UPDATES

സിബിഐ: അലോക് വര്‍മക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം വേണമെന്ന് സുപ്രീംകോടതി; നാഗേശ്വര റാവു നയപരമായ തീരുമാനങ്ങളെടുക്കരുത്

സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും തന്നെ നീക്കം ചെയ്തത് നിയമവിരുദ്ധമായ രീതിയിലാണെന്ന് ചൂണ്ടിക്കാട്ടി അലോക് വർമ രണ്ടുദിവസം മുമ്പാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സിബിഐ മുൻ ഡയറക്ടർ അലോക് വര്‍മയ്ക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കി രണ്ടാഴ്ച്ചയ്ക്കകം സിവിസി (സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍) റിപ്പോർട്ട് നൽകണമെന്ന് സുപ്രീംകോടതി. നിലവിലെ സിബിഐ താൽക്കാലിക ഡയറക്ടർ എം നാഗേശ്വര റാവുവിന് നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്നും കോടതി ഉത്തരവിട്ടു. നിയന്ത്രിത അധികാരങ്ങളോടെ നാഗേശ്വരറാവു തുടരട്ടേയെന്നും കൂടുതൽ വാദങ്ങളിലേക്ക് കടന്ന് ഇപ്പോൾ സമയം പാഴാക്കാനില്ലെന്നും ഉത്തരവിൽ പറയുന്നു. ദൈനംദിന ഭരണകാര്യങ്ങളിൽ മാത്രമേ നാഗേശ്വരറാവുവിന് ഇടപെടാനാകൂ എന്ന് കോടതി വിധിച്ചു. അലോക് വർമയ്ക്കെതിരായ അന്വേഷണം രണ്ടാഴ്ച്ചയ്ക്കകം പൂർത്തിയാക്കണം. നാഗേശ്വർ റാവു എടുത്ത തീരുമാനങ്ങളുടെ പട്ടിക സീൽ ചെയ്ത കവറിൽ കേന്ദ്ര സർക്കാർ നൽകണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആവശ്യപ്പെട്ടു. റിട്ടയേഡ് ജഡ്ജായ എകെ പട്നായിക്കിന്റെ നിരീക്ഷണത്തിലായിരിക്കും ചീഫ് വിജിലൻസ് കമ്മീഷന്റെ അന്വേഷണം നടക്കുക. അതെസമയം രാകേഷ് അസ്താനയുടെ പരാതി കേൾക്കാൻ സുപ്രീംകോടതി കൂട്ടാക്കിയില്ല. ഹരജി നേരത്തെ സമർപ്പിക്കണമായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി.

സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും തന്നെ നീക്കം ചെയ്തത് നിയമവിരുദ്ധമായ രീതിയിലാണെന്ന് ചൂണ്ടിക്കാട്ടി അലോക് വർമ രണ്ടുദിവസം മുമ്പാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഫാലി എസ് നരിമാനാണ് അലോക് വർമയ്ക്കു വേണ്ടി കോടതിയിൽ ഹാജരായത്. സർക്കാരിന് അതൃപ്തിയുണ്ടാക്കുന്ന കേസ്സുകളിൽ അന്വേഷണം നടത്തുന്നതാണ് തന്നെ പുറത്താക്കിയതിന് കാരണമെന്ന ഗോരവമേറിയ ആരോപണമാണ് ഹരജിയിൽ അലോക് വർമ ഉന്നയിക്കുന്നത്. ചൊവ്വാഴ്ച രാത്രിയിൽ നടന്ന നാടകീയമായ നീക്കത്തിലൂടെയാണ് അലോകിനെ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയത്. അലോക് വർമയുമായി കലഹത്തിലേർപ്പെട്ട രാകേഷ് അസ്താനയെയും നീക്കിയിരുന്നു. ഇരുവരോടും നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഡയറക്ടറുടെ താൽക്കാലിക ചുമതല എം നാഗേശ്വർ റാവു ഐപിഎസ്സിനെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.

സിബിഐ സ്പെഷ്യൽ ഡയറക്ടറായ രാകേഷ് അസ്താനയ്ക്കെതിരെ ഉയർന്ന അഴിമതിയാരോപണമാണ് ഏറ്റവും പുതിയ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഹൈദരാബാദുകാരനായ ഒരു വ്യവസായി താൻ 5 കോടി രൂപ ഒരു ദുബൈ ഇടനിലക്കാരൻ വഴി അസ്താനയ്ക്ക് നൽകിയതായി വെളിപ്പെടുത്തി രംഗത്തു വന്നു. ഇദ്ദേഹം നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രാഥമികവിവര റിപ്പോര്‍ട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ 23ന്റെ സിവിസി, പേഴ്‌സണല്‍ വകുപ്പ് തീരുമാനം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നിവയ്ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ വര്‍മ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷനേതാവും (നിലവില്‍ ഇല്ല) ചീഫ് ജസ്റ്റിസോ അദ്ദേഹം നോമിനേറ്റ് ചെയ്യുന്ന മറ്റേതെങ്കിലും ജഡ്ജിയോ അടങ്ങുന്ന കമ്മിറ്റിക്ക് മാത്രമാണ് സിബിഐ ഡയറക്ടറെ മാറ്റാനുള്ള അധികാരമെന്ന് വര്‍മ പറയുന്നു. ഡിഒപിടിയില്‍ (Department of Personnel and Training) നിന്ന് സിബിഐയെ സ്വതന്ത്രമാക്കണമെന്ന് അലോക് വര്‍മ ആവശ്യപ്പെടുന്നു.

അലോക് വർ‌മയെ മാറ്റിയത് റാഫേൽ കരാറുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള അന്വേഷണങ്ങൾക്ക് അദ്ദേഹം തയ്യാറായതാണെന്ന് ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സ് ഇന്ന് രാജ്യവ്യാപകമായി എല്ലാ സിബിഐ ഓഫീസുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായ രാകേഷ് അസ്താനയെ സഹായിക്കാൻ വേണ്ടിയാണ് ഇപ്പോൾ സിബിഐയിൽ നടക്കുന്ന നാടകങ്ങളെന്ന് ആരോപിച്ച് മുതിർന്ന അഭിഭാഷകനും പൊതുപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ രംഗത്തെത്തിയിരുന്നു. അഴിമതി കേസുകളില്‍ പ്രതിയായ രാകേഷ് അസ്താനയെ രക്ഷിക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിക്കുന്നു. താനും അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും ചേര്‍ന്ന് ഫയല്‍ ചെയ്ത റാഫേല്‍ കരാര്‍ പരാതി വര്‍മ്മയുടെ പരിഗണനയിലാണെന്നും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു.

അലോക് വർമയുടെ വീട്ടുപരിസരത്ത് കേന്ദ്രത്തിന്റെ ചാരന്മാർ? ഇത് ‘വിന്റേജ് ഗുജറാത്ത് മോഡൽ’ എന്ന് മുൻ സിബിഐ ഡയറക്ടർ

സിബിഐയെ ബന്ദിയാക്കേണ്ടത് ആരുടെ ആവശ്യം?

റാഫേല്‍ മുതല്‍ മെഡിക്കല്‍ കോഴ വരെ: മോദി സര്‍ക്കാര്‍ നീക്കിയ സിബിഐ ഡയറക്ടറുടെ മേശപ്പുറത്തുണ്ടായിരുന്നത് ഏഴ് കേസുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