UPDATES

ട്രെന്‍ഡിങ്ങ്

രാഹുൽ ഗാന്ധിയെ കളിയാക്കാൻ പ്രധാനമന്ത്രി ‘പദാന്ധത’യുള്ള കുട്ടികളെ അവഹേളിച്ചു; മോദിക്കെതിരെ വ്യാപക പ്രതിഷേധം

കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കളിയാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന പഠന വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ അപമാനിക്കുന്ന തരത്തിലുള്ളതായി മാറി. കഴിഞ്ഞദിവസം വീഡിയോ കോൺഫറൻസിലൂടെ ഐഐടി ഖരഗ്പൂരിലെ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് പ്രധാനമന്ത്രിയുടെ സന്ദർഭോചിതമല്ലാത്ത കമന്റ് വന്നത്.

ഡെറാഡൂണിൽ നിന്നുള്ള ഒരു വിദ്യാർത്ഥി തന്റെ പ്രോജക്ടിനെപ്പറ്റി മോദിയോട് വിശദീകരിക്കുകയായിരുന്നു. പദാന്ധത, അഥവാ വായിക്കാനും എഴുതാനുമുള്ള പ്രയാസം (dyslexia) നേരിടുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന ഒരു ആശയത്തെക്കുറിച്ച് വിദ്യാർത്ഥി പറഞ്ഞു. ഇതിനോട് രാഷ്ട്രീയലക്ഷ്യം വെച്ചുള്ള ഒരു ചോദ്യമായിരുന്നു മോദിയുടെ പ്രതികരണമായി വന്നത്. 40-50 വയസ്സുള്ള ‘കുട്ടികള്‍ക്കും’ ഈ പ്രോജക്ട് കൊണ്ട് ഗുണമുണ്ടാകുമോയെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധിയെയാണ് ലക്ഷ്യം വെക്കുന്നതെന്ന് മനസ്സിലാക്കിയ സദസ്സ് പൊട്ടിച്ചിരിച്ചു.

വിദ്യാർത്ഥി വീണ്ടും തുടരവെ മോദി വീണ്ടും ഇടപെട്ടു. “അങ്ങനെയാണെങ്കിൽ അവരുടെ അമ്മമാർക്ക് വലിയ സന്തോഷമാകുമെ”ന്ന് മോദി കൂട്ടിച്ചേർത്തു.

നാഡീസംബന്ധമായ പ്രശ്നങ്ങളാൽ വരുന്ന അവസ്ഥയാണ് പദാന്ധത. ഇതൊരു പഠന വൈകല്യമായാണ് മുൻകാലങ്ങളിൽ‌ കണ്ടിരുന്നത്. എന്നാലിപ്പോൾ ഈയവസ്ഥയെ പഠനപരമായ വ്യത്യസ്തതയായാണ് ലോകം കാണുന്നത്.

കടുത്ത വിമർശനമാണ് മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് വിമർശിക്കപ്പെടുന്നു. ഡാവിഞ്ചി, ആൽബർട്ട് ഐൻസ്റ്റീൻ തുടങ്ങിയവർക്കെല്ലാം പദാന്ധത ഉണ്ടായിരുന്നെന്ന് ചിലർ ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