TopTop
Begin typing your search above and press return to search.

കശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങളെന്ന യുഎൻ റിപ്പോർട്ട്: കടുത്ത പ്രതിഷേധവുമായി ഇന്ത്യ

കശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങളെന്ന യുഎൻ റിപ്പോർട്ട്: കടുത്ത പ്രതിഷേധവുമായി ഇന്ത്യ
ജമ്മു കശ്മീരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്ന ഐക്യരാഷ്ട്ര സംഘടനയുടെ 'ഓഫീസ് ഓഫ് ദി യുനൈറ്റഡ് നേഷൻസ് ഹൈക്കമീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സി'ന്റെ റിപ്പോർട്ടിനോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇന്ത്യ. തെറ്റായതും സ്വാധീനിക്കപ്പെട്ടതുമായ പ്രസ്താവനയാണ് യുഎൻ നടത്തിയതെന്ന് ഇന്ത്യ പറഞ്ഞു. നേരത്തെ ഐക്യരാഷ്ട്രസഭ തുടങ്ങിവെച്ച തെറ്റായ വാദങ്ങളുടെ തുടർച്ചയാണിതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.

2018ലാണ് യുഎന്നിന്റെ ആദ്യത്തെ കശ്മീർ റിപ്പോർട്ട് വരുന്നത്. 2016 ജൂൺ മുതൽ 2018 ഏപ്രിൽ വരെയുള്ള സംഭവവികാസങ്ങളെക്കുറിച്ചായിരുന്നു യുഎൻ റിപ്പോർട്ട്. ഇതിൽ‍ പരാമർശിക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ അനുവദിക്കണമെന്ന യുഎൻ സംഘത്തിന്റെ ആവശ്യം ഇന്ത്യയും പാകിസ്താനും നിരസിച്ചിരുന്നു. 2016 ജൂലൈ 8ന് ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്നു കശ്മീരിലുണ്ടായ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഇന്ത്യൻ സൈന്യം കടുത്ത നടപടികളിലേക്ക് നീങ്ങിയെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു. കശ്മീരിൽ പ്രവർത്തിക്കുന്ന 'സായുധ സംഘങ്ങളെ' പാകിസ്താൻ സഹായിക്കുന്നുവെന്നും റിപ്പോർട്ട് പറഞ്ഞു. ഇത് പാകിസ്താനിൽ നിന്നുള്ള ഭീകരവാദ കയറ്റുമതിയെ നേർപ്പിച്ച് കാണാൻ ശ്രമിക്കുന്നതാണെന്ന് ഇന്ത്യയുടെ ഭാഗത്തു നിന്നും അന്നേ വിമർശനമുണ്ടായി.

ഇപ്പോൾ വന്നിട്ടുള്ളത് ഈ റിപ്പോർട്ടിന്റെ തുടർച്ചയാണ്. പുൽവാമ ആക്രമണത്തിനു ശേഷവും യുഎന്നിന്റെ നിലപാടിൽ കാര്യമായ മാറ്റമില്ലെന്നാണ് ഇന്ത്യ കരുതുന്നത്. പാകിസ്താനോ ഇന്ത്യയോ പ്രശ്നപരിഹാരത്തിനായി മൂർത്തമായ നടപടികളൊന്നും എടുക്കുന്നില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. കശ്മീരിലെ ജനങ്ങൾക്ക് നീതി കിട്ടാൻ കഴിഞ്ഞതും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതുമായ മനുഷ്യാവകാശ ലംഘനങ്ങളെ ഗൗരവമായി കാണണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.

2018ൽ യുഎൻ പുറത്തുവിട്ട റിപ്പോർട്ടിനോടും ‘തെറ്റിദ്ധാരണാജനകവും പക്ഷപാതപരവും ബാഹ്യപ്രേരണയാൽ നിർമിതവു’മെന്നാണ് ഇന്ത്യ പ്രതികരിച്ചത്. 2018 ജൂൺ 14നായിരുന്നു യുഎൻ റിപ്പോർട്ട് സംബന്ധിച്ച വാർത്തകൾ വന്നത്. ഒരു വർഷം പിന്നിട്ട ഘട്ടത്തിലാണ് പുതിയ റിപ്പോർട്ടിന്റെ വരവ്.

Next Story

Related Stories