TopTop

ആക്രമിക്കാൻ മിറാഷ്, പ്രതിരോധിക്കാൻ സുഖോയ്; പാകിസ്താന്റെ ആകാശത്ത് ഇന്ത്യ ഒരുക്കിയ സന്നാഹങ്ങള്‍ ഇങ്ങനെ

ആക്രമിക്കാൻ മിറാഷ്, പ്രതിരോധിക്കാൻ സുഖോയ്; പാകിസ്താന്റെ ആകാശത്ത് ഇന്ത്യ ഒരുക്കിയ സന്നാഹങ്ങള്‍ ഇങ്ങനെ
അതിർത്തി പ്രദേശങ്ങൾ ഒഴിവാക്കി മധ്യപ്രദേശിലെ ഗ്വാളിയറിൽ നിന്നും 12 മിറാഷ്– 2000 വിമാനങ്ങൾ ബലാക്കോട്ട് ലക്ഷ്യമാക്കി നീങ്ങിയപ്പോൾ പ്രതിരോധത്തിനും മുന്നറിയിപ്പിനും സഹായത്തിനുമായി ഇന്ത്യ ഒരുക്കിയത് വൻ സന്നാഹങ്ങൾ. പാക്കിസ്ഥാൻ തിരിച്ചടിച്ചാൽ നേരിടാൻ അതിർത്തിയിലെ എല്ലാ വ്യോമത്താവളങ്ങളിലും യുദ്ധവിമാനങ്ങളുടെയും മിസൈലുകളുടെയും റഡാറുകളുടെയും കാവലും ആകാശത്തെ വിന്യാസത്തിന് പുറത്ത് ഒരുക്കി നിൽത്തിയായിരുന്നു പാക്കിസ്താന് ഇന്ത്യ അപ്രതീക്ഷിത പ്രഹരം നൽകിയത്. മിറാഷ് വിമാനങ്ങൾക്ക് ആകാശത്ത് വച്ച തന്നെ ഇന്ധനം നിറയ്ക്കാൻ രണ്ട് റീഫ്യൂവലിങ് വിമാനവും കൂടെ ഉണ്ടായിരുന്നു. ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നായിരുന്നു ആ ടാങ്കർ വിമാനങ്ങള്‍ പറന്നുപൊങ്ങിയത്. തിരിച്ചടി ഉണ്ടായാൽ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനത്തിനും തിരിച്ചടിക്കും പഞ്ചാബിലെ ഭട്ടിൻഡയിൽ നിന്ന് പുറപ്പെട്ട സുഖോയ് വിമാനം പാക്കിസ്ഥാന്റെ ആകാശത്ത് പോരാളി വിമാനങ്ങൾക്കൊപ്പം നിലയുറപ്പിച്ചിരുന്നു.

