TopTop
Begin typing your search above and press return to search.

"എനിക്ക് കുറച്ച് തിരക്കുണ്ട്": മൂന്നാം മുന്നണി ചര്‍ച്ചയ്ക്ക് വിളിച്ച ചന്ദ്രശേഖര റാവുവിനെ അവഗണിച്ച് എംകെ സ്റ്റാലിന്‍

"എനിക്ക് കുറച്ച് തിരക്കുണ്ട്": മൂന്നാം മുന്നണി ചര്‍ച്ചയ്ക്ക് വിളിച്ച ചന്ദ്രശേഖര റാവുവിനെ അവഗണിച്ച് എംകെ സ്റ്റാലിന്‍

ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണി എന്ന ആശയവുമായി വിവിധ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിവരുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ അവഗണിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ച ചന്ദ്രശേഖര്‍ റാവുവിനെ തനിക്ക് പ്രചാരണ തിരക്കുണ്ട് എന്നാണ് സ്റ്റാലിന്‍ അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ലോക്‌സഭ തിഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 18നാണ് വെല്ലൂര്‍ ഒഴികെയുള്ള 38 സീറ്റുകളിലേയ്ക്കുള്ള വോട്ടെടുപ്പ് നടന്നത്. അതേസമയം 22 സീറ്റുകളിലേയ്ക്കുള്ള നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ നാല് സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കാനുണ്ട്.

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചന്ദ്രശേഖര്‍ റാവു ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ച ശ്രദ്ധേയമായിരുന്നു. റാവുവിന്റെ ആശയങ്ങളില്‍ പലതും നല്ലതാണ് എന്ന് തോന്നിയതായാണ് പിണറായി മാധ്യമങ്ങളോട് പ്രതികരിച്ചത്. റാവു - പിണറായി കൂടിക്കാഴ്ച മൂന്നാം മുന്നണി സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയോ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയോ ഭൂരിപക്ഷം നേടില്ലെന്നാണ് ചന്ദ്രശേഖര്‍ റാവു കരുതുന്നത് എന്നും പ്രാദേശിക കക്ഷികള്‍ക്ക് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായ പങ്കുണ്ടാകുമെന്നും ആര് പ്രധാനമന്ത്രിയാകണം എന്ന് തീരുമാനിച്ചിട്ടില്ല എന്നും പിണറായി പ്രതികരിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയായി ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ എന്നതാണ് കെസിആര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ യുപിഎ സഖ്യകക്ഷികളായ ജനതാദള്‍ സെക്കുലറിനേയും ഡിഎംകെയേയും ഇതിനായി ചന്ദ്രശേഖര റാവു ലക്ഷ്യം വച്ചിരുന്നു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികുമായും നേരത്തെ ഇത് സംബന്ധിച്ച് കെസിആര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും മമതയോ നവീനോ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ആന്ധ്രപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയവുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ടിആര്‍എസിനോട് അടുപ്പം പുലര്‍ത്തുന്നുണ്ട്. ബിജെപിയുടെ ബി ടീം എന്ന് കോണ്‍ഗ്രസും ടിഡിപിയും (തെലുങ്ക് ദേശം പാര്‍ട്ടി) തെലങ്കാന രാഷ്ട്രസമിതി നേതാവ് കെസിആറുമായുള്ള പിണറായിയുടെ കൂടിക്കാഴ്ചയ്ക്ക് ചര്‍ച്ചയ്ക്ക് ശേഷമുള്ള പ്രതികരണം ശ്രദ്ധേയമാണ്. അതേസമയം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്ന് നേരത്തെ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള സ്റ്റാലിന്‍, കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള മൂന്നാം മുന്നണി നീക്കങ്ങള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ തങ്ങളില്ല എന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. 13ാം തീയതി ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടന്നേക്കില്ല എന്ന് സ്റ്റാലിന്റെ ഓഫീസ് സൂചിപ്പിക്കുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസും സിപിഎമ്മും.

രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തിനെതിരെ വയനാട് മത്സരിച്ചത് ഒട്ടും ശരിയായില്ല എന്ന് പിണറായിയുമായുള്ള സംഭാഷണത്തില്‍ കെസിആര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുല്‍ ഗാന്ധിയുടെ വയനാട് മത്സരത്തിനെതിരെ പിണറായിയും സിപിഎമ്മും രൂക്ഷ വിമര്‍ശനവുമായാണ് പ്രചാരണം നടത്തിയത്. അമേഠിയില്‍ പരാജയഭീതിയുള്ളത് മൂലാണ് രാഹുല്‍ വയനാട്ടിലേയ്ക്ക് വന്നത് എന്ന ബിജെപി പ്രചാരണത്തിന് സമാനമായ അഭിപ്രായപ്രകടനങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരില്‍ നിന്നുണ്ടാവുകയും ചെയ്തിരുന്നു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളുടെ പകുതി പോലും കോണ്‍ഗ്രസിനോ ബിജെപിക്കോ കിട്ടില്ല എന്നാണ് ചന്ദ്രശേഖര റാവു പറഞ്ഞത്. കോണ്‍ഗ്രസ് ഇത്തവണ 100 സീറ്റ പോലും നേടുമെന്ന് കരുതുന്നില്ല എന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള ബിജെപി വിരുദ്ധ സര്‍ക്കാര്‍ എന്ന കെസിആറിന്റെ പദ്ധതി സംബന്ധിച്ച് സിപിഎം കേന്ദ്ര നേതൃത്വം മേയ് 23ന് ശേഷം ചര്‍ച്ച ചെയ്യുമെന്നാണ് പിണറായി കെസിആറിനെ അറിയിച്ചത്. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സര്‍്ക്കാര്‍ വരും, മായാവതി പ്രധാനമന്ത്രിയാകട്ടെ എന്നെല്ലാമുള്ള പ്രചാരണങ്ങള്‍ക്ക് ഇതിനിടെ സിപിഎം നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ സിപിഎമ്മിന് കഴിയൂ.

ബംഗാളിലെ സീറ്റ് ധാരണയില്‍ നിന്ന് പിന്മാറിയതിലും മറ്റും കോണ്‍ഗ്രസിനെ വിമര്‍ശിക്കുമ്പോള്‍ പോലും കേരള നേതൃത്വത്തെ പോലെ കടന്നാക്രമിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തയ്യാറിയിട്ടില്ല. വളരെ കരുതലോടെയുള്ള പ്രതികരണങ്ങളാണ് യെച്ചൂരി ഇതുവരെ നടത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആവശ്യമെങ്കില്‍ കോണ്‍ഗ്രസുമായി സഹകരിക്കും എന്ന് തന്നെയാണ് യെച്ചൂരി പറഞ്ഞത്. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നത് സംബന്ധിച്ച് സിപിഎമ്മിനകത്ത് ശക്തമായിരുന്ന ഭിന്നത കേന്ദ്ര നേതൃത്വത്തില്‍ തുടരുന്നുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു. അതേസമയം സിപിഎം കാര്യമായി സീറ്റുകള്‍ പ്രതീക്ഷിക്കുന്നത് കേരളത്തില്‍ നിന്ന് മാത്രമാണ് താനും.

വ്യാജരേഖ കേസ്; എല്ലാ രേഖകളും വ്യാജമല്ല, തേലക്കാട്ടച്ചന്‍ കൈമാറിയ ഫയല്‍ എവിടെ പോയി?


Next Story

Related Stories