UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്ത് കലാപക്കേസില്‍ അമിത് ഷായെ മുന്നില്‍ നിര്‍ത്തുന്ന കോഡ്‌നാനിയുടെ യഥാര്‍ത്ഥ ലക്ഷ്യമെന്ത്?

തന്റെ രാഷ്ട്രീയജീവിതം തകര്‍ത്തവരേയും കൊണ്ടേ മായ കോഡ്‌നാനി പോകൂ എന്നാണ് മാധ്യമപ്രവര്‍ത്തകയും വര്‍ഗീയകലാപം സംബന്ധിച്ച് ‘ഗുജറാത്ത് ഫയല്‍സ്’ എന്ന പുസ്തകം രചിച്ചയാളുമായ റാണ അയൂബ് പറയുന്നത്.

നരോദ പാട്യ കൂട്ടക്കൊല കേസില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സാക്ഷിയാക്കണമെന്ന് കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും ഗുജറാത്ത് മുന്‍ മന്ത്രിയുമായ മായ കോഡ്‌നാനി നിര്‍ബന്ധം പിടിക്കുന്നതതിനു പിന്നിലെന്താണ്? നരോദ പാട്യ സംഭമുണ്ടാകുന്ന സമയത്ത് തന്റെ കൂടെ ഉണ്ടായിരുന്നത് അമിത് ഷാ മാത്രമായിരുന്നെന്നായിരുന്നു കോഡ്‌നാനിയുടെ മൊഴി. അതുകൊണ്ട് തന്നെ കലാപത്തിനു താന്‍ നേതൃത്വം നല്‍കി എന്നത് ശരിയല്ല എന്നുമാണ് അവര്‍ വാദിക്കുന്നത്. എന്നാല്‍ തന്റെ നിരപരാധിത്വം തെളിയിക്കല്‍ മാത്രമാണോ കോഡ്നാനിയുടെ ലക്ഷ്യം? അല്ലെന്നാണ് പുറത്തു വരുന്ന പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

അതേസമയം അമിത് ഷാ സാക്ഷിയായി ഹാജരാകാന്‍ പോകുന്നില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. സെപ്റ്റംബര്‍ 12ന് (ഇന്ന്) അമിത് ഷായെ സാക്ഷിയെന്ന നിലയില്‍ കൊണ്ടുവരാനുള്ള അവസാനദിവസമായി മായ കോഡ്‌നാനിക്ക് കോടതി അനുവദിച്ചിരുന്നത്. എന്നാല്‍ അമിത് ഷായെ ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും സാക്ഷിയായി ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കോഡ്നാനി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു അത്. ഏതായാലും സെപ്റ്റംബര്‍ 18ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പ്രത്യേക കോടതി അമിത് ഷായ്ക്ക് ഇന്ന് സമന്‍സ് അയച്ചിട്ടുണ്ട്.

എന്തായാലും എന്തിനാണ് മായ കോഡ്‌നാനി ഇപ്പോള്‍ അമിത് ഷായെ ലക്ഷ്യം വയ്ക്കുന്നത് എന്ന ചോദ്യം തന്നെയാണ് ഇവിടെ പ്രധാനം. കോഡ്‌നാനിയും അമിത് ഷായും ഒരിക്കലും നല്ല ബന്ധത്തിലായിരുന്നില്ല എന്നത് ഗുജറാത്തില്‍ ഒരു രഹസ്യമല്ല. കേസില്‍ അമിത് ഷാ, കോഡ്നാനിയെ കുടുക്കുകയായിരുന്നു എന്ന് കരുതുന്നവര്‍ അവരുമായി അടുത്ത വൃത്തങ്ങളിലുണ്ട്.  തന്റെ രാഷ്ട്രീയജീവിതം തകര്‍ത്തവരേയും കൊണ്ടേ മായ കോഡ്‌നാനി പോകൂ എന്നാണ് മാധ്യമപ്രവര്‍ത്തകയും വര്‍ഗീയകലാപം സംബന്ധിച്ച് ‘ഗുജറാത്ത് ഫയല്‍സ്’ എന്ന പുസ്തകം രചിച്ചയാളുമായ റാണ അയൂബ് നാഷണല്‍ ഹെറാള്‍ഡിനോട് പറയുന്നത്. മായ കോഡ്‌നാനി നേരത്തെ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതായി അവര്‍ പറഞ്ഞു.

