ ബാഒ ഹോ, ക്്‌സിമെ, ക്രിസ്റ്റഫര്‍ ഹോ തുടങ്ങിയവര്‍ ഈ പദ്ധതിയുടെ ഭാഗമായിരുന്നു.

ഹോങ്കോംഗിലെ പരിപാടി വിജയമായതോടെ ലണ്ടന്‍, ന്യൂയോര്‍ക്ക്, സിഡ്‌നി, സിംഗപ്പൂര്‍, ആംസ്റ്റര്‍ഡാം തുടങ്ങിയ നഗരങ്ങളിലും സമാനപരിപാടികള്‍ സംഘടിപ്പിച്ചു. വാണീജ്യ അടിസ്ഥാനത്തിലുള്ള പ്രിന്ററുകളില്‍ ഉപയോഗിക്കാവുന്ന മഷിയുടെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ്. 2017 അവസാനത്തോടെ ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പുകയുറയില്‍ നിന്നും മഷി ഉല്‍പാദിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന മാലിന്യങ്ങളും മാലിന്യ പരിപാലന കമ്പനികള്‍ വഴി പുനചംക്രമണത്തിന് വിധേയമാക്കുന്നുണ്ട്.

ഗാര്‍വികി ഇതുവരെ ആയിരം ലിറ്ററിലേറെ എയര്‍-ഇങ്ക് ഉല്‍പാദിപ്പിച്ചിട്ടുണ്ട്. ഇതുവഴി 1.6 ട്രില്യണ്‍ ലിറ്റര്‍ വായു ശുദ്ധീകരിക്കാന്‍ സാധിച്ചു എന്നാണ് കണക്ക്. ഇത്തരത്തിലുള്ള ഒരു മഷിയെ കുറിച്ച് കേട്ടപ്പോള്‍ മറ്റൊരു വിപണനതട്ടിപ്പായി മാത്രമേ കണക്കാക്കിയിള്ളു എന്നാണ് ഹോങ്കോംഗില്‍ നിന്നുള്ള കലാകാരനായ ക്രിസ്റ്റഫര്‍ ഹോ പറയുന്നു. എന്നാല്‍ ഉപയോഗിച്ച് നോക്കിയതോടെ അദ്ദേഹത്തിന്റെ അഭിപ്രായം മാറി. സാധാരണ മഷിയെക്കാള്‍ കട്ടികൂടിയതാണ് എയര്‍-ഇങ്ക് എന്ന ഹോ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍ തന്നെ പരുത്ത പ്രതലങ്ങളില്‍ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ മഷിയാണിതെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. കലാരൂപങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ധാരാളം പാഴ്‌വസ്തുക്കളും സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും കലാകാരന്മാര്‍ക്ക് ഇതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറയുന്നു. അതിനാല്‍ തന്നെ ഇത്തരം ഉല്‍പന്നങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും മലിനീകരണ പ്രശ്‌നത്തെ കുറിച്ച് ലോകത്തെ ബോധവല്‍ക്കരിക്കുന്നതിന് അവ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.


Next Story

Related Stories