1991 ലെ കാർഗിൽ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ വ്യോമസേന ഒരു ആക്രമണത്തിന് മുതിരുന്നത്. പാക്ക് അതിർത്തി കടന്ന് 1971 ന് ശേഷം വ്യോമ സേന നടത്തുന്ന ആദ്യ സൈനിക നടപടികൾ കൂടിയായിരുന്നു ഇന്നലെ നടത്തിയത്. ഇത്തരത്തിൽ അതീവ അപകടകമായ ഒരു ആക്രമണത്തിന് മുതിർന്നതിനാൽ തന്നെയാണ് സുരക്ഷാ മുന്‍ കരുതലുകൾക്കും സൈന്യം പ്രാധാന്യം നൽകിയതും. ബലാക്കോട്ടിലെ ആക്രമണത്തെ കുറിച്ച് ബിബിസി ഉർദുവിന് ദൃക്സാക്ഷി നൽകിയ വിവരം അനുവരിച്ച് 5-10 മിനിറ്റ് നീണ്ടുനിന്ന ഭൂകമ്പത്തിന് സമാനമായ സാഹചര്യമെന്നായിരുന്നു. അഞ്ച് സ്ഫോടന ശബ്ദങ്ങൾ കേട്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കാർഗിൽ യുദ്ധത്തിൽ ഇന്ത്യയുടെ വിശ്വസ്ത പോരാളിയായിരുന്ന മിറാഷ് വിമാനങ്ങൾ, അടുത്തിടെ റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി ചേർന്നാണ് ഇന്ത്യയില്‍ വികസിപ്പിച്ചത്. അടുത്തിടെ ഇത് അപ്ഗ്രേഡ് ചെയ്തത് ശേഷി വർധിപ്പിക്കുകയും ചെയ്തു. എന്നാൽ അത്യാധുനിക വിമാനങ്ങൾ ഉണ്ടെന്നിരിക്കെ മിറാഷ് 2000 വിമാനങ്ങൾ തിരഞ്ഞെടുത്തതിന് പിന്നിലും കാരണങ്ങൾ പലതാണ് എന്ന് ഇന്ത്യന്‍ എക്സ്പ്രസിലെ പ്രതിരോധ വിദഗ്ധന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ശത്രു റഡാറുകളെ കബളിപ്പിച്ച് താഴ്ന്നു പറക്കാനുള്ള കഴിവാണ് ഇതിൽ പ്രധാനം. പറന്നു പൊങ്ങുമ്പോൾ ആദ്യം വിമാനങ്ങൾ ഉയരത്തിലേക്കു പോയ ശേഷമേ താഴേയ്ക്ക് വരികയുള്ളൂ. ഇതാണ് മധ്യപ്രദേശിലെ ഗ്വാളിയാർ സ്റ്റാർട്ടിങ്ങ് പോയിന്റാക്കിയതെന്നും റിപ്പോർട്ട് പറയുന്നു. ഗ്വാളിയോറിൽ നിന്ന് ഉയരത്തിലേക്കു പൊങ്ങി അതിർത്തി അടുക്കാറായപ്പോൾ താഴ്ന്നു പറന്നാവും മിറാഷ് വിമാനങ്ങൾ പാക്ക് വ്യോമമേഖലയിലേക്ക് കയറിയത്. ഇന്ത്യൻ അതിർത്തിയിൽനിന്ന് 70–80 കിലോമീറ്റർ ഉള്ളിലുള്ള ബലാക്കോട്ടിൽ ആക്രമണം നടത്തുമ്പോള്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് തിരിച്ചാക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കാൻ മൂവായിരത്തിലധികം കിലോമീറ്റർ ദൂരപരിധിയും വൻ ആയുധങ്ങൾ പ്രയോഗിക്കാനുള്ള ശേഷിയുമുള്ള നാല് റഷ്യന്‍ നിര്‍മിത സുഖോയ് വിമാനങ്ങളും സന്നാഹത്തിലുണ്ടായിരുന്നു. ആക്രമണ സമയത്ത് രണ്ടു സുഖോയ് വിമാനങ്ങള്‍ മുന്നിലേക്ക് നീങ്ങുകയും അതുവഴി ഏതെങ്കിലും വിധത്തില്‍ പ്രതിരോധം ഉണ്ടാകുന്നുണ്ടോ എന്നു നിരീക്ഷിക്കുകയും ഇങ്ങനെ ഉണ്ടായാല്‍ തിരിച്ചാക്രമിക്കാന്‍ മിറാഷ് വിമാനങ്ങള്‍ക്ക് എസ്കോര്‍ട്ട് ആയുള്ള മറ്റു രണ്ട് സുഖോയ് വിമാനങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്യുക എന്നതായിരുന്നു രീതിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

14.36 മീറ്റര്‍ നീളമുള്ള മിറാഷിന്റെ ചിറകിന് 91.3 മീറ്റര്‍ നീളം. 7500 കിലോഗ്രമാണ് ഭാരമുള്ള വിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 2336 കിലോമീറ്ററാണ്. ഒരുതവണ ഇന്ധനം നിറച്ചാല്‍ 1550 കിലോമീറ്റര്‍ പറക്കാനും സാധിക്കും. മിറാഷ് 2000 ല്‍ ഉപയോഗിക്കുന്ന SNECMA M53 എന്ന ഒറ്റ ഷാഫ്റ്റ് എന്‍ജിന്‍ മറ്റു പോര്‍ വിമാനങ്ങളെക്കാള്‍ ഭാരം കുറഞ്ഞതും ലളിതവുമാണ്. പാകിസ്ഥാന്‍ യു.എസ് നിര്‍മ്മിത എഫ്-16 വാങ്ങിയതിനുള്ള മറുപടിയായാണ് ഇന്ത്യ മിറാഷ് 2000 ത്തെ സേനയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചത്. രാത്രിയിലും മികച്ച രീതിയിൽ കാഴ്ച ലഭിക്കുന്നതും, അത്യാധുനിക രീതിയിലുള്ള റഡാറും ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി ഭേദിക്കാവുമെന്നതും മിറാഷിന്റെ പ്രത്യേകതയാണ്.

