TopTop

ഇന്ത്യയിൽ ആണുങ്ങൾ അടിവസ്ത്രം വാങ്ങുന്നത് കുറഞ്ഞു; സാമ്പത്തികരംഗം ഇടിഞ്ഞതിന്റെ സൂചനയെന്ന് ശാസ്ത്രജ്ഞർ

ഇന്ത്യയിൽ ആണുങ്ങൾ അടിവസ്ത്രം വാങ്ങുന്നത് കുറഞ്ഞു; സാമ്പത്തികരംഗം ഇടിഞ്ഞതിന്റെ സൂചനയെന്ന് ശാസ്ത്രജ്ഞർ
ഇന്ത്യയിൽ അടിവസ്ത്രങ്ങളുടെ വിൽപ്പനയിൽ കുത്തനെ കുറവ് വന്നതായി കണക്കുകൾ. രാജ്യത്തെ ജനങ്ങൾ തങ്ങളുടെ കുടുംബ ബജറ്റ് രണ്ടു തലയും മുട്ടിക്കാനാകാതെ വലയുന്നതിന്റെ സൂചനയാണ് അടിവസ്ത്രം വാങ്ങാതിരിക്കുന്നതിനു പിന്നിലെന്നാണ് വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനായ അലൻ ഗ്രീൻസ്പാനിന്റെ സിദ്ധാന്തം. ആണുങ്ങളുടെ അടിവസ്ത്രങ്ങളുടെ വിൽപ്പന ഇടിയുകയും പെണ്ണുങ്ങളുടെയും കുട്ടികളുടെയും അടിവസ്ത്രങ്ങളുടെ വില്‍പ്പനയിൽ അത്രകണ്ട് ഇടിവ് പ്രകടമാകാതിരിക്കുകയും ചെയ്യുന്നത് സാമ്പത്തിക ക്രയവിക്രയം നടത്തുന്ന പുരുഷന്മാർ 'വിവേചനപരമായി' പണം ചെലവഴിക്കുന്നതിന്റെ ലക്ഷണമാണെന്ന് ഈ സാമ്പത്തികശാസ്ത്ര സമീപനം പറയുന്നു. ഇക്കണോമിക് ടൈംസാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തെ പ്രമുഖ അടിവസ്ത്ര നിർമാതാക്കളുടെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ തൊട്ടു മുമ്പത്തെ പാദത്തിൽ വിൽപ്പന കഴിഞ്ഞ പത്തുകൊല്ലത്തിനിടയിലെ ഏറ്റവും മോശം നിലയിലാണെന്ന് കണക്കുകൾ കാണിക്കുന്നു. ഇന്ത്യയിൽ ജോക്കി അടിവസ്ത്രങ്ങൾ വിൽക്കുന്ന പേജ് ഇൻഡസ്ട്രീസിന്റെ വളർച്ച ഈ കാലയളവിൽ താഴോട്ടാണ്. ഏപ്രിൽ-ജൂൺ പാദത്തിൽ രണ്ട് ശതമാനമാണ് പേജിന്റെ വളർച്ച ഇടിഞ്ഞത്. 2008നു ശേഷം ഇതാദ്യമായാണ് ഇത്രയും മോശം വളർച്ചാനിരക്ക് ജോക്കി കാണിക്കുന്നത്. മറ്റൊരു അടിവസ്ത്ര വ്യാപാരിയായ ഡോളാർ ഇൻഡസ്ട്രീസിന്റെ വിൽപ്പനയിൽ 4% കുറവാണ് വന്നിരിക്കുന്നത്. വിഐപി ക്ലോത്തിങ്സിന്റെ അടിവസ്ത്ര വിൽപ്പനയിൽ വന്ന ഇടിവ് 20 ശതമാനമാണ്. ലക്സ് ഇൻഡസ്ട്രീസിന്റെ കാര്യത്തിൽ വളർച്ചയോ തളർച്ചയോ ഉണ്ടായില്ല.

ഇപ്പോൾ സംഭവിക്കുന്ന ഇടിവിന്റെ കാരണം സാമ്പത്തിക വ്യവസ്ഥയുടെ തളർച്ചയാണെന്ന് ദോലത്ത് കാപിറ്റൽ ക്യാപിറ്റൽ മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതായി ലിവ്‌മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

കാരണങ്ങളെന്തെല്ലാം?

