ന്യൂസ് അപ്ഡേറ്റ്സ്

വൈകുന്നേരം ഞാൻ‌ മനസ്സ് തുറന്ന് സംസാരിക്കും: വിരമിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

‘ഇപ്പോൾ ഞാൻ ഹൃദയത്തിൽ നിന്നാണ് പ്രതികരിക്കുന്നത്; വൈകുന്നേരം മനസ്സിൽ നിന്ന് പ്രതികരിക്കും’

നാളെ വിരമിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അവസാന ഓഫീസ് ദിനമാണിന്ന്. വൈകീട്ട് ബാർ അസോസിയേഷൻ ഒരുക്കുന്ന ആദരിക്കൽ ചടങ്ങിൽ മിശ്ര സംസാരിക്കും. ‘ഇപ്പോൾ ഞാൻ ഹൃദയത്തിൽ നിന്നാണ് പ്രതികരിക്കുന്നത്; വൈകുന്നേരം മനസ്സിൽ നിന്ന് പ്രതികരിക്കും’: മിശ്ര ബാർ അസോസിയേഷന്റെ ക്ഷണത്തിനുള്ള മറുപടിയിൽ പറഞ്ഞു.

2017 ഓഗസ്റ്റ് 28നാണ് ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസ്സായി ചുമതലയേൽക്കുന്നത്. ഈ ചുരുങ്ങിയ കാലയളവിൽ വൻ വിവാദങ്ങളാണ് ഇദ്ദേഹം ഉണ്ടാക്കിയത്. ജസ്റ്റിസ് ലോയയുടെ ദുരൂഹമരണക്കേസിൽ ഇദ്ദേഹമെടുത്ത നിലപാടുകൾ വിവാദത്തിന് ആസ്പദമനായിരുന്നു. സുപ്രീംകോടതിയിൽ ചിലതെല്ലാം ചീഞ്ഞു നാറുന്നതായി ആരോപിച്ച് കൊളീജിയം ജഡ്ജിമാരിൽ നാലുപേർ കോടതി നടപടികൾ നിറുത്തി വെച്ച് പുറത്തുവന്ന് വാർത്താ സമ്മേളനം നടത്തുകയുണ്ടായി. കോടതിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു ഇത്തരമൊരു സംഭവം. പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയെപ്പോലും പ്രതിസന്ധിയിലാക്കാൻ മിശ്രയുടെ വിധിന്യായങ്ങൾ കാരണമായെന്ന് ആരോപണമുയർന്നു.

ആധാർ കാർഡും സ്വകാര്യതയും സംബന്ധിച്ച വിധിന്യായവും ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ വിധിന്യായങ്ങളുമാണ് ദീപക് മിശ്ര എന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ്സിനെ ഇനിയും ചർച്ചകളിൽ സജീവമാക്കി നിറുത്തുകയെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

മിശ്രയ്ക്കെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയവും അവതരിപ്പിക്കപ്പെട്ടുവെന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയ്ക്കേറ്റ കളങ്കമായി മാറി. ഈ വിവാദങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ ചീഫ് ജസ്റ്റിസ്സിന്റെ പ്രഭാഷണം ആകാംക്ഷയോടെയാണ് ഉറ്റുനോക്കപ്പെടുന്നത്. നാളെ അവധിയായതിനാൽ വിരമിക്കൽ ഇന്നു തന്നെ നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