Also Read: പാകിസ്ഥാനെ ഇന്ത്യ വിറപ്പിച്ചത് ഈ ഏഴ് ‘അത്ഭുതങ്ങള്‍’ ഉപയോഗിച്ച്

ഇസ്രായേലി നിർമിതമായ ഫാൽക്കൺ എയർ ബോൺ വാര്‍ണിങ് നിയന്ത്രണ സംവിധാമനമാണ് ആക്രമണത്തിന് സഹായിച്ച മറ്റൊരു സംവിധാനം, ഇതിനു പുറമേ, ഇതിന്റെ തദ്ദേശീയ രൂപമായ നേത്ര വ്യോമാക്രമണം നടന്ന പ്രദേശത്തിന് 100 കിലോമീറ്റർ ചുറ്റളവിൽ മറ്റ് വി മാനങ്ങൾ ഇല്ലെന്ന ഉറപ്പുവരുത്തുകയായിരുന്നു. ഭട്ടിന്‍ഡയില്‍ നിന്നുമായിരുന്നു നേത്ര എയര്‍ബോണ്‍ മുന്നറിയിപ്പ് ജെറ്റ് പുറപ്പെട്ടത്. ആകാശത്ത് നിന്ന് തന്നെ കമാന്‍ഡ് ചെയ്യാനും നിയന്ത്രിക്കാനും കഴിയും. വിമാനങ്ങള്‍ക്ക് ലക്ഷ്യത്തിലേക്കുള്ള ഗതി നിര്‍ണ്ണയിക്കാനും ഇത് സഹായിക്കും. SPICE-2000, ഇസ്രായേല്‍ നിര്‍മിത പോപ്പെയീ എന്ന 90 കിലോമീറ്റര്‍ ദൂരത്ത് നിന്ന് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തുന്ന മിസൈലുകളും മിറാഷില്‍ ഘടിപ്പിച്ചിരുന്നു.

12 വിമാനങ്ങളും ഒരുമിച്ച് കയറി ഒരു ദിശയിൽ ആക്രമണം നടത്താതെ പല ദിശയിൽ നിന്ന് ചെറിയ സംഘങ്ങളായി ആക്രമിച്ചതാണ് പാക്കിസ്താനെ കുഴക്കിയതെന്നാണ് വ്യോമസേനയുടെ അനുമാനം. ഒപ്പം, ആക്രമണത്തിന് നിയോഗിക്കപ്പെട്ട സംഘത്തെ കൂടാതെ തെറ്റിദ്ധരിപ്പിക്കാനുള്ള വിമാനങ്ങളും വിന്യസിച്ചിരുന്നു. ആക്രമണത്തിന്റെ വിശദാംശങ്ങള്‍ വ്യോമസേന ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാല്‍, ആക്രമണത്തിന്റെ സമയത്ത് ആളില്ലാത്ത ഹെറോണ്‍ നിരീക്ഷണ സംവിധാനവും ആകാശത്തുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവ ആക്രമണത്തിന് തെരഞ്ഞെടുക്കുന്ന സ്ഥലവും ആക്രമണവും സൂക്ഷ്മമായി രേഖപ്പെടുത്തുമെന്നും വൈകാതെ വ്യോമസേന ഇതു പുറത്തു വിടുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Also Read: ‘അതൊരു ഭൂകമ്പമായിരുന്നു’: ഇന്ത്യയുടെ ബലാകോട്ട് ആക്രമണത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍

Next Story

Related Stories