തന്നിഷ്ടപ്രകാരം ചെലവ് ചെയ്യാൻ കഴിയുന്ന വരുമാനം (disposable income) കുറയുന്നതാണ് ജനങ്ങളുടെ വാങ്ങൽ ശേഷിയെ ബാധിച്ചിരിക്കുന്നത്. 2010നും 2014നും ഇടയിൽ ഇന്ത്യയിലെ ജനങ്ങളുടെ ആളോഹരി ഡിസ്പോസിബിൾ വരുമാനത്തിന്റെ വളർച്ച 13.3 ശതമാനമായിരുന്നു. ഇത് 2015 മുതൽ 2018 വരെയുള്ള കാലയളവിൽ 9.5 ശതമാനമായി കുത്തനെ ഇടിഞ്ഞു. വിപണി ഗവേഷകരായ നീൽസൺ പറയുന്നതു പ്രകാരം 2019ൽ ഈ വളർച്ച കൺസ്യൂമർ ഗുഡ്സിന്റെ കാര്യത്തിൽ 9 മുതൽ 10 ശതമാനം വരെയാണ്. ഗ്രാമീണ മേഖലകളെയാണ് ഈ മാന്ദ്യം കടുത്ത രീതിയിൽ ബാധിച്ചിരിക്കുന്നത്.

ബാങ്കിങ് മേഖല നിഷ്ക്രിയ ആസ്തികൾ കുന്നുകൂടി അനങ്ങാനാകാതെ നിൽക്കുന്ന അവസ്ഥയുണ്ട്. വായ്പാ തിരിച്ചടവുകൾ വ്യാപകമായി മുടങ്ങിയിരിക്കുകയാണ്. ഇക്കാരണത്താൽ ഗ്രാമീണ മേഖലകളിൽ വായ്പകൾ ലഭ്യമല്ലെന്നു തന്നെ പറയാവുന്ന സ്ഥിതിയാണുള്ളത്. ഈ സ്ഥിതി ഗ്രാമീണ സമ്പദ് വ്യവസ്ഥയെ അങ്ങേയറ്റം തകിടം മറിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്തെ തൊഴിലില്ലായ്മ ഭീകരമാംവിധം വർധിച്ചതും കാരണമാണ്. കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും കൊടിയ തൊഴിലില്ലായ്മയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.

എന്താണ് 'ആൺ അധോവസ്ത്ര സൂചിക'?

അടിവസ്ത്രത്തിന്റെ വിൽപ്പനയുടെ തോത് നോക്കിയാൽ രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യവും വളര്‍ച്ചയും തളർച്ചയുമെല്ലാം തിരിച്ചറിയാൻ കഴിയും എന്നതാണ് 'ആൺ അധോവസ്ത്ര സൂചിക'യുടെ ലളിതമായ വിശദീകരണം. അടിവസ്ത്രം വാങ്ങുന്നത് അടിസ്ഥാന ആവശ്യങ്ങളിലൊന്നായി കണക്കാക്കണം. എന്നാൽ മാന്ദ്യകാലത്ത് ആണുങ്ങൾ അടിവസ്ത്രം വാങ്ങുന്നതിന്റെ ഇടവേളകൾ വർധിപ്പിക്കും. ആണുങ്ങളെ ആശ്രയിച്ചു കഴിയുന്ന പെണ്ണുങ്ങളും കുട്ടികളും പക്ഷെ വാങ്ങലിൽ കാര്യമായ കുറവ് വരുത്തേണ്ടി വരുന്നില്ല. യുഎസ്സിലെ മുൻ ഫെഡറൽ ചെയർമാന്‍ അലന്ഡ ഗ്രീൻസ്പാനാണ് ഈ തത്വം വികസിപ്പിച്ചെടുത്തത്.

സമാനമായ സാമ്പത്തിക ശാസ്ത്ര സൂചികകൾ ഇനിയും ഏറെയുണ്ട്. ബാർബർ ഷാപ്പിൽ മുടി വെട്ടാൻ ചെല്ലുന്നതിന്റെ ഇടവേളകൾ കുറയുന്നത് സാമ്പത്തിക മാന്ദ്യ കാലത്താണെന്നതാണ് ഇവയിലൊരു സിദ്ധാന്തം പറയുന്നത്.

Next Story

Related Stories