Also Read: ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്ന് ഗുജറാത്തിലെ ആ ചെറിയ കോടതി മുറി പറഞ്ഞു തരും

താന്‍ നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയോടുള്ള എതിര്‍പ്പ് തന്നെ അവര്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് റാണ അയൂബ് പറയുന്നു. തന്നെ മാത്രം ബലിയാടാക്കി ആരും രക്ഷപ്പെടാമെന്ന് കരുതേണ്ടെന്ന വ്യക്തമായ സന്ദേശമാണ് ഇത് നല്‍കുന്നത്. കോഡ്‌നാനി കലാപം നടന്ന സ്ഥലത്തുണ്ടായിരുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് വിളിച്ചതായും തിരിച്ചും കോളുകള്‍ വന്നതായും അവരുടെ ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ആര്‍കെ രാഘവന്റെ എസ്‌ഐടി റിപ്പോര്‍ട്ടിലും ഇക്കാര്യം പറയുന്നുണ്ട്.

റാണ അയൂബിന്റെ ഗുജറാത്ത് ഫയല്‍സില്‍ കൊടുത്തിരിക്കുന്ന പഴയ സംഭാഷണം:

റാണ: അമിത് ഷായുടെ പേര് വന്നതിന് ശേഷം മോദിയുമായുള്ള ബന്ധത്തിന് എന്ത് സംഭവിച്ചു?

മായ: ഞാന്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജാമ്യം നേടി പുറത്തുവരുകയും ചെയ്ത ശേഷം എനിക്ക് അദ്ദേഹവുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് ഞങ്ങള്‍ രണ്ട് തവണ കണ്ടിരുന്നു.

റാണ: നിങ്ങളെ കണ്ടപ്പോള്‍ മോദിയുടെ പ്രതികരണം എങ്ങനെയായിരുന്നു?

മായ: ഒന്നും പറഞ്ഞില്ല, ഒരു പ്രതികരണവുമുണ്ടായില്ല. ഞാനും ഒന്നും പറഞ്ഞില്ല. അത് തന്നെയാണ് എന്റെ പ്രശ്‌നവും. ഞാനത് ശരിയാക്കും. ദൈവം എന്നെ സഹായിക്കും. മറ്റാരെങ്കിലും എന്നെ സഹായിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നതെന്തിന്?

റാണ: അമിത് ഷാ ശരിക്കും ആരാണ്?

മായ – അയാള്‍ മോദിയുടെ ആളാണ്. വളരെ അടുത്തയാളാണ്.

റാണ – ആനന്ദി ബെന്നും അദ്ദേഹത്തിന്റെ വളരെ അടുത്തയാളായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

മായ – ആനന്ദി ബെന്‍ മോദിയുടെ വലംകയ്യും ഷാ ഇടംകയ്യുമാണ്. അമിത് ഷായെ രക്ഷിക്കാനുള്ള എല്ലാ സാധ്യതകളും മോദി ഉപയോഗിക്കും. അദ്വാനി അദ്ദേഹത്തെ കാണാന്‍ വന്നു. സുഷമ സ്വരാജും അദ്ദേഹത്തിന്റെ വീട്ടില്‍ വന്നു.

റാണ – അന്വേഷണത്തില്‍ എന്ത് സംഭവിച്ചു? അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ എന്ത് തോന്നി?

മായ – എസ്‌ഐടി അന്വേഷണമുണ്ടായിരുന്നു. പക്ഷെ അയാള്‍ കുറ്റവിമുക്തനായി.

റാണ – പക്ഷെ താങ്കളെ അറസ്റ്റ് ചെയ്ത രീതി വച്ച് നോക്കുമ്പോള്‍ അമിത് ഷായും അങ്ങനെ അറസ്റ്റ് ചെയ്യപ്പെടേണ്ടതായിരുന്നില്ലേ

മായ – അതെ, അതെ….

ഈ സംഭാഷണം വച്ച് നോക്കിയാല്‍ മായ കോഡ്‌നാനിയുടെ ഉദ്ദേശം പഴയ കണക്ക് തീര്‍ക്കാന്‍ തന്നെയാണെന്ന് റാണ അയ്യൂബ് അഭിപ്രായപ്പെടുന്നു.

2002ല്‍ ഗുജറാത്ത് വര്‍ഗീയ കലാപത്തിന്റെ ഭാഗമായുണ്ടായ നരോദപാട്യ കൂട്ടക്കൊലയില്‍ മുസ്ലീം സമുദായത്തില്‍ പെട്ട 97 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2002 ഫെബ്രുവരി 28നാണ് ഗുജറാത്ത് കലാപത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല നടന്നത്. 2012ല്‍ വിചാരണ കോടതി 25 വര്‍ഷം തടവിന് കോഡ്‌നാനിയെ ശിക്ഷിച്ചെങ്കിലും 2014ല്‍ ആരോഗ്യസ്ഥിതി പരിഗണിച്ച് സുപ്രീംകോടതി അവര്‍ക്ക് ജാമ്യം നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